ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഉത്സവലഹരിയിലായി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച്ച രാവിലെ 9.30 ന് കൊടിമരചുവട്ടില്‍ ആരംഭിച്ച ചടങ്ങുകളെ തുടര്‍ന്ന് നടന്ന കൊടിയേറ്റിന് തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി മൈവാടി പത്മനാഭന് സന്തോഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തില്‍ നടന്ന മേജര്‍സെറ്റ് പഞ്ചവാദ്യത്തിന്റയും അകമ്പടിയോടെ കൊടിയേറ്റ് സമയത്ത് ഭക്തജനങ്ങള്‍ പഞ്ചാക്ഷരമന്ത്രം ഉരുവിട്ടും വെറ്റിലപറപ്പിച്ചും ഉത്സവത്തെ വരവേറ്റു. തുടര്‍ന്നു തിരുവരങ്ങില്‍ കലാപരിപാടികള്‍ ആരംഭിച്ചു.
മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ശീവേലിക്കുട അവകാശികള്‍ക്ക് കൈമാറി. ക്ഷേത്രത്തിലെ കൊടിയേറ്റിനു ശേഷം നടന്ന ചടങ്ങിലാണ് ശീവേലിക്കുട അവകാശികള്‍ക്ക് കൈമാറിയത്. ഇനി കൊടിയിറക്കിനു ശേഷം പതിവുപോലെ ഈ കുട ക്ഷേത്രത്തില്‍ എത്തിച്ച് ഉപയോഗിക്കും. ആറാട്ടുവരെയുള്ള ദിവങ്ങളില്‍ ആനപ്പുറത്ത് എഴുന്നെള്ളിപ്പു നടക്കുന്നതിനാല്‍ ശീവേലിക്കുട ഉപയോഗിക്കാറില്ല.
രാജവാഴ്ചക്കാലം മുതല്‍ ഏറ്റുമാനൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ദേവപ്രശ്നം, മുഹൂര്‍ത്തം കുറിക്കല്‍ ചടങ്ങുകള്‍ നടത്തിവന്നിരുന്ന വെട്ടിത്തുരുത്തേല്‍ കുടുംബത്തിലെ പ്രശസ്ത ജ്യോതിഷന്മാരായ രാമക്കുറുപ്പ് മുതലുള്ള തലമുറയ്ക്കാണ് ഈ കുടയുടെ അവകാശം.
ഏറ്റുമാനൂരിലെ ജ്യോതിഷനായ രാധാകൃഷ്ണകുറുപ്പിനാണ്(മധു) ഇപ്പോള്‍ ഈ അവകാശം കിട്ടിയിരിക്കുന്നത്. കൊടിയേറ്റിനു ശേഷം ക്ഷേത്ര അധികാരി, കുട വെട്ടിത്തുരുത്തേല്‍ കുറുപ്പന്മാര്ക്ക് കൈമാറുന്നതാണ് ചടങ്ങ്. കുടയുടെ കേടുപാടുകള്‍ തീര്‍ത്ത് ആറാട്ടിനു മുന്‍പ് തിരികെ ക്ഷേത്രത്തില്‍ ഏല്‍പ്പിക്കണമെന്നാണ് ആചാരം. ഈ ആചാരം മുടക്കം കൂടാതെ ഇപ്പോഴും തുടര്‍ന്നു വരുന്നതില്‍ സന്തോഷമുണ്ടെന്ന് വെട്ടിത്തുരുത്തു കുറുപ്പന്മാരില് ഇപ്പോഴത്തെ അവകാശിയായ ജ്യോതിഷന് വിം.എം. രാധാകൃഷ്ണകുറുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: