കുണ്ടറ: കാഞ്ഞിരകോട് കുതിരപന്തി ഏലായിലെ നയനമനോഹരമായ കാഴ്ചയാണ് വ്ളാത്താങ്കര ചീരപ്പാടം. കുതിരപന്തി പ്രദീപിന്റെ 70 സെന്റ് ഏലായില്‍ കുണ്ടറ കൃഷിഭവന്റെ സഹായത്തോടെയായിരുന്നു ചീരകൃഷി. തിരുവനന്തപുരം ചെങ്കല്‍ തങ്കയ്യന്‍ പ്ലാങ്കാലയാണ് വ്ളാത്താങ്കര ചീര വികസിപ്പിച്ചെടുത്തത്.
സാധാരണ ചീരയേക്കാള്‍ കടുംചുവപ്പും ജൈവഗുണവും കൂടുതല്‍ സ്വാദും ഈ ചീരയ്ക്കുണ്ട്. ആറുമാസം വരെ വിളവെടുക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്. കുണ്ടറ കൃഷി ഓഫീസര്‍ പ്രിയ ദിനേശിന്റെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു പ്രദീപിന്റെ പുതിയ ചീരകൃഷി. കൃഷിക്ക് ആവശ്യമായ വിത്ത് ചെങ്കലില്‍ നിന്നും സംഘടിപ്പിച്ചതും പ്രിയയാണ്.
രാസവള പ്രയോഗമില്ലാതെ കടലപിണ്ണാക്ക് ഉള്‍പ്പെടെയുള്ള ജൈവകൃഷി സമ്പ്രദായമാണ് നടപ്പിലാക്കിയത്. ചിറ്റുമല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജി, ഡയറക്ടര്‍ ലീഡ്സ് ഫീല്‍ഡ് അസിസ്റ്റന്റ് ബി.എം മോനിഷ, അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് അനീഷ് എന്നിവരും പ്രദീപിന് കരുത്തായുണ്ട്. ഭാര്യ പ്രിയയും മക്കളായ ചിന്മയിയും വരദയും കൂടുമ്പോള്‍ പ്രദീപിന് കൃഷി കൂടുതല്‍ ആവേശമാണ്. കൃഷി പഠിക്കാനും കാണാനുമായി നിരവധി കര്‍ഷകര്‍ പ്രദീപിനെ തേടിയെത്താറുണ്ട്.
ഇന്നലെ നടന്ന വിളവെടുപ്പ് ഉത്സവത്തില്‍ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമുള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: