Categories: Article

കുടിവെള്ളത്തിലെ ജലരേഖകള്‍, കവിതകളും

ജലം, ഹൈഡ്രജനും ഓക്‌സിജനും നിശ്ചിത അളവില്‍ ചേരുന്നതാണെന്ന ശാസ്ത്രപാഠം ഉള്‍ക്കൊള്ളുമ്പോള്‍ ജലത്തിന്റെ തീര്‍ഥസ്വഭാവം മറന്നേ പോകുന്നു. മതാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ മടിക്കാത്തവര്‍ക്ക് ജനനത്തിനും മരണത്തിനുമിടയില്‍ ജലം എത്രത്തോളം ജീവനവും ജീവിതവുമാണെന്ന ബോധമില്ലാതാകുന്നു. 'പ്രളയപയോധി ജലേ' എന്നാണ് ജീവോല്‍പ്പത്തി ചരിതം. പക്ഷേ ഒരു തുള്ളി കുടിവെള്ളമില്ലാതെ വന്നാല്‍!

വെള്ളത്തിന്റെ കാര്യത്തില്‍, ആവശ്യം വരുമ്പോള്‍ മാത്രം കൂടിയാലോചനയെന്നതാണ് നമ്മുടെ പൊതുരീതിയെന്നു തോന്നും. വേനല്‍ കടുക്കുമ്പോള്‍, കുടിവെള്ളം മുട്ടുമ്പോള്‍ കരയും, കണക്കെടുക്കും, കവിതയെഴുതും എന്നതാണ് പതിവ്. അതുകഴിഞ്ഞാല്‍ പ്രശ്‌നം മറക്കും. പദ്ധതികള്‍ ‘ജലരേഖ’യാകും.

വെള്ളവും നദിയും പുഴയും നമ്മുടെ കവിതകളില്‍ ധാരാളമാണ്. ‘വെള്ളമടിക്കു’ന്നവര്‍ക്ക് കവിത കൂടിയേ തീരൂ എന്ന സ്ഥിതിയും ചില നാട്ടുനടപ്പാണ്. ഒരിക്കല്‍ ഒരു കള്ളുഷാപ്പിലെ ബോര്‍ഡ് കണ്ടു, ‘മേശപ്പുറത്തടിച്ച് കവിത പാടരുത്’! കൗതുകം തോന്നി അന്വേഷിച്ചപ്പോള്‍, മുമ്പ് ‘പാട്ടു പാടരുത്’ എന്നായിരുന്നു ബോര്‍ഡ്. പിന്നീടാണ് ‘കവിത’യാക്കിയതെന്ന്. ‘കള്ളുഷാപ്പു പാട്ടുകള്‍’ ഒരു വിനോദസാഹിത്യശാഖപോലുമാണ് ചിലര്‍ക്ക്!

പുഴയും വെള്ളവുമില്ലാതെ ജീവിതമില്ല. സംസ്‌കാരമില്ല. മലമ്പുഴയിലെ മലയിടുക്കില്‍ അകപ്പെട്ടുപോയ യുവാവിനെ രക്ഷിക്കാന്‍ ചെന്നപ്പോള്‍ ആദ്യം ചോദിച്ചത് കുടിവെള്ളമാണ്. കുരുവിയും കിളികളും വേനലില്‍ തേടി നടക്കുന്നത് കുടിവെള്ളമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കീ ബാത്തി’ല്‍ ആഹ്വാനം ചെയ്തശേഷം പക്ഷികള്‍ക്ക് വെള്ളം കരുതിവെക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ ഏറെയുണ്ട്. നദികളായിരുന്നല്ലോ, ജനപദത്തിന്റെ ആധാരം. നദീതടങ്ങളിലാണല്ലോ ജനസംസ്‌കൃതി ഇന്നും. പക്ഷേ, ജലസംരക്ഷണം, ജനസംരക്ഷണത്തിനൊപ്പം പ്രധാനമാണെന്ന സന്ദേശം ഇനിയും ഗൗരവമായി മാറിയിട്ടുണ്ടോ?

ജലം അവശ്യവസ്തുവാണ്, ജനങ്ങള്‍ക്ക് അത് ഉറപ്പാക്കേണ്ടത് ഭരണകൂടങ്ങളുടെ ധര്‍മമാണ് എന്ന ബോധം വേണ്ടത്ര ഗൗരവത്തില്‍ ഭരിക്കുന്നവര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ. എങ്കില്‍, വേനലടുക്കുമ്പോള്‍, സ്വകാര്യ മേഖലയില്‍ കുടിവെള്ളം വില്‍ക്കുന്നവര്‍ക്കും അത് വാങ്ങുന്നവര്‍ക്കും മാദണ്ഡങ്ങളും ചട്ടങ്ങളും നിര്‍ണയിച്ച് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് കുടിവെള്ളം സര്‍വര്‍ക്കും ഉറപ്പാക്കുന്നില്ല. 2012 ജനുവരിയില്‍, 10 വര്‍ഷം മുമ്പ്, ദല്‍ഹി ഹൈക്കോടതി ഒരു വിധിയിലൂടെ പ്രഖ്യാപിച്ചു, ‘കുടിവെള്ളം പൗരന്മാരുടെ മൗലികാവകാശമാണ്, അത് ലഭ്യമാക്കേണ്ടത് ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഭരണകൂടങ്ങളുടെ ധര്‍മ്മമാണ്’ എന്ന്. കുടിവെള്ളം കിട്ടാത്ത ഗ്രാമങ്ങള്‍, പ്രദേശങ്ങള്‍ എത്രയെത്രയുണ്ടാകും. സമ്പൂര്‍ണ സാക്ഷരത, സമ്പൂര്‍ണ വൈദ്യുതീകരണം, സമ്പൂര്‍ണ പാര്‍പ്പിടം എന്നെല്ലാം അവകാശവാദം പറയുമ്പോഴും നൂറുദിന കര്‍മപദ്ധതികള്‍ ആവര്‍ത്തിക്കുമ്പോഴും സമ്പൂര്‍ണ കുടിവെള്ള വിതരണം ആലോചനയില്‍പോലും വരുന്നില്ല!

ജപ്പാന്‍ കുടിവെള്ളം, ജര്‍മന്‍ കുടിവെള്ളം, വേള്‍ഡ് ബാങ്ക് കുടിവെള്ളം എന്നെല്ലാം പലപേരില്‍ പദ്ധതികള്‍ എത്രയെത്ര! കുടിവെള്ളത്തിന് കരം കൂട്ടുന്നതിനും കരം പിരിക്കാന്‍ കമ്പ്യൂട്ടറൈസേഷന്‍ നടത്തുന്നതിനും പദ്ധതികളുണ്ട്.

രാജ്യത്തിന്റെ ഒരുവശത്ത് വെള്ളപ്പൊക്കമായിരിക്കെ അതേ കാലത്ത് മറ്റൊരിടത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന വിചിത്ര കാലാവസ്ഥാ ഭേദമുള്ളതാണ് നമ്മുടെ രാജ്യം. അതിനാലാണ് ദേശീയ നദീസംയോജന പദ്ധതി എന്ന ആശയം വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചത്, മോദി സര്‍ക്കാര്‍ അനുവര്‍ത്തിച്ചത്. പക്ഷേ, അത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് വാദിക്കുന്നവരുടെ നാട്ടിലാണ് നാം ജലപുരാണം പറയുന്നത്.  ജലാശയങ്ങളുടെ നാടായ, കടല്‍നിരപ്പിനു താഴെയുള്ള, സര്‍വത്ര വെള്ളം നിറഞ്ഞ കുട്ടനാട്ടില്‍ കുടിവെള്ള വിതരണം എല്ലാ പ്രദേശത്തും ഇനിയും സാധ്യമായിട്ടില്ലല്ലോ. ഒരുപക്ഷേ, ചിലയിടങ്ങളില്‍ ഭൂമി കുഴിച്ചാല്‍ കുറഞ്ഞത് നാല് കുടിവെള്ള വിതരണ പദ്ധതികളുടെ പൈപ്പ് കണ്ടേക്കാം; കുടിവെള്ളം കിട്ടില്ല. 100 കുളങ്ങള്‍ ഉപയോഗയോഗ്യമാക്കാന്‍ പദ്ധതിയിട്ട് എറണാകുളത്ത് കളക്ടറായിരിക്കേ എം.ജി. രാജമാണിക്യം നടത്തിയ യജ്ഞം മറ്റു ജില്ലകളിലും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തു? എറണാകുളത്തെ 250ലേറെ കുളങ്ങള്‍ ഉപയോഗയോഗ്യമാക്കിയതിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ദേശീയ ബഹുമതി നേടിയ ആ പദ്ധതി എന്തുകൊണ്ട് സംസ്ഥാനവ്യാപകമായില്ല?

കേന്ദ്രസര്‍ക്കാരിന്റെ ‘സ്വജല്‍ പദ്ധതി’ ഗ്രാമീണമേഖലയില്‍ ഓരോ വീടിനും കുടിവെള്ളം ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടാണ്. 2018 ല്‍ ആരംഭിച്ച്, 28 സംസ്ഥാനങ്ങളിലും അത് നടപ്പാക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 45 ശതമാനം വീതവും 10 ശതമാനം ജനകീയ പങ്കാളിത്തത്തിലും ചെലവു വഹിക്കുന്ന പദ്ധതി. കേരളത്തില്‍ എവിടെയെല്ലാം, എത്രത്തോളം നടപ്പായി? അങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ഗ്രാമ ആസൂത്രണ സംവിധാനങ്ങളില്‍ നിന്നുപോലും അറിയാനാവില്ല കാരണം, കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ മറ്റേതെങ്കിലും പേരിലാവും.

പുരാണത്തിലെ ‘ഭഗീരഥപ്രയത്‌നം’ ഇന്ന് അറിയപ്പെടുന്നത് ഒരു ശൈലിയെന്ന നിലയിലാണെങ്കിലും അതിന് പിന്നില്‍ ഒരു കര്‍മ്മമുണ്ട്. പിതൃക്കള്‍ക്ക് ശാപമോക്ഷം നല്‍കാന്‍, ഉദകക്രിയക്ക് (തീര്‍ഥജലം നല്‍കല്‍) ഭഗീരഥന്‍ ആകാശഗംഗയെ പാതാളഗര്‍ഭത്തില്‍ എത്തിച്ച കര്‍മ്മം. അതിനു നേരിടേണ്ടിവന്ന വെല്ലുവിളി. ഉള്ള തീര്‍ഥങ്ങളെല്ലാം നശിപ്പിച്ചും ഉപയോഗശൂന്യമാക്കിയും ‘ആകാശഗംഗ’ തേടുന്ന ഭഗീരഥന്മാരായി അലയാതിരിക്കുകയാണല്ലോ ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. ഭഗീരഥ കഥ പറയുന്ന മഹാഭാരതത്തില്‍, കവി എഴുത്തച്ഛന്‍ പ്രാര്‍ഥിക്കുന്നത് ”വാരിധിതന്നില്‍ തിരമാലകള്‍ എന്നപോലെ ഭാരതീപദാവലി തോന്നണ”മെന്നാണ്. വെള്ളവും കവിതയും വാക്കും സമുദ്രവും ഒക്കെത്തമ്മിലുള്ള ബന്ധം അങ്ങനെയുമുണ്ട്. കവിതകള്‍ കഥകള്‍, നദികള്‍, നിള, പമ്പ, കബനി… എല്ലാം പലതരത്തില്‍ ജനത്തിന് നല്‍കുന്ന സന്ദേശം ജലത്തിന്റേതാണ്.

‘ഭക്തകവി’ എഴുത്തച്ഛന്‍ അത്ര പഥ്യമല്ലാത്തവര്‍ക്ക്, കവി ഡി. വിനയചന്ദ്രനെ കൂട്ടുപിടിക്കാം. ‘നീര്‍വീഴ്ചകള്‍’ എന്നൊരു കവിതയുണ്ട് വിനയചന്ദ്രന്റേതായി. അത്തരം കവിതകള്‍ക്ക് പ്രചാരകന്മാരില്ലാതാകുന്നത് എന്തുകൊണ്ടാവും? കവിതയില്‍നിന്ന്:

”വയല്‍ നികത്താതെന്റെയനുജാ

വിഴുപ്പുകള്‍ പുഴയിലൊഴുക്കാതെ മനുജാ,മണല്‍ കോരി കുളവുമക്കായലും തോടും നികത്താതെ

പണമല്ല പ്രാണനു പ്രമാണം

ജലത്തിന്റെ തുണ നല്‍കുവാനേത് മാളികയ്‌ക്കായിടും…”

”ജലമേ സരസ്വതി, ജലമേ മഹാലക്ഷ്മി, ജലമേ ഗിരിജ, നമസ്‌കൃതി സംസ്‌കൃതി…” ഉജ്വലമായ ജലകവിതയാണ്. വായിച്ചിരിക്കേണ്ട കവിത,ആഴത്തില്‍ പഠിക്കേണ്ട കവിത.

ജലം, ഹൈഡ്രജനും ഓക്‌സിജനും നിശ്ചിത അളവില്‍ ചേരുന്നതാണെന്ന ശാസ്ത്രപാഠം ഉള്‍ക്കൊള്ളുമ്പോള്‍ ജലത്തിന്റെ തീര്‍ഥസ്വഭാവം മറന്നേ പോകുന്നു. മതാനുഷ്ഠാനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ മടിക്കാത്തവര്‍ക്ക് ജനനത്തിനും മരണത്തിനുമിടയില്‍ ജലം എത്രത്തോളം ജീവനവും ജീവിതവുമാണെന്ന ബോധമില്ലാതാകുന്നു. ‘പ്രളയപയോധി ജലേ’ എന്നാണ് ജീവോല്‍പ്പത്തി ചരിതം. പക്ഷേ ഒരു തുള്ളി കുടിവെള്ളമില്ലാതെ വന്നാല്‍!

പിന്‍കുറിപ്പ്:

ഭാഗവതത്തിലെ ശ്രീകൃഷ്ണലീലയില്‍ ‘ബാലസ്ത്രീകടെ തുകിലും, വാരിക്കൊണ്ട് അരയാലിന്‍കൊമ്പത്തിരുന്ന് ശീലക്കേടുകള്‍ പറഞ്ഞ” വര്‍ണനയുണ്ട്. അതിനു കാരണവും പറയുന്നുണ്ട്. അത് ആരും ‘കണികാണും നേരം’ പാടുമ്പോള്‍ പാടാറില്ലെന്നു മാത്രം. ഗോപികമാര്‍ കാളിന്ദിയില്‍ പൂര്‍ണനഗ്‌നരായാണ് ഇറങ്ങിയത്. അത് നദിയോട് ചെയ്യുന്ന, ജീവ ജലത്തോട് ചെയ്യുന്ന അസംസ്‌കൃതിയായതിനാലാണ്, അവരെ ‘പ്രതിസന്ധി’ അറിയിക്കാനാണ് ശ്രീകൃഷ്ണന്‍ ആ പ്രവൃത്തി ചെയ്തതെന്നൊരു വ്യാഖ്യാനമുണ്ട്. ഒരുപക്ഷേ ആദ്യത്തെ ജല-നദീ സംരക്ഷണ പാഠം. ജലം അമൂല്യമാണെന്ന് വാട്ടര്‍ടാപ്പിനു മുന്നില്‍ എഴുതി ഒപ്പുവെച്ച് ഒട്ടിക്കുന്നതില്‍ എല്ലാം കഴിയുന്നില്ല എന്നര്‍ത്ഥം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക