Categories: Astrology

പഞ്ചാംഗത്തിലെ ദിവസവിശേഷങ്ങള്‍…

. അര്‍ധരാത്രി 12 മണി മുതല്‍ ഒരു ദിവസം തുടങ്ങുന്നുവെന്നത് പാശ്ചാത്യ നിയമമാണ്. ഭാരതീയരുടെ ദിവസം സൂര്യോദയം മുതലാണ് തുടങ്ങുന്നത്. അടുത്ത പ്രഭാതത്തിലെ സൂര്യോദയം വരെയാണ് ഒരു ദിവസം. ഇങ്ങനെ പഞ്ചാംഗത്തെക്കുറിച്ച് അതിലെ ഒരു ഘടകമായ വാരത്തെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കി. കൂടുതല്‍ വിഷയങ്ങള്‍ തുടര്‍ ലേഖനങ്ങളില്‍ എഴുതുന്നുണ്ട്.ജേ്യാതിഷ ഭൂഷണം

Published by

എസ്. ശ്രീനിവാസ് അയ്യര്‍

പഞ്ച അംഗം ആണ് പഞ്ചാംഗം. അഞ്ച് അംഗങ്ങള്‍, അഞ്ച് ഘടകങ്ങള്‍, എന്നൊക്കെപ്പറയാം. അവയുടെ ഏകീകരണമാണ്, സമവായമാണ് സാമാന്യമായി പറഞ്ഞാല്‍ പഞ്ചാംഗം എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ദൈവജ്ഞനും ജ്യോതിഷ വിദ്യാര്‍ഥിക്കും അനിവാര്യമാണ് പഞ്ചാംഗജ്ഞാനം. എന്നല്ല ഓരോ സനാതനധര്‍മവിശ്വാസിക്കും പഞ്ചാംഗം ബോധം ഒഴിവാക്കാനാവില്ല.  

പഞ്ചാംഗത്തിലെ അഞ്ച് അംഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം ആഴ്ച (വാരം), നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയാണ് പഞ്ച അംഗങ്ങള്‍. സൂക്ഷ്മ വിശകലനത്തില്‍ ഇത് കാലത്തെക്കുറിച്ചുള്ള ഗണനവും പരിജ്ഞാനവും തന്നെയാണ്. ഘടികാരം നോക്കി സമയം അറിയുന്നതുപോലെ പഞ്ചാംഗത്തില്‍ നിന്നും കാലത്തെ, സമയത്തെ, അന്നത്തെ, അപ്പോഴത്തെ, നേരത്തെ ഒക്കെ ജ്ഞാനം കൈവരുന്നു. സമയത്തിനൊപ്പം സഞ്ചരിക്കുകയാണ് എന്ന ബോധം സംജാതമാകുന്നു.  

ഏഴു ദിവസങ്ങള്‍ (ഞായര്‍ മുതല്‍ ശനി വരെ) ആണ് വാരം അഥവാ ആഴ്ച. ഇതില്‍ ഏതു ദിവസം എന്നതാണ് ആദ്യ ചിന്താവിഷയം. നവഗ്രഹങ്ങളില്‍ രാഹുകേതുക്കള്‍ക്ക് ഒഴികെ മറ്റ് ഏഴുഗ്രഹങ്ങള്‍ക്കുമാണ് ആഴ്ചയുടെ (ദിവസം) ആധിപത്യം. ഞായറാഴ്ച ഞായറിന്റെ അഥവാ സൂര്യന്റെ ദിവസം. തിങ്കളാഴ്ച തിങ്കളിന്റെ അഥവാ ചന്ദ്രന്റെ ദിവസം. ഇങ്ങനെ സപ്തഗ്രഹങ്ങള്‍ക്കായി സപ്തദിനങ്ങള്‍. അവയുടെ ചില പേരുകള്‍ നോക്കാം:  

ഞായറാഴ്ച: രവിവാരം, ഭാനുവാരം.

തിങ്കളാഴ്ച: ഇന്ദുവാരം, സോമവാരം.

ചൊവ്വാഴ്ച:  മംഗളവാരം, കുജവാരം, ഭൗമവാരം.

ബുധനാഴ്ച: സൗമ്യവാരം, ബുധവാരം.

വ്യാഴാഴ്ച: ഗുരുവാരം, ബൃഹസ്പതി വാരം.

വെള്ളിയാഴ്ച: ശുക്രവാരം, ഭൃഗുവാരം.

ശനിയാഴ്ച: മന്ദവാരം, സ്ഥിരവാരം.

ഞായറാഴ്ച മുതല്‍ ഓരോ ദിവസവും ജനിച്ചാലുള്ള ഫലം പ്രത്യേകമായി ജാതകത്തില്‍ രേഖപ്പെടുത്താറുണ്ട്. ഞായറാഴ്ച ജനിക്കുന്നവരില്‍ സൂര്യന്റെയും തിങ്കളാഴ്ച ജനിക്കുന്നവരില്‍ ചന്ദ്രന്റെയും പ്രഭാവമുണ്ടാകും. അതുപോലെ ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെ സ്വാധീനം യഥാക്രമം അതാത് ദിവസങ്ങളില്‍ പ്രതിഫലിക്കും. രാഹുവിനും കേതുവിനും ശനിയും ചൊവ്വയും ആണ് ആഴ്ചകള്‍ (ദിവസങ്ങള്‍) എന്ന ധാരണയുണ്ട് ്‌പൊതുവേ. ശനിയെപ്പോലെ രാഹു, ചൊവ്വയെപ്പോലെ കേതു എന്ന ചിന്താഗതി ശക്തമാണ്. തിങ്കള്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നിവ ശുഭദിനങ്ങളാണെന്നും ചൊവ്വ, ശനി, ഞായര്‍ എന്നിവ അശുഭദിനങ്ങളാണെന്നും അഭിപ്രായമുണ്ട്. ഗ്രഹങ്ങളുടെ ശുഭപാപത്വമാണ് ഇവിടെ ഇതിനും ആധാരം.  

വാരദേവതകളെക്കുറിച്ചുള്ള സങ്കല്പം ഇങ്ങനെ: ഞായറിന്റെ അധിപന്‍ ശിവന്‍, തിങ്കള്‍ ദുര്‍ഗാ, ചൊവ്വ സുബ്രഹ്മണ്യന്‍, ബുധന്‍ മഹാവിഷ്ണു, വ്യാഴം ബ്രഹ്മാവ്, വെള്ളി മഹാലക്ഷ്മി, ശനി കുബേരന്‍! അതാത് ആഴ്ചകളില്‍  ജനിച്ചവര്‍ ദിവസാധിപന്മാരായ ഗ്രഹങ്ങളെ ഭജിക്കുന്നതിനൊപ്പം മുകളില്‍ ചേര്‍ത്ത വാരദേവതകളെയും ആരാധിക്കണമെന്നാണ് സങ്കല്പം.  

ഓരോ ദിവസവും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആചാര്യന്മാര്‍ നല്‍കുന്നുണ്ട് പക്ഷേ ഈ ചൂണ്ടിക്കാട്ടലുകളില്‍ ധാരാളം മാറ്റം ഇന്ന് ഭവിച്ചിരിക്കുന്നു. മനുഷ്യജീവിതത്തില്‍ കാലഗതിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ഇവിടെയും സംഗതമായിരിക്കുന്നതെന്ന് ആശ്വസിക്കാം. ഞായര്‍ സ്ഥിരവാരം, തിങ്കള്‍ ചരവാരം, ചൊവ്വ ഉഗ്രവാരം, ബുധന്‍ സൗമ്യവാരം, വ്യാഴം ലഘുവാരം, വെള്ളി മൃദുവാരം, ശനി തീഷ്ണവാരം എന്നിങ്ങനെയും ഒരു തരം തിരിവ് ആചാര്യന്മാര്‍ നിര്‍വഹിച്ചിട്ടുണ്ട്. സൂര്യന്‍ സ്ഥിരഗ്രഹം, ചന്ദ്രന്‍ ചരഗ്രഹം, ചൊവ്വ ഉഗ്രഗ്രഹം, ബുധന്‍ സൗമ്യഗ്രഹം, വ്യാഴം ലഘുഗ്രഹം, ശുക്രന്‍ മൃദുഗ്രഹം, ശനി തീഷ്ണഗ്രഹം എന്ന വിഭാവനത്തില്‍ നിന്നുമാവണം ഈ ആശയത്തിന്റെ പിറവി എന്ന് കരുതാം.  

ഓരോ ആഴ്ചയിലും ഉള്ള യാത്രകള്‍ക്കും അനുകൂല-പ്രതികൂല നിയമങ്ങളുണ്ട് ‘വാരശൂലം എന്നാണ് അതിനെ പറയുക. ഞായറാഴ്ച കിഴക്കും തിങ്കളാഴ്ച വടക്കും ചൊവ്വയും ബുധനും അഗ്നികോണിലേക്കും വ്യാഴാഴ്ച തെക്കോട്ടും വെള്ളിയാഴ്ച പടിഞ്ഞാറോട്ടും ശനിയാഴ്ച വായുകോണിലേക്കും യാത്രാ ശൂലമുണ്ട്. ഓരോ ദിവസവും എന്തെല്ലാം ചെയ്യാമെന്ന് വിധിച്ചിട്ടുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ചു. വിഹിതമല്ലാത്ത ദിവസങ്ങളില്‍ കര്‍മങ്ങള്‍ ചെയ്യേണ്ടി വന്നാലോ യാത്ര ചെയ്യേണ്ടി വന്നാലോ ഇനി പറയുന്ന പദാര്‍ത്ഥങ്ങള്‍ തൊടുകയോ ഭക്ഷിക്കുകയോ വേണം. പിന്നീടാവണം യാത്രയും മറ്റും. അതിനെ ‘ വാരഭുക്തി’ എന്നു വിളിക്കുന്നു.

ഞായര്‍ -നെയ്യ്, തിങ്കള്‍ -പാല്‍, ചൊവ്വ -ശര്‍ക്കര, ബുധന്‍ -എള്ള്, വ്യാഴം -തൈര്, വെള്ളി -ധാന്യം (യവം) ശനി – ഉഴുന്ന് എന്നതാണ് നിയമം. അര്‍ധരാത്രി 12 മണി മുതല്‍ ഒരു ദിവസം തുടങ്ങുന്നുവെന്നത് പാശ്ചാത്യ നിയമമാണ്. ഭാരതീയരുടെ ദിവസം സൂര്യോദയം മുതലാണ് തുടങ്ങുന്നത്. അടുത്ത പ്രഭാതത്തിലെ സൂര്യോദയം വരെയാണ് ഒരു ദിവസം.  ഇങ്ങനെ പഞ്ചാംഗത്തെക്കുറിച്ച് അതിലെ ഒരു ഘടകമായ വാരത്തെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കി. കൂടുതല്‍ വിഷയങ്ങള്‍ തുടര്‍ ലേഖനങ്ങളില്‍ എഴുതുന്നുണ്ട്.ജേ്യാതിഷ ഭൂഷണം  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology