Categories: Kerala

കലാസമിതികള്‍ക്ക് വിനയായി വിചിത്ര വ്യവസ്ഥകള്‍; കലാമണ്ഡലം പത്മനാഭന്‍ നായര്‍ ജീവിച്ചിരുന്നോയെന്ന് അന്വേഷിക്കാന്‍ അക്കാദമി സെക്രട്ടറിയുടെ നിര്‍ദ്ദേശം

കഥകളി ആചാര്യനും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെ അപേക്ഷ പരിശോധിക്കാന്‍ അക്കാദമി സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഒരു നിര്‍വാഹകസമിതി അംഗത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്ന ഒരു വ്യക്തി ഉണ്ടായിരുന്നോ എന്നും അദ്ദേഹത്തിന്റെ പേരില്‍ ഒരു ട്രസ്റ്റ് ഉണ്ടോ എന്നുമാണ് അന്വേഷിക്കുന്നത്. 2009ല്‍ രജിസ്റ്റര്‍ ചെയ്ത കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന് നേരത്തെ തന്നെ കേരള സംഗീത നാടക അക്കാദമി അംഗീകാരമുള്ളപ്പോഴാണ് ഈ പ്രഹസനം

കോഴിക്കോട്: കലാസമിതികള്‍ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി നല്‍കുന്ന ഗ്രാന്റുകള്‍ ലഭിക്കാന്‍ കേരളത്തില്‍  വീണ്ടും വിചിത്ര വ്യവസ്ഥകള്‍. ഗ്രാന്റിന് അപേക്ഷിക്കുന്ന സ്ഥാപനം അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ക്കൂടി ഒരു നിര്‍വാഹക സമിതി അംഗം ശിപാര്‍ശ ചെയ്താല്‍ മാത്രമെ സെക്രട്ടറി ഒപ്പിടേണ്ടതുള്ളൂ എന്നാണ് കേരള സംഗീത നാടക അക്കാദമിയുടെ പുതിയ വ്യവസ്ഥ. കേന്ദ്ര ഗ്രാന്റിനുള്ള കലാസംഘടനകളുടെ അപേക്ഷ എല്ലാ വര്‍ഷവും എന്നതിനു പകരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ശിപാര്‍ശ ചെയ്യുകയുള്ളൂയെന്ന തീരുമാനം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മാര്‍ച്ച് 10ന് ചേര്‍ന്ന യോഗത്തില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, അക്കാദമി ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ കലാപ്രവര്‍ത്തകര്‍ക്കും സമിതികള്‍ക്കും തലവേദനയാവുകയാണ്.  

കഥകളി ആചാര്യനും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെ അപേക്ഷ പരിശോധിക്കാന്‍ അക്കാദമി സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഒരു നിര്‍വാഹകസമിതി അംഗത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്ന ഒരു വ്യക്തി ഉണ്ടായിരുന്നോ എന്നും അദ്ദേഹത്തിന്റെ പേരില്‍ ഒരു ട്രസ്റ്റ് ഉണ്ടോ എന്നുമാണ് അന്വേഷിക്കുന്നത്. 2009ല്‍ രജിസ്റ്റര്‍ ചെയ്ത കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന് നേരത്തെ തന്നെ കേരള സംഗീത നാടക അക്കാദമി അംഗീകാരമുള്ളപ്പോഴാണ് ഈ പ്രഹസനം.  

അതേസമയം ഈ പരിശോധന അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളുടെ ജോലിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിശോധനയ്‌ക്ക് യാത്രാച്ചെലവ്, അലവന്‍സുകള്‍ അടക്കം അഴിമതിക്കുള്ള പല വഴികളാണ് ഇതിലൂടെ തുറക്കുന്നത്. ഈ മാര്‍ച്ച് 31 വരെയേ ഒപ്പിടൂ എന്നതാണ് മറ്റൊരു നിബന്ധന. ഒട്ടുമിക്ക കലാസമിതികളും തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷയാണ് സാധാരണ നല്‍കുന്നത്.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എല്ലാവര്‍ഷവും നല്‍കുന്ന ഗ്രാന്റിന് കേരളത്തില്‍ നിന്നുള്ള കലാസമിതികള്‍ ഇനിമുതല്‍ അപേക്ഷ അയക്കേണ്ടതില്ല എന്നതാണ് കേരള സംഗീതനാടക അക്കാദമി അധികൃതരുടെ ലക്ഷ്യം. സാങ്കേതികമായി അപേക്ഷിക്കാനുള്ള അവസരം ഉണ്ടെങ്കിലും, പരിശോധനയും കഴിഞ്ഞ് ശിപാര്‍ശ സമര്‍പ്പിച്ച് സെക്രട്ടറി ഒപ്പിടുമ്പോഴേക്കും മാസങ്ങള്‍ കഴിയും. നാഥനില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ അക്കാദമിയില്‍. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കാണ് ഇപ്പോള്‍ അക്കാദമി സെക്രട്ടറിയുടെ താത്കാലിക ചുമതല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക