പിതൃതര്‍പ്പണത്തിന് പ്രസിദ്ധമാണ് ഉത്തര കേരളത്തിലെ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം. പുണ്യസ്‌നാനത്താല്‍ മോക്ഷപ്രാപ്തി നല്‍കുന്ന പാപനാശിനിയും പഞ്ചതീര്‍ത്ഥവുമുള്‍പ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തെ സ്മരിച്ചാല്‍ പോലും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. വയനാടന്‍ വനാന്തരത്തിലുള്ള ഈ പൗരാണിക ക്ഷേത്രം വിഷു ആഘോഷങ്ങളുടെ പേരിലും വിഖ്യാതമാണ്. ഒരാഴ്ച നീളുന്ന ഉത്സവത്തിന് അന്യദേശങ്ങളില്‍ നിന്ന് പോലും ആയിരങ്ങളെത്തും. കണിദര്‍ശിച്ച ശേഷമാണ് ഭക്തര്‍ വീടുകളിലേക്ക് മടങ്ങുക.
വനവാസി വിഭാഗത്തിലെ കുറുമര്‍ പുലിവേഷം കെട്ടി നടത്തുന്ന കോല്‍ക്കളിയാണ് തിരുനെല്ലിയിലെ വിഷു ആഘോഷങ്ങളില്‍ മര്‍മപ്രധാനം. ആചാരാനുഷ്ഠാനങ്ങളോടെയും വ്രതശുദ്ധിയോടെയുമാണ് കോല്‍ക്കളി നടത്തുക. കോല്‍ക്കളി സംഘം വീടുകള്‍ തോറും കയറിയിറങ്ങി വിഷുസന്ദേശം നല്‍കുന്നതും വയനാട്ടിലെ വേറിട്ട കാഴ്ചകളിലൊന്നുമാത്രം. ക്ഷേത്രസന്നിധിയിലെ കോല്‍ക്കളി കഴിഞ്ഞ,് കണികണ്ടാണ് ഇവര്‍ ഊരുകളിലേക്ക് മടങ്ങുന്നത്.
തിരുനെല്ലിയിലെ പിതൃതര്‍പ്പണത്തിന് രാമായണവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിലെ പാപനാശിനിയും പഞ്ചതീര്‍ത്ഥവും ഏറെ പ്രസിദ്ധമാണ്. ബലി തര്‍പ്പണം നടത്തുന്ന പാപനാശിനിയില്‍ സ്‌നാനം ചെയ്താല്‍ മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. പാപനാശിനിയിലേക്കുള്ള വഴിയില്‍ ക്ഷേത്ര സമുച്ചയത്തിനടുത്തുതന്നെയാണ് പഞ്ചതീര്‍ത്ഥം. പിതാവിന്റെ വിയോഗമറിഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ പിതൃപൂജ നടത്തി പഞ്ചതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തുവത്രെ. ബ്രഹ്മഗിരി മകുടത്തില്‍ നിന്ന് അന്തര്‍വാഹിനിയായി ഇവിടെ തീര്‍ത്ഥജലമെത്തുന്നുവെന്നാണ് സങ്കല്‍പ്പം. പഞ്ചതീര്‍ത്ഥത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറയില്‍ ശംഖ് ചക്രഗദാപത്മവും നടുവില്‍ ശ്രീരാമപാദങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
പാപനാശിനിക്കരയിലായി ഗുണ്ഡികാ ശിവക്ഷേത്രം കാണാം. അഗസ്ത്യമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഗുഹാക്ഷേത്രമാണിത്. ഗുഹയുടെ മുന്നിലായി പളുങ്കുനീര്‍ പ്രദാനം ചെയ്യുന്ന ഗുണ്ഡികാതീര്‍ത്ഥവുമുണ്ട്. ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ വിഷ്ണു ഭഗവാനോടൊപ്പം ബ്രഹ്മസാന്നിധ്യവും ഭക്തര്‍ ദര്‍ശിച്ചുപോരുന്നു. ഗുണ്ഡികാസാന്നിധ്യം കൂടിയാവുമ്പോള്‍ ത്രിമൂര്‍ത്തികളുടെ സംഗമഭൂമിയായി തിരുനെല്ലി മാറുന്നു.തിരുനെല്ലി ക്ഷേത്രത്തിലേക്ക് അഭിഷേകത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി തീര്‍ത്ഥജലമെത്തിക്കുന്നത് ബ്രഹ്മഗിരി മകുടത്തില്‍ നിന്നെത്തുന്ന കരിങ്കല്‍ പാത്തി വഴിയാണ്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ഒരു കാലത്ത് പ്രസിദ്ധമായൊരു സാംസ്‌കാരികകേന്ദ്രമായിരുന്നുവെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മാനന്തവാടിയില്‍ നിന്ന് 31 കിലോമീറ്റര്‍ കാട്ടിക്കുളം തെറ്റ് റോഡ് വഴി സഞ്ചരിച്ചാല്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: