‘നക്ഷരന്തി ഇതി നക്ഷത്രഃ’ എന്നാണ് നക്ഷത്രം എന്ന പദത്തിന്റെ നിരുക്തി. ആകാശത്ത് ഒരു സ്ഥാനത്തുതന്നെ നിശ്ചലമായി നില്‍ക്കുകയാലാണ് അവയെ നക്ഷത്രം എന്ന് വിളിക്കുന്നത്. ക്ഷയിക്കാത്തത്, നശിക്കാത്തത,് നിത്യമായത് മുതലായ അര്‍ത്ഥങ്ങളും നക്ഷത്ര പദത്തിനുണ്ട്.
ഋക്ഷം, ഉഡു, ഭം എന്നിവ നക്ഷത്ര പര്യായങ്ങള്‍. കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ടാവാമെങ്കിലും ഭാരതീയ ജ്യോതിഷം 27 നക്ഷത്രങ്ങളെയാണ് പരിഗണിക്കുന്നത.് വേദകാലത്ത് ‘അഭിജിത്ത’് എന്ന ഒരു നക്ഷത്രത്തെക്കൂടി കണക്കിലെടുത്തിരുന്നു. അങ്ങനെ നോക്കിയാല്‍ നക്ഷത്ര സംഖ്യ 28 എന്നുവരും.
നക്ഷത്ര മണ്ഡലം
ഭൂമിക്കു ചുറ്റുമുള്ള ആകാശത്തെ ഒരു മഹാ വൃത്തമായി അല്ലെങ്കില്‍ ബ്രഹ്മാണ്ഡമായ ഒരു ഗോളമായി സങ്കല്‍പ്പിക്കുക. ഗണിതയുക്തി ഉപയോഗിച്ച് ഇതിന് 360 ഡിഗ്രി യുണ്ടെന്ന് കരുതാം. അതിനെ 27 നക്ഷത്രങ്ങള്‍ക്കായി വിഭജിക്കുകയാണെങ്കില്‍ 13 ഡിഗ്രി 20 മിനിറ്റ് എന്ന് കിട്ടും. അതായത് വിശ്വവ്യാപകമായിരിക്കുന്ന ആകാശഗോളത്തിന്റെ (അതാകെ 360 ഡിഗ്രി) 27 ല്‍ ഒരു ഭാഗമാണ് ഓരോ നക്ഷത്രവും (13 ഡിഗ്രി 20 മിനിറ്റ്) എന്ന് വ്യക്തമാകുന്നു. ഒരു ഓറഞ്ചിനോട് ആകാശഗോളത്തെയും 27 നക്ഷത്രങ്ങളെ അതിലെ അല്ലികളോടും ഉപമിച്ചാല്‍ ഏറെക്കുറെ കാര്യം വ്യക്തമാകുമെന്ന് തോന്നുന്നു. ഓരോ നക്ഷത്രത്തെയും നക്ഷത്രമണ്ഡലം എന്നാണ് പറയുക.
നക്ഷത്ര പാദങ്ങള്‍
ഒരു നക്ഷത്രമണ്ഡലത്തെ നാല് തുല്യ ഭാഗങ്ങളാക്കിയിട്ടുണ്ട്. അഥവാ നാല് തുല്യ ഭാഗങ്ങളുണ്ട.് അവയെ ‘പാദങ്ങള്‍’ എന്ന് പറയുന്നു. പാദങ്ങളെ കാലുകള്‍ എന്നും പറയുമല്ലോ. ഒരു നക്ഷത്രം 13 ഡിഗ്രി 20 മിനിറ്റ് എന്ന് നാം കണ്ടു. അതിനെ നാല് സമ ഓഹരികള്‍ ആക്കിയാല്‍ മൂന്ന് ഡിഗ്രി 20 മിനിറ്റ് എന്നുകിട്ടും. ഓരോ നക്ഷത്രപാദവും മൂന്ന് ഡിഗ്രി 20 മിനിട്ടാണ.് നാല് നക്ഷത്രപാദങ്ങള്‍ ചേര്‍ന്നാല്‍ 13 ഡിഗ്രി 20 മിനിറ്റ് ആയി. ആകെ 27 നക്ഷത്രങ്ങളാണല്ലോ. അവയെ 13 ഡിഗ്രി 20 മിനിട്ടു കൊണ്ട് പെരുക്കിയാല്‍ ആകാശഗോളമായി. 360 ഡിഗ്രി. 27 നക്ഷത്രങ്ങള്‍ക്കും കൂടി ആകെ 108 നക്ഷത്രപാദങ്ങള്‍ അഥവാ കാലുകളുണ്ട്. ഈ കണക്കുകൂടി ഓര്‍മ്മിക്കാം. മൂന്ന് ഡിഗ്രി 20 മിനിട്ടിനെ 108 നക്ഷത്ര പാദങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ 360 ഡിഗ്രി.
രാശികളും നക്ഷത്രങ്ങളും
ആകാശഗോളത്തെ (360 ഡിഗ്രി) 12 തുല്യ ഭാഗങ്ങളാക്കിയിരിക്കുന്നതാണ് 12 രാശികള്‍. ഓരോ രാശിയും 30 ഡിഗ്രി വീതം വരുന്നു 12 രാശികള്‍ക്കുള്ളിലായി 27 നക്ഷത്ര മണ്ഡലങ്ങളും ഉണ്ട്. ഓരോ രാശിയുടെ ഉള്ളിലും 9 നക്ഷത്ര പാദങ്ങള്‍ വീതം അടങ്ങുന്നു. ഒരു നക്ഷത്രപാദം മൂന്ന് ഡിഗ്രി 20 മിനിറ്റ് ആണല്ലോ? മൂന്ന് ഡിഗ്രി 20 മിനിട്ടിനെ 9 പാദങ്ങള്‍ കൊണ്ടു ഗുണിച്ചാല്‍ 70 ഡിഗ്രി. മറിച്ചും പറയാം. 30 ഡിഗ്രിയെ 9 ആയി ഭാഗിച്ചാല്‍ 3 ഡിഗ്രി 20 മിനിട്ട് എന്നു വരും. സാധാരണ ഭാഷയില്‍ രണ്ടേകാല്‍ നക്ഷത്രങ്ങള്‍ (ഒരു നക്ഷത്രം= 4 പാദം+ രണ്ടാമത്തെ നക്ഷത്രം +4 പാദം+ ഒരു പാദം. അങ്ങനെ 9 നക്ഷത്ര പാദങ്ങള്‍ അഥവാ രണ്ടേകാല്‍ നക്ഷത്രങ്ങള്‍) ആണ് ഓരോ രാശിയിലും ഉള്‍പ്പെടുന്നത്. അങ്ങനെ 12 രാശികളിലുമായി 27 നക്ഷത്രങ്ങളും 108 നക്ഷത്ര പാദങ്ങളും) അടങ്ങുന്നു. അവരവര്‍ ജനിച്ച നക്ഷത്രപാദം അഥവാ നക്ഷത്രം ഏതു രാശിയിലാണ് വരുന്നത,് അതിനെ ജന്മരാശി എന്നും കൂറ് എന്നും വിളിക്കുന്നു.
ആദ്യ രാശി, ആദ്യ നക്ഷത്രം
27 നക്ഷത്രങ്ങളില്‍ അഥവാ നക്ഷത്ര മണ്ഡലങ്ങളില്‍ ഏറ്റവും ആദ്യത്തേത് അശ്വതി നക്ഷത്രം അഥവാ അശ്വതി നക്ഷത്രമണ്ഡലമാണ്. തുടര്‍ന്ന് ഭരണി നക്ഷത്രം അഥവാ ഭരണി നക്ഷത്രമണ്ഡലം, കാര്‍ത്തിക നക്ഷത്രം അഥവാ കാര്‍ത്തിക നക്ഷത്രമണ്ഡലം എന്നിങ്ങനെ മുന്നോട്ടുപോയി രേവതി നക്ഷത്രം അഥവാ രേവതി നക്ഷത്ര മണ്ഡലം വരെ നീളും. ഇനി രാശികളുടെ പേരുകളും ക്രമവും നോക്കാം. മലയാള മാസങ്ങളുടെ പേരുകള്‍ തന്നെയാണ് രാശികള്‍ക്കും. 1. മേടം രാശി 2. ഇടവം രാശി 3. മിഥുനം രാശി. 4. കര്‍ക്കിടകം രാശി, 5. ചിങ്ങം രാശി, 6.കന്നിരാശി 7.തുലാം രാശി, 8. വൃശ്ചിക രാശി, 9.ധനുരാശി, 10. മകരം രാശി 11.കുംഭം രാശി 12. മീനം രാശി.
ആദ്യരാശി തുടങ്ങുന്നത് ആകാശ മണ്ഡലമാകുന്ന വൃത്തത്തിന്റെ തുടക്കത്തിലാകുന്നു. അതാകെ 360 ഡിഗ്രിയാണല്ലോ. അതിനെ 12 രാശികള്‍ക്കുമായി സമമായി ഭാഗിച്ചാല്‍ 30 ഡിഗ്രി വീതം ഓരോ രാശിക്കും ലഭിക്കും. 0 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെ ഒന്നാം രാശി 30 ഡിഗ്രി മുതല്‍ 60 വരെ രണ്ടാം രാശി, 60 മുതല്‍ 90 വരെ മൂന്നാം രാശി എന്നിങ്ങനെയാണ് 12 രാശികളുടെ വിഭജനം. ആദ്യ രാശി മേടം രാശി, രണ്ടാം രാശി ഇടവം രാശി എന്ന ക്രമവും പറഞ്ഞുകഴിഞ്ഞു. 0 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെ ഒന്നാം രാശിയായ മേടം, 30 മുതല്‍ 60 വരെ രണ്ടാം രാശിയായ ഇടവം, 60 മുതല്‍ 90 വരെ മൂന്നാം രാശിയായ മിഥുനം, 90 മുതല്‍ 120 വരെ നാലാം രാശിയായ കര്‍ക്കടകം എന്ന് രാശി വിഭജനം മുന്നേറും.
0 ഡിഗ്രിയില്‍ മേടം രാശി തുടങ്ങുന്നു. 0 ഡിഗ്രിയില്‍ തന്നെ അശ്വതി നക്ഷത്രവും തുടങ്ങുന്നു. 13 ഡിഗ്രി 20 മിനിട്ടു വരെ അശ്വതി നക്ഷത്ര മണ്ഡലം. അത് പൂര്‍ണ്ണമായും മേടം രാശിയില്‍ തന്നെ വരുന്നു. തുടര്‍ന്ന് 13 ഡിഗ്രി 20 മിനിട്ടു മുതല്‍ അടുത്ത 13 ഡിഗ്രി 20 മിനിട്ടു വരെ അതായത് 26 ഡിഗ്രി 40 മിനിട്ടുവരെ ഭരണി നക്ഷത്ര മണ്ഡലം. തുടര്‍ന്ന് 13 ഡിഗ്രി 20 മിനിട്ട് അതായത് 40 ഡിഗ്രി വരെ കാര്‍ത്തിക നക്ഷത്രം. 30 ഡിഗ്രി ആയപ്പോള്‍ ഒന്നാം രാശിയായ മേടം തീരുകയും രണ്ടാം രാശിയായ ഇടവം തുടങ്ങുകയുമാണ്. ഇക്കാരണത്താല്‍ കാര്‍ത്തികയുടെ ഒന്നാംപാദം (മൂന്ന് ഡിഗ്രി 20 മിനിറ്റ്) മാത്രം മേടം രാശിയിലും അവശേഷിക്കുന്ന മൂന്നു പാദങ്ങള്‍ ഇടവം രാശിയിലും ഉള്‍പ്പെടുന്നു. അടുത്ത നക്ഷത്രമായ രോഹിണി 40 ഡിഗ്രി മുതല്‍ 53 ഡിഗ്രി 20 മിനിട്ടു വരെയാണ.് 60 ഡിഗ്രി വരെയാണല്ലോ ഇടവം രാശി. അതിനാല്‍ രോഹിണി നക്ഷത്രം പൂര്‍ണമായും ഇടവം രാശിയില്‍ വരും. അഞ്ചാം നക്ഷത്രമായ മകയിരം 53 ഡിഗ്രി 20 മിനിട്ടു മുതല്‍ 66 ഡിഗ്രി 40 മിനിട്ട് വരെയാണ് ആയത് മകയിരത്തിന്റെ ഒന്ന്, രണ്ട് പാദങ്ങള്‍ മാത്രമാണ് ഇടവത്തില്‍. മൂന്ന്, നാല് പാദങ്ങള്‍ മിഥുനം രാശിയിലും.
ഗ്രഹസഞ്ചാരം
ഗ്രഹങ്ങളുടെ സഞ്ചാരപഥമാണ് രാശിചക്രം. 12 രാശികള്‍ ഒരു വൃത്തമായിട്ടാണല്ലോ വരിക. (നാം രാശിചക്രത്തെ ചതുരമായി വരയ്‌ക്കുന്നു. ഒരുപക്ഷേ എളുപ്പത്തിനായിട്ടാവാം.) സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇത് അനാദിയായ കാലം മുതല്‍ വ്യത്യസ്ത വേഗതയില്‍ രാശിചക്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ.് നമ്മുടെ ജനനസമയത്ത് ഇവ ഏതേതു രാശികളിലാണ് എന്ന് വ്യക്തമാക്കി തരുന്നതാണ് നമ്മുടെ ഗ്രഹനില അഥവാ ഗ്രഹസ്ഥിതി.
ഇങ്ങനെ രാശിചക്രത്തിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവ രാശികള്‍ക്കുള്ളില്‍ മറ്റൊരടരായി പടര്‍ന്നുകിടക്കുന്ന നക്ഷത്ര മണ്ഡലത്തിലൂടെയും കടന്നുപോവുകയാണ്. നമ്മുടെ ജനനസമയത്ത് ഗ്രഹങ്ങള്‍ ഏത് നക്ഷത്രത്തിലാണ് അവയിലെ ഏതു പാദത്തിലാണ് എന്ന് വ്യക്തമാക്കി തരുന്നതാണ് നവാംശക ചക്രം. ഗ്രഹനില രേഖപ്പെടുത്തിയതിന്റെ പുറത്തായോ പ്രത്യേക രാശിചക്രമായോ അതും രേഖപ്പെടുത്തുന്നു. ആകെയുള്ള 360 ഡിഗ്രിയില്‍ നമ്മുടെ ജനനസമയത്ത് ഗ്രഹം എത്രാമത്തെ ഡിഗ്രിയിലാണ് എന്നുള്ളതും പ്രത്യേകമായി ജാതകത്തില്‍ നല്‍കുന്നു. ഇതിനെയാണ് ഗ്രഹസ്ഫുടം എന്നു പറയുന്നത്.
ചന്ദ്രനും ജന്മനക്ഷത്രവും
കഴിഞ്ഞ ഖണ്ഡികയില്‍ ഗ്രഹങ്ങള്‍ നക്ഷത്ര മണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കാര്യം വിശദമാക്കി. ഇവയില്‍ ഒരു വ്യക്തിയുടെ ജനനസമയത്ത് ചന്ദ്രന്‍ ഏതു നക്ഷത്രത്തിലൂടെയാണോ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതാവും അയാളുടെ ജന്മനക്ഷത്രവും ജന്മനക്ഷത്ര പാദവും. ഉദാഹരണം നോക്കുക: ഒരു വ്യക്തിയുടെ ജനനസമയത്ത് ചന്ദ്രന്‍ 12 ഡിഗ്രിയിലൂടെ കടന്നു പോവുകയാണെന്ന് കരുതുക. 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടു വരെ ചന്ദ്രന്‍ അശ്വതി നക്ഷത്ര മണ്ഡലത്തിലാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട.് അപ്പോള്‍ അയാളുടെ ജന്മനക്ഷത്രം അശ്വതിയാണെന്ന് വ്യക്തമായി. ഇനി അശ്വതിയുടെ നാല് പാദങ്ങളില്‍ ഏതു പാദത്തിലാണെന്ന് കണ്ടെത്തണം. 0 മുതല്‍ മൂന്ന് ഡിഗ്രി 20 മിനിട്ടു വരെ ഒന്നാംപാദം. ആറ് ഡിഗ്രി 40 മിനിട്ടുവരെ രണ്ടാംപാദം, 10 ഡിഗ്രി വരെ മൂന്നാംപാദം 13 ഡിഗ്രി 20 മിനിട്ടു വരെ നാലാം പാദം എന്ന് നമുക്കറിയാം. അശ്വതിയുടെ 12 ഡിഗ്രിയിലാണ് ചന്ദ്രസ്ഥിതി. അതിനാല്‍ അശ്വതി നാലാം പാദമാണെന്നും ആണ് നക്ഷത്രപാദമെന്നും വ്യക്തമായി.
അശ്വതി മേടം രാശിയില്‍ വരുന്ന നക്ഷത്രമായാല്‍ അയാളുടെ ജന്മരാശി അഥവാ കൂറ് മേടക്കൂര്‍ ആണെന്ന് മനസ്സിലാക്കാം.
അതാത് ദിവസത്തെ പഞ്ചാംഗത്തില്‍ നിന്നും ഗ്രഹസ്ഫുടത എന്ന ഭാഗം (വലിയ പഞ്ചാംഗങ്ങളില്‍ ഉണ്ടാവും) ഗ്രഹത്തിന്റെ ഓരോ ദിവസത്തെയും സഞ്ചാരം വ്യക്തമാക്കുന്നതാണ.് ഒരു വീട്ടില്‍ ഒരു പഞ്ചാംഗം എന്നത് അവശ്യവസ്തുവാണ്. അങ്ങനെ ആയിരുന്നു നമ്മുടെ പാരമ്പര്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക