തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഇപ്പോൾ നടത്തുന്നത് അനാവശ്യ സമരമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്താലും ഇല്ലെങ്കിലും സർക്കാർ നിശ്ചയിച്ച സമയത്ത് ബസ് ചാര്‍ജ് കൂട്ടും. എന്നാല്‍ സമരം ചെയ്‌തിട്ടാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്ന് വരുത്തി തീര്‍ക്കാനാണ് സ്വകാര്യ ബസുടമകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സർക്കാർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്‌തിട്ടുണ്ട്. പരീക്ഷ നടക്കുമ്പോൾ വിദ്യാർത്ഥികളെ വെട്ടിലാക്കി കൊണ്ടുള്ള സമരം പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിൽ യൂണിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള എല്ലാ ബസുകളും സർവീസ് നടത്താൻ സിഎംഡി നിർദേശം നൽകി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും.
കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഗതാഗത മന്ത്രി പറയുന്നുണ്ടെങ്കിലും, പല ജില്ലകളിലും അധിക സര്‍വീസുകള്‍ നടത്തുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവനക്കാരും ബസുകളും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്താത്ത ജില്ലകളില്‍ യാത്രക്കാര്‍ വലയുകയാണ്.
ഇന്നലെ അര്‍ദ്ധരാത്രിയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇന്ധനവില കുത്തനെ ഉയരുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: