നമ്മള് എവിടെ നില്ക്കുന്നുവോ അവിടെനിന്നും അടുത്ത തലത്തിലേക്കുള്ള പടി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടിക്കുഴയും. മതിയായ വിവേചനബുദ്ധിയും സന്തുലിതാവസ്ഥയും നിങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്തിട്ടില്ലെങ്കില് ഈ കൂടിക്കുഴയല്‍ ഒരുപാട് ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ ഒരു ആത്മീയ സാധനയിലേക്ക് പ്രവേശിക്കുന്നു. പൊടുന്നനെ എവിടെയാണ് എന്നതിനെക്കുറിച്ചുള്ള ബോധ്യം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ഇങ്ങനെയൊരു ആശയക്കുഴപ്പമുണ്ടാവുകയാണെങ്കില് അത് വളരെ നല്ലതാണ്. അതിനര്‍ത്ഥം നിങ്ങള്‍ പുതിയ ഒരു തലത്തിലേയ്ക്ക് കാലെടുത്ത് വച്ചിരിക്കുന്നു എന്നാണ്. പരിചിതമായ ഒരു സ്ഥലത്ത് തന്നെ തുടരുകയാണെങ്കില്‍ അവിടെ നമുക്ക് സുരക്ഷിതത്വം ഉണ്ടാവും പക്ഷേ വളര്‍ച്ച ഉണ്ടാവില്ല.
അത് ട്രപ്പീസില്‍ ആടുന്നത് പോലെയാണ്. സ്വന്തം ട്രപ്പീസില്‍ ആടുകയാണെങ്കില്‍ അവിടെ പ്രശ്നമൊന്നുമില്ല. അത് വിട്ട് മറ്റൊന്നിനെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനിടയില്‍ വരുന്ന ശൂന്യത ഭയാനകമാണ്. കാരണം നിങ്ങള്‍ അവിടെയുമല്ല ഇവിടെയുമല്ല. ജീവിതത്തിന്റെ മറ്റു തലങ്ങളെ അറിയാന്‍ ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് നേരിടേണ്ടിവരുന്ന ഒരു പ്രതിസന്ധിയാണിത്. അവര്‍ക്ക് അടുത്ത തലത്തെ അറിയണം. എന്നാല്‍ ഒരു നിമിഷം പോലും ഈ തലത്തില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ട് അനാവശ്യമായി അവര്‍ ബുദ്ധിമുട്ടുന്നു. നിങ്ങള്‍ ട്രപ്പീസിനെ ഉപേക്ഷിച്ചുകൊണ്ട് ചാടുകയാണെങ്കില്‍, അപ്പുറത്തെ ട്രപ്പീസ് അതിന്റെ സ്ഥാനത്ത് തന്നെ ഉണ്ടാവും. നിങ്ങള്‍ക്ക് അതിനെ അനായാസം പിടിക്കാം. പകരം നിങ്ങള്‍ ആടിക്കൊണ്ടേയിരിക്കുകയാണെങ്കില്, നിങ്ങള്‍ പിടി അയക്കുന്നുണ്ടെങ്കിലും ചെറുവിരല്‍ കൊണ്ടെങ്കിലും അതിനെ പിടിക്കുന്നുണ്ടെങ്കില്‍, അതിനെ കൈവിടാതിരിക്കുകയാണെങ്കില് വലിയ ഒരു ആത്മപീഡയായിരിക്കും അത്. പരിചിതമായതിനെ ഉപേക്ഷിച്ച് മറ്റൊന്നിനെ പുല്കാന് പറയുമ്പോള്‍ അതിനര്‍ത്ഥം നിങ്ങള്‍ വീടുവിട്ടു പോകണം എന്നല്ല. നിങ്ങള്‍ കുടുങ്ങിക്കിടക്കുന്ന കാര്യങ്ങളില്‍ നിന്ന് മാനസികമായി വിടുതല്‍ നേടുക.
അപരിചിതമായതിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമം നടത്തിയതിനുശേഷം, പരിചിതമായതിലേക്ക് തിരികെ കാലെടുത്തു വെക്കരുത്. അതൊരുതരം പിന്തിരിഞ്ഞു നടക്കലാണ്. കാര്യങ്ങള്‍ കൂടിക്കലര്‍ന്നതിനു ശേഷം പിന്തിരിയരുത്. ഈ ആശയക്കുഴപ്പത്തെ ശരിയായ രീതിയിലും പ്രയോജനപ്രദമായ രീതിയിലും കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലാതെ അത് സ്വയം നാശത്തിന് വഴി വെക്കാന്‍ പാടില്ല. നിങ്ങള്‍ ഒരു ഭക്തനാണെങ്കില്‍ ആശയക്കുഴപ്പത്തിന്റെ പ്രശ്നമുദിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ എന്തിനെയും ചോദ്യം ചെയ്യുന്ന ആളാണെങ്കില്‍ അത് നടക്കില്ല. അങ്ങനെയെങ്കില്‍ അടുത്ത വഴി, ഏതാണ് സത്യം ഏതാണ് അസത്യം എന്ന് വളരെ കൃത്യമായി നോക്കി കാണുക എന്നതാണ്. അത് ഭൂതകാലത്തെ അനുഭവങ്ങളില്‍നിന്നോ ശീലങ്ങളില്‍ നിന്നോ അല്ല. മറിച്ച് വളരെ വിവേചനപരമായി കാര്യങ്ങളെ നോക്കി കാണുക. അത് ചെയ്യണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ബുദ്ധിയെ അത്രയേറെ മൂര്ച്ചയേറിയതാക്കി മാറ്റണം. അതിന് വേണ്ടത്ര മൂര്‍ച്ച ഇല്ലെങ്കില്‍ ശ്രമം നിഷ്ഫലമാകും.
ഈ രണ്ടു കാര്യങ്ങളും അസാധ്യമാണ് എങ്കില്‍ നിങ്ങള്‍ക്ക് അര്‍ത്ഥവത്തായതെന്ന് തോന്നുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുക. അതുമല്ലെങ്കില്‍ മറ്റൊരു വഴി നോക്കാം. നിങ്ങളിലെ ജീവോര്‍ജത്തെ അധികരിപ്പിക്കുക. നിങ്ങളുടെ മനസ്സ് ഒന്ന് പറയുന്നു, വികാരങ്ങള്‍ മറ്റൊന്നു പറയുന്നു. എന്നാല്‍ നിങ്ങളിലെ ജീവോര്‍ജം അത്രമാത്രം ഉണര്‍ന്നിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് അവയൊന്നും പ്രശ്നമാവില്ല. നിങ്ങളുടെ മനസ്സിന് തെറ്റുപറ്റാം. അതിന് പലപ്രാവശ്യം തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ ജീവോര്‍ജ്ജത്തിന് തെറ്റ് പറ്റില്ല. അതിന് തെറ്റും ശരിയും ഒന്നുമറിയില്ല. ജീവനെ മാത്രമേ അറിയൂ. അത് ഉയര്‍ന്ന അവസ്ഥയിലാണോ താഴ്ന്ന അവസ്ഥയിലാണോ എന്നത് മാത്രമാണ് വിഷയമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: