Categories: Travel

വിട്ടോ… നേരെ പുള്ളിലേക്ക്: രുചിക്കൂട്ടും ജലയാത്രയും തേടി സഞ്ചാരികൾ, ഉല്ലസിക്കാൻ കൊട്ടവഞ്ചിയും തോണിയും കുതിരയും

മണികണ്ഠൻ കുറുപ്പത്ത്

Published by

പുള്ള് (തൃശൂർ) : പ്രകൃതി രമണീയമായ പുള്ള് പാടശേഖരത്തിന്റെ സൗന്ദര്യം നുകരാനെത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. നയന മനോഹര കാഴ്‌ച്ചകളും, നാടൻ രുചി വിഭവങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. തൃപ്രയാർ നിന്നും തൃശൂരിലേക്കുള്ള എളുപ്പ വഴിയായും ഇതിലെ പോകാമെന്നതിനാൽ റോഡിൽ വാഹനങ്ങളും ധാരാളമുണ്ട്. അതിനാൽ തന്നെ പുള്ളിലെ തട്ടുകടകൾക്ക് അടുത്തെത്തിയാൽ ആർക്കും തോന്നുന്ന കാര്യമാണ് അല്പം ഭക്ഷണം കഴിക്കാമെന്നതും, ഒപ്പം ഗ്രാമീണത നിറഞ്ഞ പുള്ളിനെ കൺകുളിർക്കെ കാണാം എന്നതും.

പുള്ളിലെ കൊട്ടവഞ്ചി യാത്ര

ഉല്ലസിക്കാൻ കൊട്ടവഞ്ചിയും, തോണിയും, കുതിരയും

മനക്കൊടി – പുള്ള് പാലത്തിനരികെയാണ് സഞ്ചാരികൾക്ക് ഹരം പകരാൻ കൊട്ടവഞ്ചികളെത്തിയിട്ടുള്ളത്. ഹൊഗനക്കലിൽ നിന്നെത്തിച്ച നാല് കൊട്ടവഞ്ചികളാണ് സന്ദർശകർക്ക് പുത്തൻ അനുഭവം സമ്മാനിക്കുന്നത്. തുഴക്കാരനുൾപ്പെടെ അഞ്ച് പേർക്ക് സഞ്ചരിക്കാനാകും. ഇതിന് പുറമേ രണ്ട് തോണികളും സന്ദർശകർക്ക് ധരിക്കാനുള്ള സുരക്ഷാ ജാക്കറ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അര കിലോമീറ്റർ ദൂരത്തേക്കുള്ള  ജലയാത്രക്ക് 200 രൂപയാണ്  ചാർജ്. ഉച്ചതിരിഞ്ഞ് 4 മുതൽ വൈകുന്നേരം വരെയാണ് സവാരിയുടെ സമയം. കുതിര പുറത്തുള്ള യാത്രക്കും ഇവിടെ സൗകര്യമുണ്ട്.

ദിപു തന്റെ തട്ടുകടയിൽ

അന്ധതയെ തോൽപ്പിച്ച് കൊതിയൂറും വിഭവങ്ങളുമായി ദിപു

തൊണ്ണൂറ് ശതമാനം കണ്ണിന് കാഴ്‌ച്ചയില്ലാത്ത കിഴുപ്പിള്ളിക്കര തിയ്യത്തുപ്പറമ്പിൽ ടി.വി. ദിപു (33) തന്റെ ചോരാത്ത ആത്മവീര്യത്തിന്റെ പിൻബലത്തിലാണ് ജീവിത മാർഗത്തിനായി ഒരു മാസം മുൻപ് പുള്ളിൽ തട്ടുകട തുടങ്ങുന്നത്. 14 തരം വിഭവങ്ങൾ ഇവിടെ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നും താങ്ങും തണലായും കൂടെയുള്ള അവിനാശും, സുരേഷും കൂടെയുള്ളതാണ് ദിപുവിന്റെ പിൻബലം. ഭക്ഷണം വീട്ടിൽ പാകം ചെയ്ത് വാഹനത്തിൽ പുള്ള് – മനക്കൊടി പാതയോരത്തുള്ള  ഓലമേഞ്ഞ കടയിലെത്തിച്ച് വിൽപ്പനക്കും ഇവർ ദിപുവിനൊപ്പം ഉണ്ടാകും.

ദിവസവും രണ്ട് മണി മുതൽ രാത്രി ഒമ്പതു വരെയാണ് കച്ചവടം. ശനി ഞായർ ദിവസങ്ങളിൽ കച്ചവടം പൊടിപൊടിക്കും. ചിക്കൻ, ബീഫ്, ആട്, ബോട്ടി, കക്ക, താറാവ്, കാട, കൂന്തൾ, ഞണ്ട്, കൊള്ളി, ചാള എന്നിങ്ങനെ പോകുന്നു വിഭവങ്ങളുടെ നിര. ആട് വളർത്തലുമായി ഫാം നടത്തിയിരുന്ന ദിപുവിന് കൊവിഡ് പ്രതിസന്ധി മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. ഇതിനെ മറികടക്കാനാണ്  ഡിഗ്രി വിദ്യാഭ്യാസമുള്ള ദിപു രുചിക്കൂട്ടുകളുമായി സഞ്ചാരികളെ കാത്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts