Categories: Main Article

മഹാസംഘാടകന്‍

ഇന്ന് വര്‍ഷപ്രതിപദ.... വിക്രമസംവത്സരത്തിന്റെ തുടക്കം. യുഗാദി... യുഗപ്രഭാവനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ജന്മദിനം.... പ്രത്യേകതകള്‍ അനവധിയാണ്. സന്ദേശം സ്വാഭിമാനത്തിന്റേതും. തനിമയിലൂന്നിയ രാഷ്ട്രത്തെ വളര്‍ത്താന്‍, സമാജം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ജീവിതം സമര്‍പ്പിച്ച മഹാസംഘാടകന്റെ ആദര്‍ശവും ദര്‍ശനവും ലോകത്താകെയുള്ള സംഘടനകള്‍ക്കും ഇന്ന് പാഠപുസ്തകമാണ്. കൂരിരുട്ടിലും നിറയെ വെളിച്ചം പകര്‍ന്ന കാഴ്ചപ്പാടുകളുടെ പാഠപുസ്തകം.

ലോകത്തുള്ള രാജ്യങ്ങളില്‍ വിവിധ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്‌ക്കെല്ലാം അവയുടേതായ ലക്ഷ്യങ്ങളുമുണ്ട്. ഈ ലക്ഷ്യങ്ങള്‍ ഓരോ രാജ്യത്തേയും ജനജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടവയാണ്. അവ ഓരോ രാജ്യത്തേയും ജനങ്ങളുടെ ആവശ്യങ്ങളേയും ആശങ്കകളേയും ആകാംക്ഷകളേയും പ്രതിനിധീകരിക്കുന്നു. ഓരോ രാജ്യത്തിന്റെയും തനിമയെയും ദേശീയതയെയും ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനങ്ങളും അവയ്‌ക്ക് എതിരായ പ്രസ്ഥാനങ്ങളും ഉണ്ടാകാം. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ദേശീയസംഘടനകളെന്നും അവയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നവയെ ദേശവിരുദ്ധം എന്നും കണക്കാക്കുന്നു.

ഭാരതത്തില്‍ ഈ രണ്ടു തരം സംഘടനകളുമുണ്ട്. എന്നാല്‍ അതിനെല്ലാം അപ്പുറം രാഷ്‌ട്രത്തിന്റെ തനിമ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. അതിനാല്‍ ഈ ആശയക്കുഴപ്പം ആദ്യമേ പരിഹരിക്കേണ്ടതുണ്ടായിരുന്നു. വൈദേശികശക്തികളുടെ കടന്നുകയറ്റം മൂലം രാഷ്‌ട്രത്തിന്റെ തനിമ സംബന്ധിച്ചും അനേകം തെറ്റിദ്ധാരണകളുണ്ടായി. ഈ തെറ്റായ ധാരണകള്‍ മാറ്റേണ്ടത് വളരെ പ്രധാനമായിരുന്നു. രാഷ്‌ട്രത്തിന്റെ സുരക്ഷ, സമൃദ്ധി, വളര്‍ച്ച ഇവയെല്ലാം അതിന്റെ തനിമയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതിന്റെ തനിമയെ തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ ജനജീവിതം സംഘടിപ്പിക്കുക എന്നതാണ് അടിസ്ഥാനപരമായി ദേശീയപ്രവര്‍ത്തനം. ഇങ്ങനെ ഭാരതത്തിന്റെ തനിമയുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രജീവിതത്തെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രസ്ഥാനമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം. സംഘത്തിന്റെ സ്ഥാപകനാണ് ഡോക്ടര്‍ജി എന്ന് അറിയപ്പെടുന്ന ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗെവാര്‍. 1889 ഏപ്രില്‍ ഒന്നിനാണ് (വര്‍ഷപ്രതിപദ ദിനത്തില്‍) അദ്ദേഹം ജനിച്ചത്.

ആത്മാവറിഞ്ഞ് മുന്നേറ്റം

ഭാരതത്തില്‍ അനേകം മഹാന്മാര്‍ ജനിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ്, അതിന്റെ അടിസ്ഥാനത്തില്‍ രാഷ്‌ട്രത്തെ സംഘടിപ്പിച്ചവര്‍ ചുരുക്കം. ഭാരത രാഷ്‌ട്രത്തിന്റെ ആത്മാവ് ധര്‍മമാണ്. ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ സംഘടിപ്പിക്കാന്‍ വ്യാസന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ മഹത്തുക്കള്‍ ശ്രമിച്ചു. ഇതിന്റെ ഫലമായി ധര്‍മം ജീവിതകേന്ദ്രമായി കണക്കാക്കുന്ന ഒരു ജനസമൂഹം വളര്‍ന്നുവന്നു. പിന്നീട് ശങ്കരാചാര്യരെ പോലുള്ളവര്‍ മഠങ്ങള്‍ സ്ഥാപിച്ചു. അതിന്റെ അഖണ്ഡത വെളിവാക്കി. ഭാരതം കേവലം രാജ്യം എന്നതുമാറി ഭാരതമാതാവ് എന്ന നിലയിലെത്തി. ഇങ്ങനെ ഭാരതമാതാവ് എന്ന സങ്കല്പം സ്വീകരിച്ച ജനതയെ ഹിന്ദുക്കള്‍ എന്നു വിളിക്കാന്‍ ആരംഭിച്ചു.  

കാലം മുന്നോട്ടുപോവുകയും വൈദേശിക മതങ്ങളുടെ കടന്നുകയറ്റം മൂലം ഭാരതരാഷ്‌ട്രത്തിന്റെ തനിമ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ഭാരതത്തിന്റെ തനിമ ഹിന്ദു ആണെന്ന വസ്തുത വിസ്മൃതമായി. ബഹുസംസ്‌കാരവാദം, മിശ്രസംസ്‌കാരവാദം എന്നീ വാദങ്ങള്‍ ഉയര്‍ന്നുവന്നു. രാഷ്‌ട്രജീവിതം ദുര്‍ബലമായി. ബഹുസംസ്‌കാരവാദികള്‍ ഭാരതത്തെ പല രാജ്യങ്ങളുടെ കൂട്ടായ്മയായി കണക്കാക്കി. മിശ്രസംസ്‌കാരവാദികള്‍, സംസ്കാരങ്ങള്‍ ഉരുത്തിരിഞ്ഞു രൂപം കൊള്ളുന്ന രാഷ്‌ട്രമായി കണക്കാക്കി. ബഹുസംസ്‌കാരവാദികള്‍ ഭാരതത്തെ പല കഷ്ണങ്ങളായി വിഭജിക്കുന്നതിനെ അനുകൂലിച്ചു. മിശ്രസംസ്‌കാരവാദികള്‍ വിവിധ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയൊരു രാഷ്‌ട്രനിര്‍മാണം നടത്തുന്നതിന് മുതിര്‍ന്നു. ഭാരതം എന്നത് സങ്കര സംസ്‌കാരം ആണെന്നവര്‍ കരുതി. അവര്‍ തങ്ങള്‍ രൂപം കൊടുക്കുന്ന രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിനു പ്രീണനം വഴിയായി സ്വീകരിച്ചു.

ഒരു നാട് ഒരു സംസ്‌കാരം

ഈ രണ്ടുവാദവും തെറ്റാണെന്നു കരുതുന്നവരായിരുന്നു ഏക സംസ്‌കാരവാദികള്‍. മതത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ കൂടിച്ചേരലില്‍ നിന്നല്ല, മറിച്ചു പാരമ്പര്യത്തില്‍ നിന്നുമാണ് സംസ്‌കാരം ഉണ്ടാകുന്നതെന്നവര്‍ കരുതി. ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളാണ്. മതം മാറിയാല്‍ പാരമ്പര്യം മാറില്ല. അതുകൊണ്ട് സംസ്‌കാരം നിലനില്ക്കും. അതിനാല്‍ ഭാരതത്തില്‍ ഏക സംസ്‌കാരമാണുള്ളത്. ഭാരതത്തിലുള്ള എല്ലാവരും ഹിന്ദുക്കളാണ്. നമ്മുടെ ദേശീയ ദൗത്യം ഹിന്ദുക്കളെ സംഘടിപ്പിക്കലാണ്. നമ്മുടെ നാട് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ‘ഭാരതം ഹിന്ദുരാഷ്‌ട്രമാണ്’ എന്ന സത്യത്തെ അംഗീകരിക്കുകയാവും. അതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ജീവിതം രൂപപ്പെടുത്തലുമാണ്.

രാഷ്‌ട്രത്തിനായി ജീവിതം

ചിന്തകള്‍ക്കൊടുവില്‍ ഡോക്ടര്‍ജി കണ്ടെത്തിയ സത്യമിതാണ്. ഭാരതം ഹിന്ദു രാഷ്‌ട്രമാണ് എന്ന സത്യം മനസിലാക്കിയ ഡോക്ടര്‍ജി നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹിന്ദുസംസ്‌കാരത്തെ രക്ഷിക്കണം എന്നും ഉറച്ചു. ഇതിനു ഹിന്ദുസംസ്‌കാരം ഉള്‍ക്കൊണ്ടു ജീവിക്കുന്ന ജനത ആവശ്യമുണ്ട്. അതുകൊണ്ട് ഹിന്ദുജനതയെ സംരക്ഷിക്കലാണ് ഏറ്റവും പ്രധാനം. ഹിന്ദുസംസ്‌കാരത്തെ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മറ്റ് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹിന്ദുജനതയെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത് ഡോക്ടര്‍ജിയാണ്. സംസ്‌കാരം നിലനില്ക്കാന്‍ അതില്‍ ജീവിക്കുന്ന ജനത വേണം. അതിനാല്‍ ആസേതുഹിമാചലം-ഭാരതം ഹിന്ദുരാഷ്‌ട്രമാണെന്നും ഭാരതത്തിന്റെ സമ്പൂര്‍ണരക്ഷയും വികസനവും തന്റെ ജീവിതദൗത്യമായി സ്വീകരിച്ച വ്യക്തികളെ നിര്‍മിച്ചെടുക്കാന്‍ അദ്ദേഹം ശാഖ എന്ന പദ്ധതി ആവിഷ്‌കരിച്ചു. രാഷ്‌ട്രജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ശാഖയും അതില്‍ക്കൂടി വളര്‍ന്നുവരുന്ന വ്യക്തികളുമാണെന്ന് ഡോക്ടര്‍ജി വ്യക്തമാക്കി. സംഘപ്രവര്‍ത്തനമെന്നാല്‍ വ്യക്തിനിര്‍മാണമാണെന്ന് അദ്ദേഹം പറഞ്ഞു. ശാഖയിലൂടെ വളര്‍ന്നുവരുന്ന സ്വയംസേവകര്‍ രാഷ്‌ട്രം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക മാത്രമല്ല ഭാരതത്തിന്റെ സമ്പൂര്‍ണവികാസം കൈവരിക്കുകയും ചെയ്യും  

ഇങ്ങനെ രാഷ്‌ട്രത്തിന്റെ തനിമ ഉള്‍ക്കൊണ്ടു രാഷ്‌ട്ര താത്പര്യം മാത്രം ജീവിത വ്രതമായി സ്വീകരിച്ച വ്യക്തിത്വങ്ങള്‍ രാഷ്‌ട്രത്തിന്റെ സുരക്ഷയും വളര്‍ച്ചയും ഉറപ്പ് വരുത്തും. ഇന്ന് സംഘം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. കടല്‍ മുതല്‍ വനം വരെയും മുതലാളി മുതല്‍ തൊഴിലാളിവരേയും വിദ്യാസമ്പന്നന്‍ മുതല്‍ വിദ്യാവിഹീനന്‍ വരേയും എന്നുവേണ്ട സംഘപ്രവര്‍ത്തനം ഇല്ലാത്ത ഒരൊറ്റ മേഖലയും ഇന്നില്ല.

ജീവിതത്തിന്റെ എല്ലാ മേഖലയിലും ദേശീയ കാഴ്ചപ്പാടും ദേശീയതാല്‍പ്പര്യവും മാത്രം മുന്നില്‍വച്ചു പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സൃഷ്ടിക്കാന്‍ സംഘത്തിനു കഴിഞ്ഞതിനാലാണ് ഇത് സാധിച്ചത്. ഇത്തരത്തിലുള്ള ദേശീയവ്യക്തികളെ നിര്‍മിച്ചതാണ് ഡോക്ടര്‍ജിയുടെ മഹത്വവും. ഭാരതത്തിന്റെ ഉയര്‍ച്ച, ദേശീയത സംബന്ധിച്ച വ്യക്തമായ വീക്ഷണവും അതിന്റെ അടിസ്ഥാനത്തില്‍ ദേശീയജീവിതത്തിന്റെ എല്ലാ മേഖലകളെയും സംഘടിപ്പിക്കുകയും രാഷ്‌ട്രതാത്പര്യം മുന്നില്‍വച്ചു ജീവിക്കുന്ന ദേശീയ വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നീ കാര്യങ്ങളും ഡോക്ടര്‍ജി നേടി. ഈ മൂന്നു കാര്യങ്ങള്‍ നേടിയ മഹാപുരുഷന്മാര്‍ അപൂര്‍വമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക