Categories: Kerala

ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി പതിനൊന്ന് മണി വരെ; സര്‍ക്കാര്‍ ഉത്തരവ് ഉടന്‍; പുതിയ ബാര്‍ ലൈസന്‍സിനും നിയന്ത്രണം വന്നേക്കും

ഭാവിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കണമെന്നും 50 മുറികളെങ്കിലുമുള്ള ഹോട്ടലുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നുമായിരുന്നു മദ്യനയ രൂപീകരണത്തിനു മുന്നോടിയായി ബാറുടമകള്‍ ഉന്നയിച്ച ആവശ്യം

Published by

തിരുവനന്തപുരം: കോവിഡ് മൂലം നാലു മാസത്തിലേറെയായി പരിമിതപ്പെടുത്തിയ ബാറുകളുടെ പ്രവര്‍ത്തനസമയം സാധാരണഗതിയിലേക്ക്. രാത്രി 11 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഉത്തരവ് ഉടനുണ്ടാകും. രണ്ടാം കോവിഡ് ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ രാത്രി 9 വരെ മാത്രമാണു പ്രവര്‍ത്തനം. ഏറ്റവുമധികം വരുമാനം ലഭിക്കേണ്ട സമയത്ത് അടച്ചിടുന്നതുമൂലമുള്ള നഷ്ടത്തെക്കുറിച്ചു ബാറുടമകള്‍ എക്‌സൈസ് വകുപ്പിനോടു പരാതിപ്പെട്ടിരുന്നു.

കോവിഡ് മൂലം ബാര്‍ മേഖലയിലുണ്ടായ വരുമാന നഷ്ടം കണക്കിലെടുത്ത് പുതിയ ബാറുകള്‍ക്കു നിയന്ത്രണം വേണമെന്ന ബാറുടമകളുടെ ആവശ്യം പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചേക്കും. ഭാവിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കണമെന്നും 50 മുറികളെങ്കിലുമുള്ള ഹോട്ടലുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നുമായിരുന്നു മദ്യനയ രൂപീകരണത്തിനു മുന്നോടിയായി ബാറുടമകള്‍ ഉന്നയിച്ച ആവശ്യം. അനിയന്ത്രിതമായി ലൈസന്‍സുകള്‍ നല്‍കുന്നതു ബാര്‍ വ്യവസായ മേഖലയെ തകര്‍ക്കുമെന്നും സേവനത്തിന്റെ ഗുണനിലവാരം കുറയുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വര്‍ഷം ബിസിനസില്‍ 40 % കുറവുണ്ടായതും അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by