കൊല്ലം: വിവാഹജീവിതത്തെ പുതിയ തലമുറ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, എം.എസ്. താര, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ നേതൃത്വം നല്കി.
വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവില്‍ തന്നെ ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നെന്ന പരാതിയുമായി നിരവധി സ്ത്രീകളാണ് കമ്മീഷനെ സമീപിക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണെന്ന ഉത്തമബോധ്യം ഇരുകൂട്ടര്‍ക്കും ഉണ്ടാകണം.
സാഹചര്യങ്ങളെ മനസിലാക്കി ഒരുമിച്ചു മുന്നോട്ട് പോകണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. വസ്തുസംബന്ധമായ തര്‍ക്കങ്ങളില്‍ നിയമപരമായ സഹായം തേടണം. ഇത്തരം പരാതികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി കമ്മീഷനെ സമീപിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും അഭിപ്രായപ്പെട്ടു. അദാലത്തില്‍ 85 പരാതികള്‍ പരിഗണിച്ചു. 11 എണ്ണം തീര്‍പ്പാക്കി. 10 പരാതികള്‍ റിപ്പോര്‍ട്ട് തേടുന്നതിനായും 64 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: