ഈശ്വരനുണ്ടോ എന്നു ചോദിക്കുന്ന യുക്തിവാദിയോട് നമുക്കിങ്ങനെ പറയാം. ‘ഉണ്ടല്ലോ, സംശയമുണ്ടെങ്കില്‍ ലതാ മങ്കേഷ്കറുടെ പാട്ടുകള്‍ കേട്ടുനോക്കൂ. രൂപമില്ലാത്ത ആ കോസ്മിക് എനര്‍ജി നാദമായി നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും.’
ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിനേതാക്കളിലൊരാളായ ദിലീപ്കുമാര് ഈ ആശയം മറ്റൊരു രീതിയില്‍ പറഞ്ഞു. ലതാ മങ്കേഷ്കറിന്റെ ശബ്ദം ഈശ്വരന്റെ മായാവിലാസമാണെന്ന്. ഇന്ത്യയില്‍ ഒരു ഗായികയ്ക്കു കിട്ടാവുന്ന എല്ലാ മികച്ച അംഗീകാരങ്ങളും നേടിയ ലതാമങ്കേഷ്കര്‍ ലോകസംഗീതത്തിലെ അദ്ഭുതമായിരുന്നു. സംസ്ഥാനതലത്തിലും (മഹാരാഷ്ട്ര) ദേശീയതലത്തിലും എത്രയെത്ര പുരസ്കാരങ്ങള്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ഭാരതരത്നവും വരെ അവര്‍ നേടി. തികച്ചും സമ്പൂര്‍ണ്ണമായ ജീവിതമായിരുന്നു ലതാജിയുടേത്.
ദാരിദ്ര്യവും അവഗണയും അനുഭവിച്ച ബാല്യകൗമാരങ്ങള്‍ ലത എന്ന പെണ്‍കുട്ടിയെ ധീരയും ശക്തയുമാക്കി. എതിര്‍പ്പുകളെ തന്റെ നാദപ്രതിഭയൊന്നുകൊണ്ടു മാത്രം അവര്‍ തരണം ചെയ്തു. ലതയുടെ അച്ഛന് ദീനനാഥ് ഒരു നാടകനടനും ഗായകനും ആയിരുന്നു. ഗോവയിലെ മങ്കേഷി എന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ സ്വദേശം. ദീനനാഥിന്റെ അച്ഛന് നാവാതെ ഹര്‍ദിക്കര്‍ മങ്കേഷിയിലെ ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ലതയുടെ അമ്മയുടെ അച്ഛന് ഗുജറാത്തിയായ ഒരു ചെറിയ വ്യവസായിയും. സേഥ് ഹരിദാസ് രാമദാസ് ലാഡ് എന്നു പേര്. ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന പിതാവിന്റെ പാത തുടരാന്‍ താല്പര്യമില്ലാത്ത ദീനനാഥ് കുടുംബസമേതം ഇന്‍ഡോറിലേക്ക് താമസം മാറ്റി. സ്വന്തമായി നാടകക്കമ്പനി തുടങ്ങിയെങ്കിലും അത് നഷ്ടത്തിലായി. ദീനനാഥിന് അഞ്ച് മക്കള്‍. നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ലത, മീന, ആശ, ഉഷ, ഹൃദയനാഥ്.
ദീനനാഥിന്റെ സംഗീത പാരമ്പര്യം അഞ്ചു മക്കള്‍ക്കും കിട്ടി. നാടകരംഗത്തും ചലച്ചിത്ര രംഗത്തും പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റര്‍ വിനായക് എന്ന കലാകാരന് ദീനനാഥിന്റെ കുടുംബ സുഹൃത്തായിരുന്നു. ദീനനാഥിന്റെ മൂത്ത മകളായ ലതയുടെ പ്രതിഭ ആദ്യമായി തിരിച്ചറിഞ്ഞത് മാസ്റ്റര്‍ വിനായക് ആണ്. മറാത്തിയിലെ സംഗീതസംവിധായകന് സദാശിവ് നവരേക്കറിനോട് ഈ ബാലപ്രതിഭയെ കുറിച്ച് മാസ്റ്റര്‍ വിനായക് പറഞ്ഞു. കുട്ടിയുടെ ശബ്ദം ഇഷ്ടപ്പെട്ട അദ്ദേഹം താന്‍ സംഗീതം നിര്‍വഹിച്ച ‘പഹില്‍ മംഗള ഗൗര്‍’ എന്ന മറാത്തി സിനിമയില്‍ ലതയ്ക്ക് പാടാന്‍ അവസരം നല്കി. 1929 സപ്തംബറില്‍ ജനിച്ച ലത 1942 ല്‍ അതായത് തന്റെ പതിമൂന്നാം വയസ്സില്‍ സിനിമയ്ക്കുവേണ്ടി ആദ്യമായി പാടി. ഈ വര്‍ഷം തന്നെയാണ് ലതയുടെ അച്ഛന് ദീനനാഥ് അന്തരിച്ചത്. അച്ഛന്റെ നാടകക്കമ്പനി വരുത്തി വച്ച കടവും അമ്മയും നാലു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഭാരവും പതിമൂന്നുകാരിയായ ലതയുടെ ശിരസ്സിലായി. 1943ല്‍. തന്റെ പതിനാലാം വയസ്സില്‍ ആദ്യത്തെ ഹിന്ദിഗാനം പാടിയെങ്കിലും അത് ഗജബാബു എന്ന മറാത്തി സിനിമയിലാണ് വന്നത്. മാസ്റ്റര്‍ വിനായക് തന്റെ കമ്പനി ബോംബെയിലേക്ക് മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ലതയുടെ കുടുംബം ഇന്‍ഡോറില്‍ നിന്ന് ബോംബെയിലേക്ക് താമസം മാറ്റി. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ ഉസ്താദ് അമീര്‍ അലിഖാന്റെ സവിധത്തിലെത്തി. ആ കൗമാരക്കാരിയുടെ ഭാവി ഭാവനയില്‍ കണ്ട ആ മഹാസംഗീതജ്ഞന് പ്രതിഫലം വാങ്ങാതെ ലതയെ പഠിപ്പിച്ചു. മാസ്റ്റര്‍ വിനായകിന്റെ ‘ബഡി മാം’ എന്ന സിനിമയില്‍ ലതയും ആശയും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.
1948ല്‍ ‘ഷഹീദ്’ എന്ന സിനിമയില്‍ പാടിയെങ്കിലും ചിത്രത്തിന്റെ സംവിധായകന് ശശിധര്‍മുഖര്‍ജി ശബ്ദം വളരെ നേര്‍ത്തതാണെന്നു കുറ്റപ്പെടുത്തി ഗാനം ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. ദു:ഖിതയായ ലതയ്ക്ക് ഗുലാം ഹൈദര്‍ എന്ന സംഗീതസംവിധായകന് ‘മജ്ബൂര്’ എന്ന ഹിന്ദി ചിത്രത്തില്‍ പാട്ട് നല്കി. നസീം പനിപതി എഴുതി ഗുലാം ഹൈദര്‍ ഈണം പകര്‍ന്ന ‘ദില്‍ മേരാ തോഡാ…’ എന്നാരംഭിക്കുന്ന ഈ ഗാനമാണ് ഹിന്ദി സിനിമയില്‍ വന്ന ലതയുടെ ആദ്യ ഗാനം.
1949 ല്‍ പുറത്തു വന്ന ‘മഹല്‍’ എന്ന ഹിന്ദി ചിത്രം സൂപ്പര്‍ ഹിറ്റായി. ലത പാടിയ അതിലെ ‘ആയേഗാ ആനേവാലാ…’ എന്ന പാട്ടും ജനഹൃദയം കവര്‍ന്നു. ഖേംചന്ദ് പ്രകാശ് ആയിരുന്നു മഹലിന്റെ സംഗീത സംവിധായകന്. പിന്നീട് ലതാ മങ്കേഷ്കര്‍ എന്ന ഗായികയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അനില്‍ ബിശ്വാസ്, സി.രാമചന്ദ്ര, നൗഷാദ്, ഹേമന്ത്കുമാര്‍, എസ്.ഡി.ബര്മന്, ശങ്കര്‍ ജയ് കിഷന്, സലില്‍ ചൗധരി, കല്യാണ്ജി ആനന്ദ് ജി, വസന്ത ദേശായ്, ലക്ഷ്മീകാന്ത് പ്യാരേലാല്‍ തുടങ്ങിയ സംഗീത സംവിധായകരുടെയെല്ലാം പ്രധാനഗായികയായി അവര്‍ മാറി. ഒരിക്കല്‍ ലതയുടെ ശബ്ദം നിരാകരിക്കപ്പെട്ടപ്പോള്‍, ‘ഒരുകാലത്തു ഒരു പാട്ട് പാടിക്കാന്‍ വേണ്ടി സംഗീതസംവിധായകര്‍ക്കു ലതാ മങ്കേഷ്കറിന്റെ കാലു പിടിക്കേണ്ടി വരും’ എന്നു പറഞ്ഞ ഗുലാം ഹൈദര്‍ എന്ന സംഗീതസംവിധായകന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ സത്യമായി ഭവിച്ചു.
അഞ്ചു മറാത്തി ചിത്രങ്ങള്‍ക്കും രണ്ടു ഹിന്ദി ചിത്രങ്ങള്‍ക്കും അവര്‍ സംഗീതസംവിധാനംനിര്‍വഹിച്ചു. ഹിന്ദിയിലും മറാത്തിയിലും ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. വാദായ്, ജഹാംഗീര്‍, കാഞ്ചന്‍ഗംഗ, ലേകിന് എന്നിവ ശ്രദ്ധേയം. കേന്ദ്രസാഹിത്യ അക്കാദമി, കൊല്‍ഹാപൂരിലെ ശിവാജി യൂണിവേഴ്സിറ്റി, ഇന്ദിര കലാസംഗീത വിദ്യാലയ എന്നീ സ്ഥാപനങ്ങള്‍ ഡോക്ടറേറ്റ് നല്കി ലതയെ ആദരിച്ചു. ലതാമങ്കേഷ്കറുടെ മൂന്ന് സഹോദരിമാരും സഹോദരനും ഗായകരാണ്. ആശാ ഭോസ്ലെയും ഉഷാ മങ്കേഷ്കറും ചേച്ചിയുടെ മേഖലയില്‍ തന്നെ വന്നു. ആശ ഏറെ പ്രശസ്തി നേടി. ഹൃദയനാഥ് മങ്കേഷ്കര്‍ ഏതാനും ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
ലതയുടെ മികച്ച പാട്ടുകള്‍ തെരഞ്ഞെടുക്കുന്നത് കടലില്‍ നിന്ന് ഏതാനും തിരകളെ തെരഞ്ഞെടുക്കുന്നതു പോലെയാണ്. അവര്‍ പാടിയതെല്ലാം അമൃതാണ്. എങ്കിലും മഹലിലെ ‘ആയേഗാ ആനേവാലാ…’, മധുമതിയിലെ ‘ആജാരെ…പരദേശി…’, വഹ് കോന്‍ ഥീ യിലെ ‘ലഗ് ജാ ഗെലേ…’, ദോ ആംഖേം ബാരഹ് ഹാഥിലേ ‘ഹേ മാലിക് തെരെ ബന്ദെ ഹം…’ എന്നിവ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: