സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആനുപാതികമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയിരുന്ന പൊതുഭരണ (എംപ്ലോയ്മെന്റ്-ബി) സെല്‍ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണം
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, പദവിയിലും അവസരങ്ങളിലും സമത്വവും പ്രാപ്തമാക്കണമെന്ന് നിര്‍ദേശിക്കുന്നു. 12 മുതല്‍ 35 വരെയുള്ള അനുച്ഛേദങ്ങളിലാണ് പൗരന്റെ മൗലികാവകാശങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. 14 മുതല്‍ 18 വരെയുള്ള അനുച്ഛേദങ്ങളില്‍ സമത്വത്തിനുള്ള അവകാശം വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വിളംബരം ചെയ്യുന്ന ഭരണഘടന തന്നെയാണ്, സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ഏതെങ്കിലും വിഭാഗം പൗരന്മാരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കു വേണ്ടിയോ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്നതിനോ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിനോ രാഷ്ട്രത്തെ തടയുന്നതല്ല എന്ന് നിര്‍വ്വചിച്ചിട്ടുള്ളത്. (അനുച്ഛേദം 15 (4) 16 (4). പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓരോ വകുപ്പിലും തസ്തികകളിലും ഭരണഘടനാപരമായി ലഭിക്കേണ്ട പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച അവലോകനം നടത്തി അതിന്റെ പുരോഗതി വിലയിരുത്തി, സംവരണം സംബന്ധിച്ച നിര്‍ദേശങ്ങളുടെ മാന്വല്‍ തയ്യാറാക്കുക. പബ്ലിക് സര്‍വ്വീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് പൊതുഭരണ സെല്‍ (എംപ്ലോയ്മെന്റ് സെല്‍-ബി) നിര്‍വ്വഹിച്ചിരുന്നത്. ഇന്നിപ്പോള്‍ ഈ സെക്ഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിലേക്ക് വിന്യസിക്കുകയും പൊതുഭരണ വകുപ്പി(എ)ല്‍ ലയിപ്പിച്ച് എംപ്ലോയ്മെന്റ് സെല്‍ എന്ന് നാമകരണം ചെയ്തതായുമാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസിലെ ആനുപാതിക പ്രാതിനിധ്യം മരീചികയായി മാറുമെന്നതില്‍ സംശയമില്ല.
സര്‍ക്കാര്‍ സര്‍വ്വീസിലെ 87 വകുപ്പുകളിലെ വാര്‍ഷിക അവലോകനവും പട്ടിക വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്നതിനായാണ് സെക്രട്ടറിയേറ്റില്‍ പൊതുഭരണ സെല്‍ രൂപീകരിച്ചിരുന്നത്. 2019 സെപ്തംബര്‍ 30 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം ഗസറ്റഡ്, നോണ്‍ ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് തസ്തികളിലായി 2000ല്‍ അധികം ഒഴിവുകള്‍ നികത്തപ്പെടേണ്ടതുണ്ട്. കൂടാതെ സ്പെഷ്യല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം കുറവാണെന്നും കണ്ടെത്തിയിരുന്നു.
പൊതുഭരണ സെല്‍ നിര്‍ത്തലാക്കുന്നതോടെ പട്ടിക വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നിര്‍ദേശിക്കുന്ന തുല്യ അവസരം, അധികാര പങ്കാളിത്തം എന്നിവയുടെ പ്രായോജകരാകാന്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വരും. പൊതുഭരണ സെല്‍ ഉണ്ടായിരുന്നപ്പോഴും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമനങ്ങള്‍ നടത്തുന്നതിലും കുറ്റകരമായ അനാസ്ഥയും കാലവിളംബവും നിലനിന്നിരുന്നു എന്നതും ഗൗരവമായി കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: