Categories: Kerala

കേന്ദ്ര വിഹിതം നാലരയിരട്ടി കൂട്ടിയിട്ടും കേരളത്തില്‍ ജല്‍ജീവന്‍ മിഷന് ‘ജീവനില്ല’; കേരളത്തിന് ഈ വര്‍ഷം നല്‍കിയത് 1804.59 കോടി രൂപ

പദ്ധതിച്ചെലവിന്റെ 50 ശതമാനവും കേന്ദ്രമാണ് നല്കുന്നത്. 25 ശതമാനം അതത് സംസ്ഥാനങ്ങളും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്താവും മുടക്കണം. 2021 - 2022ല്‍ കേരളത്തിനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. മുന്‍വര്‍ഷം 404.24 കോടി അനുവദിച്ചു

Published by

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അനാസ്ഥ. കേന്ദ്രം കേരളത്തിനുള്ള വിഹിതം നാലര ഇരട്ടിയാക്കിയിട്ടും പദ്ധതി ഇഴയുകയാണെന്ന് പലയിടങ്ങളിലും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. കേരള വാട്ടര്‍ അതോറിറ്റിയാണ് ജല്‍ജീവന്‍ മിഷന്‍ നടപ്പാക്കുന്നത്.  

പദ്ധതിച്ചെലവിന്റെ 50 ശതമാനവും കേന്ദ്രമാണ് നല്കുന്നത്. 25 ശതമാനം അതത് സംസ്ഥാനങ്ങളും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 10 ശതമാനം ഗുണഭോക്താവും മുടക്കണം. 2021 – 2022ല്‍ കേരളത്തിനുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയിട്ടുണ്ട്. മുന്‍വര്‍ഷം 404.24  കോടി അനുവദിച്ചു. ഈ വര്‍ഷം നാലരയിരട്ടിയാക്കി, 1804.59 കോടി. പദ്ധതി നടപ്പാക്കുന്നതിന് കേരളത്തിനു കേന്ദ്രം എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ വാട്ടര്‍ അതോറിറ്റിക്കും കേരള സര്‍ക്കാരിനും അനക്കമില്ല.

ജല്‍ജീവന്‍ മിഷന്‍ തുടങ്ങുന്ന 2019 ആഗസ്ത് 15 വരെ 67.14 ലക്ഷം വീടുകളില്‍ 16.64 ലക്ഷത്തില്‍ (24.78 ശതമാനം) മാത്രമാണ് വെള്ളം ലഭിച്ചിരുന്നത്. രണ്ടര വര്‍ഷം കൊണ്ട് 6.36 ലക്ഷം വീടുകളില്‍ കൂടിയേ എത്തിക്കാനായുള്ളൂ. വര്‍ധന 10 ശതമാനം. ദേശീയ ശരാശരി വര്‍ധന 22 ശതമാനമായിരിക്കേയാണിത്.

രണ്ടര വര്‍ഷം കൊണ്ട് ഇനിയും 44.14 ലക്ഷം വീടുകളില്‍ കൂടി വെള്ളം ലഭിക്കേണ്ടതുണ്ട്. 2021-22ല്‍ 29.37 ലക്ഷം, 2022-23ല്‍ 6.68 ലക്ഷം, 2023-24ല്‍ 5.54 ലക്ഷം വീടുകളില്‍ വെള്ളമെത്തിക്കുമെന്നാണ് സംസ്ഥാനം കേന്ദ്രത്തിനു നല്കിയ ഉറപ്പ്. അതു പാഴ്‌വാക്കായി. 2021-22ല്‍ 4.04 ലക്ഷം വീടുകളിലാണ് വെള്ളമെത്തിച്ചത്. ലക്ഷ്യം 29.37 ലക്ഷമായിരുന്നു.

കേരളത്തിന്റെ മെല്ലെപ്പോക്കില്‍ കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആശങ്ക അറിയിച്ചു. പദ്ധതി പുനരവലോകനം ചെയ്ത് വേഗത്തിലാക്കാന്‍  നിര്‍ദേശിച്ച കേന്ദ്രമന്ത്രി, പദ്ധതികള്‍ക്ക്  വേഗത്തില്‍ അനുമതി നല്കാനും ടെന്‍ഡറുകള്‍ കാര്യക്ഷമമാക്കാനും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതുവരെ പ്രയോജനമുണ്ടായിട്ടില്ലെന്നു മാത്രം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക