പെരിങ്ങോട്ടുകര (തൃശൂർ): ഔഷധഗുണം കൂടിയ രക്തശാലി ഇനത്തിലുള്ള നെല്ല് കൃഷി ചെയ്ത് വിജയഗാഥ രചിക്കുകയാണ് പെരിങ്ങോട്ടുകര സ്വദേശി കൊണഞ്ചേരി വീട്ടിൽ സീന ജയശീലൻ . സോമശേഖര ക്ഷേത്രത്തിന് സമീപത്ത് തന്റെ പ്രയത്നം കൊണ്ട് ഒരേക്കർ സ്ഥലത്താണ് രക്തശാലി ഇനത്തിലുള്ള ഔഷധ ഗുണമേറിയ നെല്ല് വിളയിച്ചിരിക്കുന്നത്. പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് രക്തശാലി കൃഷി ചെയ്തിരിക്കുന്നത്.
ഒരുപാട് ഔഷധഗുണങ്ങൾ രക്തശാലിക്കുണ്ട്. വാത-പിത്ത- കഫ രോഗങ്ങൾക്കും, സ്ത്രീകൾക്ക് പ്രസവശേഷം മുലപ്പാൽ ഉണ്ടാകാനും, കാൽമുട്ട്, വാത രോഗം എന്നിവക്കും രക്തശാലി കഞ്ഞി വച്ചു കുടിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു. പണ്ടു കാലങ്ങളിൽ രാജാക്കന്മാർ യുവത്വം നിലനിർത്താനായി രക്തശാലി കഴിച്ചിരുന്നുവത്രേ. പ്രതിരോധ ശേഷി കൂടിയ ഇനം രക്തശാലി അരി കഞ്ഞി വച്ച് കഴിച്ചാൽ സ്വാദിഷ്ടമാണ്.
കൊയ്തെടുക്കുന്ന രക്തശാലി നെല്ല് എല്ലാ മില്ലുകളിലും കുത്തിയെടുക്കാൻ കഴിയില്ല. ഇതിനായുള്ള പ്രത്യേകം മില്ലിൽ മാത്രമേ ഇത് സാധ്യമാകൂ. 1 കിലോ രക്തശാലി നെൽവിത്തിനും, അരിക്കും 200 മുതൽ 250 രൂപ വരെ വിലയുണ്ട്. കേരളത്തിൽ വളരെ കുറവ് സ്ഥലങ്ങളിൽ മാത്രമാണ് ഈ കൃഷിയുള്ളത്.
പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ സീനയുടെ മേൽനോട്ടത്തിൽ നടത്തിയ രക്തശാലി നെല്ല് 110 ദിവസം കൊണ്ടാണ് കൊയ്യാൻ പാകമായത്. സമീപത്ത് തന്നെ 55 സെന്റ് സ്ഥലത്തും ഇവർ രക്തശാലി കൃഷി ചെയ്യുന്നുണ്ട്. 1 ഏക്കർ കൃഷിയിറക്കാൻ 8 കിലോ രക്തശാലിയുടെ വിത്ത് മതിയാകും. ഓപ്പറേഷൻ കോൾ ഡബ്ബിൾ ലെയ്സൺ ഓഫീസർ ഡോ. എ.ജെ. വിവൻസി, താന്ന്യം കൃഷി ഓഫീസർ ഹെൻറി, അസി. ഓഫീസർ ശ്രീജ തുടങ്ങിയവരുടെ മാർഗ നിർദേശം സീനക്ക് ലഭിച്ചിരുന്നു.
2019 – ൽ താന്ന്യം പഞ്ചായത്ത് മികച്ച വനിതാ കർഷകക്കുള്ള അവാർഡ് സീന നേടിയിട്ടുണ്ട്. 20 വർഷം വിദേശത്തായിരുന്ന സീന 5 വർഷം മുൻപ് നാട്ടിലെത്തിയപ്പോൾ മുതലാണ് കൃഷിയിലേക്കിറങ്ങിയത്. സമീപത്ത് തന്നെ ഒന്നരയേക്കറിൽ പച്ചക്കറിയും, വാഴയും സീന കൃഷി ചെയ്തു വരുന്നു. ഭർത്താവ്: ജയശീലൻ. മക്കൾ: രേവതി, രോഹിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: