മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ വര്‍ഗീയ- വിഭാഗീയ നിലപാടുകളെക്കുറിച്ച് രാജ്യം പലവട്ടം ചര്‍ച്ച ചെയ്തതാണ്. ഉപരാഷ്‌ട്രപതി പദമൊഴിയുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ ഇന്ത്യന്‍ ജന മനസ്സിനെ കുറച്ചൊന്നുമല്ല അലട്ടിയത്. അന്‍സാരിക്കും കുടുംബത്തിനുമുള്ള അലിഗഡ്- ഖിലാഫത്ത് ബന്ധവും പടിഞ്ഞാറന്‍ ഏഷ്യയിലെ നയതന്ത്ര ജീവിതവും അത് അദ്ദേഹത്തിന്റെ ചിന്തയെ കരുപ്പിടിപ്പിച്ചിരിക്കും എന്നും പ്രധാനമന്ത്രി അന്ന് രാജ്യസഭയില്‍ പ്രസംഗിക്കവെ സൂചിപ്പിച്ചത് രാജ്യമേറെ ചര്‍ച്ച ചെയ്തതാണ്. പിന്നീടാണ്, 2017ല്‍, കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ കയറിച്ചെല്ലാന്‍ അന്‍സാരി തയ്യാറായത്. ഇന്നിപ്പോള്‍ അമേരിക്കയിലെ ഇന്ത്യാ വിരുദ്ധ-പാക് ഇസ്ലാമിക ശക്തികളുടെ വേദിയിലെത്തിയാണ് സ്വന്തം രാജ്യത്തിനെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞത്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലാതായി എന്നും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് അധീശത്വം നേടാനായിരിക്കുന്നു എന്നും മറ്റുമാണ് വിലാപം. ഇത്തരം ചെയ്തികള്‍ നല്‍കുന്ന സന്ദേശം എന്താണ് എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടുന്ന വിഷയമാണല്ലോ; കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടായിരുന്നോ ഈ പുറപ്പാട് എന്നതും പരിശോധിക്കപ്പെടണം.
മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ചത് ആരാണ് എന്നത് എല്ലാവര്‍ക്കുമറിയാം. അവരില്‍ ഒരു കൂട്ടര്‍ പിന്നെ മതത്തിന്റെ പേരില്‍ ജിഹാദിന് ഇറങ്ങിപ്പുറപ്പെട്ടു; രാജ്യമെമ്പാടും കലാപമുണ്ടാക്കാന്‍ പരിശ്രമങ്ങള്‍ നടത്തി. അതെല്ലാം പരാജയപ്പെടുന്ന വേളയിലാണ് വിഭജനത്തിന് വേരോട്ടമുണ്ടാക്കാനുതകുന്ന ചിന്തകള്‍ക്ക് ശക്തിപകരാന്‍ ശ്രമിക്കുന്നത്. മുന്‍ ഉപരാഷ്‌ട്രപതിയെപ്പോലെ ഒരാള്‍ അതിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ആഗോള ശ്രദ്ധ നേടാനാവുമെന്നാവണം ഇന്ത്യാവിരുദ്ധരായ സംഘാടകര്‍ ചിന്തിച്ചത്. ‘ഹിന്ദുത്വ’ ദര്‍ശനം സുപ്രീംകോടതിപോലും ശരിവച്ചതിന് ശേഷമാണ് രാജ്യത്ത് സാംസ്‌കാരിക ദേശീയതക്ക് ഇന്നുള്ള അംഗീകാരത്തെ ആക്ഷേപിക്കാന്‍ അന്‍സാരിമാര്‍ ശ്രമിച്ചത്. ദുര്‍ബ്ബലമാണ് ആ വാദഗതികള്‍ എന്നത് ഇന്ത്യാക്കാര്‍ക്കറിയാം; കടുത്ത രാഷ്ട്രീയ നൈരാശ്യത്തില്‍ നിന്ന് ഉടലെടുത്തതാണ് അതൊക്കെ എന്നുമറിയാം. അതാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക വക്താവിന്റെ പ്രസ്താവനയില്‍ നിഴലിച്ചത്. ചുരുക്കം വാക്കുകളിലൂടെ വിദേശ മന്ത്രാലയം അതിനോട് ഭംഗിയായി പ്രതികരിച്ചത് ശ്രദ്ധിക്കുക.
യഥാര്‍ത്ഥത്തില്‍ എന്താണ് ഇന്ത്യന്‍ മുസ്ലിങ്ങളുടെ അവസ്ഥ എന്നറിയണമെങ്കില്‍ മറ്റു ഇസ്ലാമിക രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ മതിയല്ലോ. ലോകത്തിലെ ഏത് ഇസ്ലാമിക രാജ്യത്താണ് ഇന്ന് സമാധാനമുള്ളത്? എവിടെയാണ് ജിഹാദികള്‍ തോക്കുമായി നടന്ന് മുസ്ലിങ്ങളെത്തന്നെ കൊന്നൊടുക്കാത്തത്. പാകിസ്ഥാന്‍ എവിടെയെത്തി നില്‍ക്കുന്നു എന്നത് ഇമ്രാന്‍ഖാന്റെ വാക്കുകളില്‍ തന്നെ നാംകാണുന്നുണ്ടല്ലോ. അഫ്ഗാനിസ്ഥാന്‍ അവസാന ഉദാഹരണമാണ്; അവിടേക്ക് ‘യഥാര്‍ഥ മുസ്ലിമിന്റെ വക്താക്കളായ താലിബാന്‍’ കടന്നുവന്നപ്പോള്‍ കയ്യില്‍കിട്ടിയതും കൊണ്ട് നാടുവിട്ടത് മുസ്ലിങ്ങള്‍ തന്നെയാണല്ലോ. ആ ദിവസങ്ങളില്‍ കാബൂളില്‍ നാം കണ്ടതൊക്കെ മറക്കാറായിട്ടില്ലല്ലോ. അതൊക്കെ ആലോചിക്കുമ്പോള്‍ ഇന്ത്യ മുസ്ലിങ്ങള്‍ക്ക് സ്വര്‍ഗമാണ്; ഇവിടെ ഭൂരിപക്ഷ ജനതയെക്കാള്‍ സംരക്ഷണവും സുരക്ഷയുമവര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നു. എല്ലാ പദ്ധതികളിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പരിരക്ഷയും സ്ഥാനവും നല്‍കപ്പെടുന്നു. അതാണ് ഇന്ത്യയുടെ ഹൃദയവിശാലത, അതാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം.
സിമിയും പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും
ഇനി, ആരാണ് ഈ ആഗോള വെര്‍ച്വല്‍ സമ്മേളനം വിളിച്ചുകൂട്ടിയത്? ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ – ഐഎഎംസി ആണതില്‍ പ്രധാനി. 2021ല്‍ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് മുപ്പതോളം യുഎസ് സംഘടനകള്‍ ബൈഡന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നല്ലോ; ആ കാമ്പയിന് നേതൃത്വം കൊടുത്തവരില്‍ ഐഎഎംസിയുണ്ടായിരുന്നു. കൊവിഡ് കാലഘട്ടത്തില്‍ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് ആയിരം ഡോളര്‍ ഐഎഎംസിക്ക് കിട്ടിയെന്നും ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ‘സിമി’യുമായി ബന്ധപ്പെട്ട സംഘടനയാണിതെന്നും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലെ ‘ന്യൂസ് വീക്ക്’ ആണ്. ഐഎഎംസിയുടെ പ്രമുഖ നേതാവായ കലീം ഖവാജയുടെ താലിബാന്‍ ബന്ധം പരസ്യവുമാണ്. അതായത് ‘സിമി’യുടെ പിന്തുടര്‍ച്ചാവകാശികള്‍ക്കും താലിബാന്റെ വക്താക്കള്‍ക്കും വേണ്ടികൂടിയാണ് ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതി പ്രത്യക്ഷപ്പെട്ടതും ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയതും. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ‘സിമി’ ബന്ധവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണല്ലോ. ഇന്ത്യയില്‍ നിന്ന് നേരത്തെ നാടുകടത്തപ്പെട്ട ആംനസ്റ്റി ഇന്റര്‍നാഷണലും ഈ സമ്മേളനത്തിന്റെ സംഘാടകരായുണ്ടായിരുന്നു.
കഴിഞ്ഞില്ല, ഐഎഎംസിയുടെ സൂത്രധാരന്മാരില്‍ ഒരാളായ ഷെയ്ഖ് ഉബൈദിനും അബ്ദുല്‍ മാലിക് മുജാഹിദിനും ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയുമായി (ഐസിഎന്‍എ) അടുത്ത ബന്ധമാണുള്ളത്. പാകിസ്ഥാനിലെ ജമാ അത്തെ ഇസ്ലാമിയുമായുള്ള ഐസിഎന്‍എയുടെ ബന്ധം പരസ്യമാണ്. മറ്റൊരു നേതാവായ റഷീദ് അഹമ്മദ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. കൊവിഡ് കാലഘട്ടത്തില്‍ അവര്‍ നടത്തിയ പിരിവും മറ്റും സമൂഹ മാധ്യമങ്ങളില്‍ അടക്കം വിവാദമായതാണ്; ഈ സംഘടനയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീദ് മുഹമ്മദ് മുന്‍ പാക് നാവിക ഉദ്യോഗസ്ഥനുമാണ്.
അതായത് പഴയ ‘സിമി’, പാക് ജമാ അത്തെ ഇസ്ലാമി, പിന്നെ അമേരിക്കയിലെ ചില നേതാക്കള്‍; ഇന്ത്യയുടെ മുന്‍ ഉപരാഷ്‌ട്രപതി ഒരു ആഗോള വേദിയിലെത്തുമ്പോള്‍ ആരൊക്കെയാണ് അതിന്റെ സംഘാടകര്‍ എന്നത് സ്വാഭാവികമായും അന്വേഷിക്കില്ലേ. ഇദ്ദേഹം ഇന്ത്യയിലെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്നു. കാര്യങ്ങള്‍ അറിഞ്ഞുകൂടാത്ത ഒരാളായിരുന്നില്ല. അതുകൊണ്ടാണ് ഈ നീക്കങ്ങളില്‍ സംശയവും ആശങ്കകളും ഉയരുന്നത്. ഹമീദ് അന്‍സാരി കോണ്‍ഗ്രസുകാരുടെ, സോണിയ പരിവാറിന്റെ സ്വന്തക്കാരനായിരുന്നു; ഇന്നും അങ്ങനെയാണ്. അതുകൊണ്ടുതന്നെ ഈ ഇന്ത്യാവിരുദ്ധ പ്രസ്താവനയെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നുണ്ടോ എന്നത് അറിയേണ്ടതുണ്ട്. ആ പാര്‍ട്ടി സ്വാഭാവികമായും ഇതിനകം അന്‍സാരിയെ തള്ളിപ്പറയേണ്ടതായിരുന്നു. അതിതുവരെ കണ്ടില്ല.
അന്‍സാരിയുടെ ചരിത്രം
കൊടിയ ക്രിമിനലുകളുമായുള്ള ബന്ധം പോലും അലങ്കാരമായി കാണുന്ന വ്യക്തിയാണ് ഹമീദ് അന്‍സാരി എന്ന് പറയുന്നവരെ ഈ ദിവസങ്ങളില്‍ നാം സമൂഹ മാധ്യമങ്ങളിലൂടെ കണ്ടു. സൂചിപ്പിച്ചത് കൊലപാതകം കൊള്ളിവെപ്പ്, പീഡനം, കവര്‍ച്ച അടക്കമുള്ള കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന യുപിയിലെ മുക്താര്‍ അന്‍സാരിയുടെ കാര്യമാണ്. ഗ്യാങ്സ്റ്റര്‍ എന്ന് വിളിച്ചിരുന്ന ആ ക്രിമിനല്‍ ഇപ്പോള്‍ പഞ്ചാബ് ജയിലിലാണ്; യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറും വരെ സര്‍വ പോലീസ് ഉദ്യോഗസ്ഥരും അയാളെ ഭയന്നാണ് കഴിഞ്ഞിരുന്നത്. അയാളെ യുപി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടപ്പോള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അയാള്‍ പറഞ്ഞത് രസകരമായി തോന്നി: ‘താന്‍ പോലീസ് പറയുന്നത് പോലെയൊന്നുമല്ല, മറിച്ച് മുന്‍ ഉപരാഷ്‌ട്രപതിയുടെ അടുത്ത ബന്ധുവാണ്’ എന്ന്. ഇനിയും ആ മുന്‍ ഉപരാഷ്‌ട്രപതി അത് നിഷേധിച്ചിട്ടില്ല.
അതുകൊണ്ട് മാത്രമല്ല അന്‍സാരി സാഹിബിനെ സംശയത്തോടെ രാജ്യത്തിന് നോക്കേണ്ടി വരുന്നത്. ആദ്യ അന്താരാഷ്‌ട്ര യോഗാദിനത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് മറക്കാനാവുമോ; ഐക്യരാഷ്‌ട്ര സഭയിലും ഏതാണ്ട് 193 രാജ്യങ്ങളില്‍ യെമന്‍ ഒഴികെയുള്ളിടത്തെല്ലാം യോഗാഭ്യാസവും പൊതു പരിപാടികളും അന്നേദിവസം നടന്നിരുന്നു. 44 ഇസ്ലാമിക രാജ്യങ്ങളിലും ചടങ്ങുകള്‍ നടന്നു. നരേന്ദ്ര മോദിയല്ല, ബിജെപിയുമല്ല യോഗാ ദിനമാചരിക്കാന്‍ തീരുമാനിച്ചത്; ഐക്യരാഷ്‌ട്ര സഭയാണ്. ഇന്ത്യ ലോകത്തിന് നല്‍കിയ വലിയ സംഭാവനയായാണ് യോഗ വിശേഷിക്കപ്പെട്ടത്. ദല്‍ഹിയില്‍ രാജ്പഥില്‍ ആയിരുന്നു പരിപാടി; പ്രധാനമന്ത്രിയും അനവധി കേന്ദ്രമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമൊക്കെ അവിടെയുണ്ടായിരുന്നു. അന്നത്തെ രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജി രാഷ്‌ട്രപതി ഭവനില്‍ പ്രത്യേകം ചടങ്ങു സംഘടിപ്പിച്ചു. പക്ഷെ നമ്മുടെ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ആ വഴിയേ പോയില്ല. യോഗാ ദിനാചരണത്തെ എതിര്‍ത്തത് മുസ്ലിം ലീഗാണ്; പിന്നെ ഒവൈസിയും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളും. ഇതില്‍നിന്നൊക്കെ എന്താണ് വായിച്ചെടുക്കേണ്ടത്?. പിന്നീടാണ് ഉപരാഷ്‌ട്രപതിപദം ഒഴിയുമ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് രക്ഷയില്ലാതായി എന്നുള്ള രാജ്യദ്രോഹകരമായ പ്രസ്താവന നടത്തുന്നത്. അതാണിപ്പോഴും ആവര്‍ത്തിക്കുന്നത്.
പാകിസ്ഥാന്‍ രൂപമെടുക്കുമ്പോള്‍ ജിന്ന അനുകൂലികള്‍ നടത്തിയ വിവാദ പ്രസ്താവനയുണ്ട്. ‘ഞങ്ങളുടെ അനുയായികള്‍ ഇനിയും ഇന്ത്യയിലുണ്ട്; അവര്‍ ബാക്കി കാര്യങ്ങള്‍ ചെയ്തുകൊള്ളും.’. സര്‍ദാര്‍ പട്ടേല്‍ 1948 ലെ പ്രസിദ്ധമായ കൊല്‍ക്കത്ത പ്രസംഗത്തില്‍ ചിലത് തുറന്നുപറയാന്‍ തയ്യാറായതും അതുകൊണ്ടുതന്നെയാവണം. ‘ഹിന്ദുസ്ഥാനില്‍ തുടര്‍ന്നും താമസിക്കാന്‍ തീരുമാനിച്ച മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും പാകിസ്ഥാന്‍ രൂപീകരണത്തിന് പിന്തുണയേകിയവരാണ്. എന്നാല്‍ അവരിപ്പോള്‍ തങ്ങളുടെ രാജ്യസ്‌നേഹത്തെ സംശയിക്കരുതെന്ന് പറയുന്നത് കേള്‍ക്കുന്നു. ഒറ്റ രാത്രികൊണ്ട് എന്താണ് മാറിയത് എന്നത് എനിക്കറിയില്ല’ . ഇന്ത്യയുടെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലിന്റെ ഈ വാക്കുകളില്‍ എല്ലാമുണ്ടല്ലോ. മുഴുവന്‍ മുസ്ലിങ്ങളെയും പാകിസ്ഥാനിലേക്ക് അയയ്‌ക്കണം എന്ന നിലപാടാണ് ഡോ. അംബേദ്കറിനെപ്പോലുള്ളവര്‍ എടുത്തതെന്നതും ഓര്‍ക്കേണ്ടതുണ്ട്. വിഭജനത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ അതിനുള്ള ന്യായീകരണങ്ങള്‍ അദ്ദേഹം നിരത്തുന്നുണ്ടല്ലോ. തീര്‍ച്ചയായും ഇന്ത്യന്‍ മുസ്ലിങ്ങളെ മുഴുവന്‍ സംശയിക്കുന്നത് ശരിയല്ല. ഏതാനും വര്‍ഷം മുന്‍പ് ഇന്ത്യയെ ലക്ഷ്യമിടുന്നു എന്ന് അല്‍ ഖ്വയ്ദ ഭീഷണിപ്പെടുത്തിയപ്പോള്‍ നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത്, ‘അത്തരം ഭീകര ശക്തികളെ ഇന്ത്യന്‍ മുസ്ലിങ്ങള്‍ തന്നെ ചെറുത്തു തോല്‍പിക്കും’ എന്നാണ്. അതാണ് മോദിയുടെ ഇന്ത്യയുടെ നിലപാട്. പക്ഷെ അതിനിടയില്‍ ഹമീദ് അന്‍സാരിമാര്‍ ഉണ്ടെന്നത് മറക്കാനും കഴിയില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: