Categories: Article

ഡോ. അംബേദ്കര്‍ യോജിച്ചിടങ്ങള്‍

മതപരിവര്‍ത്തനത്തെക്കുറിച്ച് അംബേദ്കര്‍ വ്യക്തമായ നിലപാടു പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ദേശീയബോധവും പ്രകടമാക്കുന്നതാണ്. സെമിറ്റിക് മതങ്ങളോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. ഇസ്ലാം മതത്തിലേക്ക് പിന്നാക്ക വിഭാഗം (അദ്ദേഹം അന്നുപയോഗിച്ചത് ഡിപ്രസ്ഡ് ക്ലാസ് എന്നാണ്) മതംമാറിയാല്‍ അത് അവരെ ദേശീയബോധമില്ലാത്തവരാക്കും. അങ്ങനെ പോയാല്‍ മുസ്ലിം ജനസംഖ്യ കൂടാന്‍ ഇടവരുത്തും. അത് അപകടകരമായി മുസ്ലിം മേല്‍ക്കോയ്മയ്ക്കിടയാക്കും. ക്രിസ്ത്യന്‍ മതത്തിലേക്ക് പോയാല്‍ ആ വിഭാഗത്തിന്റെ എണ്ണം പലമടങ്ങ് കൂടും. അത് ബ്രിട്ടീഷുകാരെ സഹായിക്കുകയേ ഉള്ളൂ'' എന്നാണ് അംബേദ്കര്‍ പറഞ്ഞത്.

ഡോ. ഭീംറാവ് അംബേദ്കറുടെ 131-ാം ജന്മദിനം കടന്നുപോയി. രാജ്യമെമ്പാടും ആഘോഷിച്ചു, അദ്ദേഹത്തെ അനുസ്മരിച്ച് അംംേബദ്കറേയും പ്രധാനമന്ത്രി മോദിയേയും താരതമ്യപ്പെടുത്തി സംഗീതജ്ഞന്‍ ഇളയരാജ നടത്തിയ പരാമര്‍ശം വിവാദമായി. ഒന്നേകാല്‍ നൂറ്റാണ്ടിനപ്പുറം ജനിച്ച്, ജീവിച്ച് 65 വയസില്‍ അന്തരിച്ച (1956) ഒരാളിനെ മരണാനന്തരം 66 വര്‍ഷം കഴിയുമ്പോഴും ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നത് ആ വ്യക്തിയുടെ ജീവിതത്തിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് പ്രകടമാക്കുന്നത്. ഡോ. അംബേദ്കറെ ആദരിക്കാത്ത രാഷ്‌ട്രീയ സംഘടനയില്ല, പ്രസ്ഥാനങ്ങളില്ല.

ഗാന്ധിജി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന വ്യക്തിയെന്ന് അംബേദ്ക്കറെക്കുറിച്ച് ഇന്ത്യയില്‍ പതിറ്റാണ്ടു മുമ്പ്‌നടന്ന സര്‍വേയില്‍ പങ്കെടുത്ത രണ്ടുകോടിപ്പേരില്‍ മഹാഭൂരിപക്ഷം അഭിപ്രായപ്പെട്ടു. 131 വര്‍ഷം മുമ്പ്, പതിനഞ്ച് വര്‍ഷത്തോളം അയിത്തം, ജാതിവെറി, വിവേചനം തുടങ്ങിയ സാമൂഹികാനാചാരത്തിന്റെ പീഡകളെല്ലാം അതിതീവ്രമായനുഭവിച്ച് സമൂഹത്തില്‍ അകറ്റിനിര്‍ത്തപ്പെട്ടവനായിരുന്ന കുട്ടി, ഇന്ന് സര്‍വരാലും ആദരിക്കപ്പെടുന്ന മാറ്റം സാമൂഹ്യവിപ്ലവമാണ്. ക്ഷണംപ്രതി വളരുകയും സ്വയം തിരുത്തുകയും വകസിക്കുകയും ചെയ്യുന്ന ഒരു രാഷ്‌ട്രമനസ്സിന്റെ പ്രത്യേകതയാണ്.

ഭാരതരത്‌നം ഡോ. ഭീംറാവ് അംബേദ്കര്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. വ്യാപരിക്കാത്ത മേഖലയില്ല. നിയമം, ചരിത്രം, നരവംശശാസ്ത്രം, വേദാന്തം, ഭാഷ, മതം, സാമൂഹ്യക്രമം, ആധ്യാത്മികം, ഭരണനിര്‍വഹണം, പ്രക്ഷോഭം, പത്രപ്രവര്‍ത്തനം, അധ്യാപനം, സമ്പദ്ശാസ്ത്രം തുടങ്ങി എവിടെയും അംബേദ്കറുടെ മുദ്രയുണ്ട്. പക്ഷേ, പിന്നാക്ക വിഭാഗത്തിന്റെ രക്ഷകനായി, സവര്‍ണാധിപത്യത്തിനെതിരെ പടനയിച്ച്, മനുസ്മൃതി കത്തിച്ച്, ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച ഡോ. അംബേദ്കറെയാണ്, അദ്ദേഹത്തിന്റെ അനുയായികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ആഘോഷിക്കുന്നത്, പ്രചരിപ്പിക്കുന്നത്. അതിന് പിന്നില്‍ രാഷ്‌ട്രീയമാണ്; അല്ല, അധികാര രാഷ്‌ട്രീയമാണ്. എന്നാല്‍, ഒരു ബഹുമുഖ പ്രതിഭയുടെ പല മേഖലകളിലേയും സാമൂഹ്യ പ്രവര്‍ത്തനം തമസ്‌കരിക്കപ്പെടുകയോ തിരിച്ചറിയാന്‍ അവസരം ഇല്ലാതാക്കുകയോ ചെയ്യുന്നുണ്ട് ഈ പ്രവൃത്തി. അതായത്, ഡോ. അംബേദ്കറെ സമഗ്രമായല്ല, അവരവര്‍ക്കാവശ്യമുള്ളതുപോലെ അവതരിപ്പിക്കപ്പെടുകയാണിന്ന്. അതുകൊണ്ടുതന്നെ അത്തരത്തില്‍, ഒരു കാണാപക്ഷം അവതരിപ്പിക്കുകയാണ് ഇവിടെ ലക്ഷ്യം.

തുടക്കത്തില്‍ പറഞ്ഞതുപോലെ, അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു. 1927 ലായിരുന്നു അത്. അതായത് നൂറ്റാണ്ടോളം മുമ്പ്. പക്ഷേ, ഇപ്പോഴും ഇല്ലാത്ത മനുസ്മൃതിയുടെ ഉണ്ടാക്കിയ കോപ്പികള്‍ ‘പ്രതീകാത്മകമായി’ കത്തിക്കുകയാണ് അനുയായികളില്‍ ചിലര്‍. ഇന്ത്യ ജനാധിപത്യ രാജ്യമായതും, അതിന് ഭരണഘടന തയ്യാറാക്കിയത് അംബേദ്കറാണെന്നതും ആ ഭരണഘടനയാണ് ഇന്നത്തെ നിയമ-നീതിവ്യവസ്ഥയുടെ ആധാരമെന്നും അറിയാഞ്ഞതല്ല. ശരിയാണ്, ഇനിയും പൂര്‍ണമായും സാമൂഹ്യ അനാചാരങ്ങള്‍ രാജ്യത്ത് ഇല്ലാതായിട്ടില്ല. പക്ഷേ!

നിയമംകൊണ്ടും, നീതിനിര്‍വഹണാധികാരം കൊണ്ടും, പദവികൊണ്ടും രാഷ്‌ട്രീയംകൊണ്ടും, പ്രക്ഷോഭം കൊണ്ടും മാത്രം മാറ്റങ്ങള്‍ എളുപ്പമല്ലെന്ന തിരിച്ചറിവ് നേടിയിരുന്നു അംബേദ്കര്‍. ഒടുവിലാണ് ലക്ഷക്കണക്കിന് അനുയായികളെയും കൂട്ടി ബുദ്ധമതത്തില്‍ ചേര്‍ന്ന് പ്രതിഷേധിച്ചത്. അദ്ദേഹം എന്തുകൊണ്ട് അക്കാലത്തും സക്രിയമായിരുന്ന രണ്ട് സെമറ്റിക് മതങ്ങളായ ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയില്ല? ഇക്കാര്യം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അംബേദ്കര്‍ ഹിന്ദുമതവിരുദ്ധനായിരുന്നില്ല. ഹിന്ദുധര്‍മത്തെക്കുറിച്ച്, വേദങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്നു. നവയാനബുദ്ധിസമായി അദ്ദേഹം വ്യാഖ്യാനിച്ചത് പ്രായോഗിക വേദാന്തത്തെ ആയിരുന്നു. ഋഗ്വേദത്തെക്കുറിച്ച് ആധികാരികമായി പഠിച്ചിരുന്നു. മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. ഹിന്ദുമതത്തിലെ അനാചാര, അന്ധവിശ്വാസങ്ങളുടെ പേരില്‍ നടത്തിയിരുന്ന സാമൂഹ്യചര്യകളെയാണ് അദ്ദേഹം എതിര്‍ത്തത്. ഒരര്‍ത്ഥത്തില്‍ ബ്രിട്ടീഷ് ഭരണാധിപത്യത്തിനെതിരെ പ്രവര്‍ത്തിച്ച അന്നത്തെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരെയായിരുന്നു രാഷ്‌ട്രീയ പ്രതിഷേധം. നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ അണികളും ഇടനിലക്കാരും നടത്തിയിരുന്ന ജാതിവേര്‍കൃത്യങ്ങള്‍ക്കെതിരെ അംബേദ്കര്‍ എവിടെയൊക്കെ, ആരോടെല്ലാം ചിന്തയിലും പ്രവൃത്തിയിലും യോജിച്ചിരുന്നുവെന്ന പഠനവും ചര്‍ച്ചയും നടത്താത്തതാണ് അതിശയം. ചിലരുടെ ആസൂത്രിത പദ്ധതി അതിനു പിന്നിലുണ്ടായിരിക്കണം.

മതപരിവര്‍ത്തനത്തെക്കുറിച്ച് അംബേദ്കര്‍ വ്യക്തമായ നിലപാടു പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ദേശീയബോധവും പ്രകടമാക്കുന്നതാണ്. സെമിറ്റിക് മതങ്ങളോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. ഇസ്ലാം മതത്തിലേക്ക് പിന്നാക്ക വിഭാഗം (അദ്ദേഹം അന്നുപയോഗിച്ചത് ഡിപ്രസ്ഡ് ക്ലാസ് എന്നാണ്) മതംമാറിയാല്‍ അത് അവരെ ദേശീയബോധമില്ലാത്തവരാക്കും. അങ്ങനെ പോയാല്‍ മുസ്ലിം ജനസംഖ്യ കൂടാന്‍ ഇട വരും. അത് അപകടകരമായി മുസ്ലിം മേല്‍ക്കോയ്മയ്‌ക്കിടയാക്കും. ക്രിസ്ത്യന്‍ മതത്തിലേക്ക് പോയാല്‍ ആ വിഭാഗത്തിന്റെ എണ്ണം പലമടങ്ങ് കൂടും. അത് ബ്രിട്ടീഷുകാരെ സഹായിക്കുകയേ ഉള്ളൂ” എന്നാണ് അംബേദ്കര്‍ പറഞ്ഞത്. അതായത് ‘ആഭ്യന്തര ഭീഷണി’യാണ് ഈ രണ്ട് സെമിറ്റിക് മതവിഭാഗങ്ങളുടെയും അംഗബല വര്‍ധനയെന്നായിരുന്നു അംബേദ്കറുടേയും വിചാരധാര. പക്ഷേ മറ്റു പല വിചാരധാരകളേയും വിമര്‍ശിക്കുന്നവര്‍ ഇതിനെക്കുറിച്ച് പറയാറേ ഇല്ല.

ഗാന്ധിജിയുമായി അംബേദ്കര്‍ അഭിപ്രായങ്ങളില്‍ ഭിന്നത പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെല്ലാം കൃത്യമായ യുക്തിയുമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും യോജിച്ച മേഖല ഏറെയുണ്ടായിരുന്നു. മഹാത്മജിയുടെ അഹിംസാവാദത്തെ അനുകൂലിച്ചതിനാലാണ്, കമ്യൂണിസത്തെ, അതിന്റെ ഹിംസാത്മകസ്വഭാവവും നയവും തത്വവുംകൊണ്ട് അംബേദ്കര്‍ എതിര്‍ത്തത്. രാഷ്‌ട്രം ഒരുപിടി മണ്ണോ, ഭൂ അതിര്‍ത്തിക്കുള്ളിലെ ഇടമോ മാത്രമല്ല, സാംസ്‌കാരികതയാണ് അതിന്റെ ഐക്യമെന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സാംസ്‌കാരികമായ തദ്ദേശീയതയെക്കുറിച്ച് കൊളംബോ സര്‍വ്വകലാശാലായിലെ പ്രസംഗത്തില്‍ അംബേദ്കര്‍ ചിന്ത പങ്കുവെക്കുന്നുണ്ട്. ഹരിജന്‍ എന്ന്, ദൈവമക്കള്‍ എന്ന്, ഗാന്ധിജി പിന്നാക്കവിഭാഗത്തെ വിശേഷിപ്പിച്ചപ്പോള്‍ അതിനെ അംബേദ്കര്‍ എതിര്‍ത്തില്ല. ആര്യന്മാര്‍ ഭാരതത്തില്‍ മറ്റെവിടെനിന്ന് കടന്നുകയറിയവരാണെന്ന് അംബേദ്കര്‍ അംഗീകരിച്ചിരുന്നില്ല. അസ്പൃശ്യതയോ അകറ്റിനിര്‍ത്തലോ വേദങ്ങളില്‍ ഇല്ലായിരുന്നുവെന്ന്, പില്‍ക്കാലത്തെ പൗരോഹിത്യ മേല്‍ക്കോയ്മയില്‍ രൂപപ്പെട്ടതാണെന്ന് സ്ഥാപിച്ചിരുന്നു. ഭാഷാപരമായ ഏകസ്വഭാവം വേണമെന്ന പക്ഷക്കാരനായിരുന്നു, ഇംഗ്ലീഷ് വിദ്യാഭ്യാസം പരമാവധി നേടിയ അംബേദ്കറുടെ വാദം. അത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ഹിന്ദി അല്ലെങ്കില്‍ ഏറ്റവും മികച്ചതും സാധ്യതയുള്ളതുമായ സംസ്‌കൃതമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, ഗാന്ധിജിയുമായി ചേര്‍ന്നു പോയ, ഇപ്പോള്‍ രാജ്യത്ത് ബലവത്തായ ഈ വാദങ്ങളില്‍ അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാക്കുന്നില്ല.

ഭരണഘടനാ ശില്‍പികളില്‍ പ്രമുഖനായിരുന്ന അംബേദ്കര്‍ ഫെഡറലിസത്തിന് ശക്തിയുക്തം വാദിച്ചിരുന്നു, സ്ഥാപിച്ചിരുന്നു, സ്വീകരിച്ചിരുന്നു. എന്നാല്‍ ഇന്നും ചിലര്‍ ഉയര്‍ത്തുന്ന വ്യാജ ഫെഡറലിസത്തെ ആറു പതിറ്റാണ്ടു മുമ്പേ അംബേദ്കര്‍ നിരാകരിച്ചു. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഫെഡറലിസത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് പഴുതടച്ചാണ് നമ്മുടെ ഫെഡറലിസം. അത് സംസ്ഥാനങ്ങള്‍ക്ക് രാഷ്‌ട്രത്തില്‍നിന്ന് പിരിഞ്ഞുപോകാനുള്ള അധികാരമല്ല, ഒന്നിച്ചുനില്‍ക്കാനുള്ള അവകാശമാണ് നല്‍കുന്നതെന്ന് അദ്ദേഹം അന്നേ സ്ഥാപിച്ചതാണ്. പക്ഷേ, അതേ ഭരണഘടനയുടെ പേരുപറഞ്ഞാണ് ഇന്നത്തെ ചില കുബുദ്ധികളുടെ വാദം എന്നു മാത്രം. മതേതരത്വം മതനിരാസമല്ല, സര്‍വമതത്തിനോടും ഭേദമില്ലാത്ത തരത്തിലുള്ള ഭരണകൂടത്തിന്റെ പരിഗണനയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജാതി-മതങ്ങളുടെ ആചാര-വിശ്വാസ വേലിക്കപ്പുറത്ത് ജീവിതരീതിയാണ് മതമെന്നും അതാണ് ഇന്ത്യയുടെ ആത്മാവെന്നും ദര്‍ശിച്ചു.

അംബേദ്കര്‍ അനുയായികളുമായി, അത് അഞ്ചുലക്ഷം പേരെവരെയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്, ബുദ്ധമതം സ്വീകരിച്ചത് ഹിന്ദുമതത്തിലെ അനാചാര വിശ്വാസങ്ങള്‍ക്ക് താക്കീതു നല്‍കാനായിരുന്നു. അത് ഫലിച്ചു. ഹിന്ദുമതം ആചാരവിശ്വാസ കാര്യങ്ങളില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായി. ആ മാറ്റത്തിന് നേതൃത്വം കൊടുക്കുന്ന സംഘടനകള്‍, സമിതികള്‍, സംവിധാനങ്ങള്‍ അത് തുടരുന്നു. അതല്ല, ബുദ്ധമത സ്വീകരണം ഹിന്ദുമതത്തെ  ചെറുക്കാനായിരുന്നെങ്കില്‍ ഇന്ന് അന്നത്തെ അഞ്ചുലക്ഷം എത്ര കോടിയായേനെ!

അങ്ങനെ സമവായത്തിലൂടെ ഡോ. അംബേദ്കറുടെ കാഴ്ചപ്പാടും നിലപാടും വിലയിരുത്തേണ്ടതിന് പകരം അദ്ദേഹം എതിരാളിയും പോരാളിയും ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ സംഘര്‍ഷവാദിയായിരുന്നുവെന്ന് വ്യാഖ്യാനിക്കുന്നത് ആധാരമില്ലാതെയാണ്. അദ്ദേഹത്തിന്റെ പേരിനെ രാഷ്‌ട്രീയമായി വിനിയോഗിക്കാന്‍ ശ്രമിച്ചവരാണേറെ. രാംവിലാസ് പാസ്വാനും മായാവതിയും തുടങ്ങിയ നേതാക്കള്‍, രാംദാസ് അത്‌വാലെ തുടങ്ങിയവര്‍. അവര്‍ അവസരങ്ങള്‍ പാഴാക്കി. ഏതെങ്കിലും തരത്തില്‍ വിജയിച്ചത് ബിജെപിയുടെ സഹായത്തിലും സഹകരണത്തിലും കൂടെ മാത്രം. യുപിയുടെ മുഖ്യമന്ത്രിയായ മായാവതി അംബേദ്കറുടെ പേരില്‍ പാര്‍ട്ടി ചിഹ്‌നമായ ആനപ്രതിമകളുണ്ടാക്കി വിപ്ലവം അവസാനിപ്പിച്ചു!

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: Ambedkar