Categories: Kottayam

സച്ചിദാനന്ദന്റെ വീടിന് പാരമ്പര്യത്തിന്റെ മുഖമാണ് ഓലമേഞ്ഞ വേലി

Published by

വൈക്കം: ഉദയനാപുരം ഇരുമ്പുഴിക്കരയില്‍ നല്ലിപ്പള്ളി മഠത്തിലെ സച്ചിദാനന്ദന്റെ വീട്ടിലേക്ക് വഴി അന്വേഷിച്ചു വരുന്നവര്‍ക്ക് നാട്ടുകാര്‍ നല്‍കുന്ന ഒരു അടയാളം ഉണ്ട്. ഓല കൊണ്ട് വേലി കെട്ടിയ വീട്. ഓല കൊണ്ട് വേലി കെട്ടിയ പുരയിടം ഇവിടെ മറ്റെങ്ങുമില്ല അതുകൊണ്ട് അന്വേഷണര്‍ക്ക് വഴി തെറ്റില്ല.

സച്ചിദാനന്ദന്റെ  വീടിന് പാരമ്പര്യത്തിന്റെ മുഖമാണ് ഓലമേഞ്ഞ വേലി.  പുരയിടങ്ങള്‍ക്ക് മറയേകാന്‍ ഓല മേഞ്ഞ് വേലി കെട്ടുന്ന സമ്പ്രദായം അന്യമാകുമ്പോള്‍ പഴമയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുകയാണ് സച്ചിദാനന്ദന്‍. പുരയിടത്തിനു ചുറ്റും സിമന്റ് മതില്‍ കെട്ടി സംരക്ഷിക്കാനുള്ള സാമ്പത്തികശേഷിയുള്ള ആളാണ് സച്ചിദാനന്ദന്‍. പക്ഷേ ഓര്‍മ്മവച്ച കാലം മുതല്‍ പൂര്‍വികര്‍ മാതൃകയാക്കിയ ഓലമേഞ്ഞ വേലി കുടുംബ പാരമ്പര്യത്തിന്റെ മൂല്യമായി മനസ്സില്‍ മായാതെ നില്‍ക്കുന്നു.

ഓലമേഞ്ഞ വേലിയുടെ ഭംഗിയും ആകര്‍ഷണീയതയും അതിന്റെ ചൈതന്യവും ഒന്നു വേറെയാണ്. അതുകൊണ്ട് എത്ര വലിയ ചെലവു ഉണ്ടായാലും വീടിന് മറയായി ഓലമേഞ്ഞ വേലിതന്നെ  ഇനിയും തുടരാനാണ് സച്ചിദാനന്ദന്റെ തീരുമാനം.  

മെടഞ്ഞ ഓലകളും അടയ്‌ക്കാമരവാരിയും കയറും ശേഖരിച്ച് വേലി കെട്ടുന്നത് ഭാരിച്ച ചെലവാണ്. ഓല ശേഖരിക്കുന്നത് ഏറെ കഷ്ടപ്പാടാണ്. ഓല മെടച്ചിലിന്റെ കാലവും അന്യമായതോടെ ഇത് കിട്ടാനും ബുദ്ധിമുട്ടായി. ഇത്തരം ക്ലേശകരമായ സാഹചര്യത്തിലും പുരയിടത്തിന് മോടികൂട്ടാന്‍ ഓലമേഞ്ഞ വേലി തന്നെ വേണമെന്ന നിര്‍ബദ്ധത്തിലാണ് സച്ചിദാനന്ദന്‍.

ഓല മേഞ്ഞ വേലി നിര്‍മിക്കാന്‍ പരിചയസമ്പന്നരായ പണിക്കരെയും ആവശ്യമാണ്. മറവന്‍തുരുത്ത് പഞ്ഞിപാലത്ത് രവീന്ദ്രന്റെ സഹായത്തോടെയാണ് ഓല ശേഖരിക്കുന്നത്. ഓരോ വര്‍ഷവും വേലികെട്ടാന്‍ വലിയൊരുതുക കരുതുകയും വേണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by