പോത്തൻകോട് : പോത്തൻകോടിന്റെ പലയിടത്തായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതിനായി നിർമാണം പൂർത്തിയാക്കിയ പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ ഇപ്പോൾ പൊതു ചന്തയ്‌ക്കു മുന്നിലെ നോക്കുകുത്തിയാവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇക്കഴിഞ്ഞ ജനുവരി 19ന് 10 ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിൽ മാറ്റിക്കൊണ്ട് പ്രവേശന ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജി.ആർ അനിൽ പറഞ്ഞതും വാക്കുകളിൽ മാത്രം ഒതുങ്ങി. നാളെ നാളെയെന്ന മന്ത്രിയുടെ വാക്കുകൾ നീളെ നീളെയായതോടെ ജനങ്ങൾക്കും പ്രതീക്ഷകൾ മങ്ങി.
പോത്തൻകോട്, അണ്ടൂർക്കോണം, മംഗലപുരം, കഠിനംകുളം, അഴൂർ തുടങ്ങി അഞ്ചു പഞ്ചായത്തുകൾ ചേരുന്ന പോത്തൻകോട് ബ്ലോക്ക് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത് ഇതിലൊന്നിലും ഉൾപ്പെടാത്ത തിരുവനന്തപുരം നഗരസഭാ പരിധിയിലെ കഴക്കുട്ടത്താണ്. ബ്ലോക്ക് ഓഫിസ് ഉൾപ്പെടെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റുമെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ അന്നത്തെ പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ പറഞ്ഞിരുന്നത് . എന്നാൽ നിലവിൽ മാറുന്ന ഓഫിസുകളുടെ പട്ടികയിൽ ഇപ്പോൾ പോത്തൻകോട് ബ്ലോക്ക് ഓഫിസ് ഇല്ല . മാത്രമല്ല മിക്ക ഓഫിസുകൾക്കും സിവിൽ സ്റ്റേഷനിലേക്ക് വരാൻ മടിയാണ്.
ഏറ്റവും കൂടുതൽ ഭൂമി ഇടപാടുകൾ നടക്കുന്ന പോത്തൻകോട് സബ് റജിസ്ട്രാർ ഓഫിസ് ജംഗ്ഷനിലെ വൺവേയിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പാർക്കിങ് സൗകര്യം ഇല്ലെന്നു മാത്രമല്ല വയോധികരും ഭിന്നശേഷിക്കാരുമെല്ലാം റജിസ്ട്രാറെ കാണാൻ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണ്. പാലോട്ടുകോണം ഭാഗത്തു പ്രവർത്തിക്കുന്ന കീഴാന്നയ്‌ക്കൽ വില്ലേജ് ഓഫിസിൽ എത്തുവാൻ ജനങ്ങൻ ഇന്നും വട്ടം തിരിയുകയാണ്. അഥവാ വില്ലേജ് ഓഫീസ് കണ്ടു പിടിക്കണമെങ്കിൽ ഓട്ടോറിക്ഷാക്കാരുടെ സഹായം വേണം.
പോത്തൻകോട് ജംഗ്ഷനിൽ നിന്നും മിനി സിവിൽ സ്റ്റേഷനിലേക്കുള്ള 8 മീറ്റർ റോഡ് നിർമാണവും എങ്ങുമെത്തിയിട്ടില്ല. നാൽപതു സെന്റിൽ 3410 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ പൂർത്തിയായ മന്ദിരത്തിന് നാലു നിലകളാണുള്ളത് . പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് തുടക്കം മുതൽ തടസ്സങ്ങളായിരുന്നു. 2015ൽ പാലോട് രവി ഡപ്യൂട്ടി സ്പീക്കറായിരുന്ന കാലത്ത് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത് . 2016 മാർച്ച് 3 ന് ആദ്യ നിർമാണോദ്ഘാടനവും നടന്നു. എന്നാൽ സ്ഥലം സംബന്ധിച്ചുണ്ടായ നിയമ പ്രശ്നങ്ങളിൽ നിർമാണം നടന്നില്ല. തുടർന്ന് ഇടതു സർക്കാരിന്റെ ഭരണകാലത്ത് സി.ദിവാകരൻ എംഎൽഎ ആയി വന്നപ്പോൾ നിയമക്കുരുക്കഴിച്ചു . 5 കോടി കൂടി അനുവദിച്ചു . 2018 ജൂണിൽ അടുത്ത നിർമാണോദ്ഘാടനം നടന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ മന്ദിര നിർമാണം പൂർത്തിയാകും മുൻപ് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിൽ സിവിൽ സ്റ്റേഷൻ ഉദ്ഘാടന പ്രകശനം നടത്തി സി.ദിവാകരൻ മുങ്ങി.
ഉദ്ഘാടനം എന്നെന്ന് കാത്തിരിക്കുന്ന ജനങ്ങൾ മണ്ഡലത്തിന്റെ സ്വന്തം മന്ത്രിയായ ജി.ആർ അനിലിന്റെ വാക്കുകളിൽ പ്രതീക്ഷകളും മങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: