വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കുക മാത്രമല്ല, രക്തസാക്ഷി സ്മാരകങ്ങള്‍ക്ക് നേരെ സ്വന്തം സഖാക്കളെ നിയോഗിച്ച് അക്രമം നടത്തിയ ശേഷം സംഘപരിവാറിന് മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കുക എന്ന കുതന്ത്രവും സിപിഎമ്മിന് സ്വന്തം. എന്നാല്‍ പാര്‍ട്ടിയിലെയും മുന്നണിയിലേയും പടലപ്പിണക്കങ്ങള്‍ കാരണം സത്യം പുറത്തുവന്നതിനാല്‍ ആസൂത്രിത കലാപ നീക്കങ്ങള്‍ പൊളിയുകയായിരുന്നു. ഇതിന് ഉദാഹരണങ്ങളാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിനും പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകത്തിനും നേരെ നടന്ന അക്രമങ്ങള്‍.
ഇരുളിന്റെ മറവില്‍ അക്രമങ്ങള്‍ നടത്തുക, മണിക്കൂറുകള്‍ക്കകം കുറ്റക്കാര്‍ ആര്‍എസ്എസെന്ന് പ്രഖ്യാപിച്ച് വേട്ടയാടുക ഇതാണ് കുതന്ത്രം. 2017 ജനുവരിയിലാണ് വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ ഗേറ്റിന്റെ ഗ്രില്ലുകള്‍ തകര്‍ത്തത്. അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന ആരോപണവുമായി സിപിഎം ഉടന്‍ തന്നെ രംഗത്തെത്തി. സംസ്ഥാന നേതാക്കള്‍ വരെ സ്മാരകം സന്ദര്‍ശിച്ച് ഫാസിസത്തിനെതിരെ പ്രസ്താവനകള്‍ നടത്തി. എന്നാല്‍ വര്‍ഷം ഇത്രയായിട്ടും, സ്വന്തം ഭരണത്തില്‍ പോലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇതു സംബന്ധിച്ച ചില സത്യങ്ങള്‍ വെളിപ്പെടുത്തി. വയലാര്‍ സ്മാരകം ഉള്ളില്‍ നിന്നാണ് ആക്രമിക്കപ്പെട്ടതെന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് ആഞ്ചലോസ് പറഞ്ഞത്. സിപിഐ ലോക്കല്‍ സെക്രട്ടറി അനില്‍കുമാറിനെയും കുടുംബത്തെയും സിപിഎം ആക്രമിച്ചതിലെ പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് വയലാര്‍. കൂടാതെ സിപിഎമ്മും, സിപിഐയും തമ്മില്‍ അഭിപ്രായഭിന്നതയും രൂക്ഷമാണ്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. പിന്നീട് കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവയ്ക്കാനും ശ്രമം നടന്നു. സ്മാരകത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. അധികം വൈകാതെ സത്യം പുറത്തു വന്നു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍. ഇവരെയെല്ലാം കോടതി വെറുതെ വിട്ടു. അപ്പീല്‍ നല്‍കുമെന്ന് ജില്ലാ സെക്രട്ടറി ആര്. നാസര്‍ പ്രസ്താവിച്ചെങ്കിലും ഒന്നും നടന്നില്ല. രക്തസാക്ഷികളെ മാത്രമല്ല, അവരുടെ ഓര്‍മ്മകളെ പോലും നുണപ്രചാരണങ്ങള്‍ നടത്തി സിപിഎം അപമാനിക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: