Categories: Article

‘ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ്’; പലതും വെളിപ്പെടേണ്ടതുണ്ട്, തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കപ്പെടാത്തതൊന്നും ചരിത്രമല്ല

ആര്‍.എസ്.എസിനെ മുളയിലെ നുള്ളിക്കളയാന്‍ വെമ്പല്‍ പൂണ്ടിരുന്ന ജവഹര്‍ലാല്‍ നെഹൃു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ സംഭവവുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചില്ല.

മഹാത്മാഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണത്രേ! അമുല്‍ ബേബിമാരായ പപ്പുമാര്‍ മുതല്‍ വലിയ ബുജികളെന്ന് നടിക്കുന്നവര്‍ വരെ തരംകിട്ടിയാല്‍ പാടി നടക്കുന്ന വായ്‌ത്താരിയാണിത്. എന്താണ് തെളിവ് എന്ന് ചോദിച്ചാല്‍ കൈരേഖ പൊക്കി കാണിക്കും. അല്ലായെങ്കില്‍ സവര്‍ക്കര്‍, ഹിന്ദുമഹാസഭ, ഗോഡ്‌സേ, അമ്പലം എന്നൊക്കെ വെളിവുകേട് പുലമ്പും. നിയമപരമായി ഇതിനെ ചോദ്യം ചെയ്താലോ മാപ്പു പറഞ്ഞ് തടി കഴിച്ചിലാക്കും. അല്ലാതെ തെളിവുകളുടെ അടിസ്ഥാനത്തില്‍ രേഖകളുടെ പിന്‍ബലത്തില്‍ ആരോപണം തെളിയിക്കാന്‍ നാളിതു വരെ സാധിച്ചിട്ടില്ല. പക്ഷേ 1948 മുതല്‍ നാളിതു വരെ ഒരു അനുഷ്ഠാനം പോലെ ആര്‍.എസ്.എസിനെ തത്പരകക്ഷികള്‍ ആരോപണ നിഴലില്‍ നിര്‍ത്തുകയാണ്.

ഏതൊരു കേസിലും പ്രതികളെ നിശ്ചയിക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയും പ്രക്രിയയിലൂടെയുമാണ്. പൊലീസ് അന്വേഷണം, കൂട്ടു പ്രതികളുടെ മൊഴി, സാഹചര്യ-ഭൗതിക തെളിവുകള്‍, കോടതിയുടെ നിര്‍ദ്ദേശം, അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍ ഇവയൊക്കെ വ്യക്തിയേയോ സംഘടനയേയോ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ പര്യാപ്തമാണ്. എന്നാല്‍ ദില്ലി തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷനില്‍ 64/48 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിന്റെ നാള്‍ വഴിയിലോ പിന്നീട് ഉണ്ടായ അന്വേഷണ കമ്മീഷനോ ഗാന്ധിവധവുമായി ആര്‍.എസ്.എസിനെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും കണ്ടെത്തിയില്ല. കേസില്‍ 149 സാക്ഷികളെ വിസ്തരിച്ചെങ്കിലും അവരാരും തന്നെ സംഘത്തിന് ഗാന്ധിവധത്തില്‍ പങ്കുണ്ടായിരുന്നതായി മൊഴി നല്‍കിയിട്ടില്ല. (പിന്നീട് പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായി അടക്കമുള്ളവര്‍ സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. അന്നദ്ദേഹം ബോംബെ ആഭ്യന്തര മന്ത്രിയായിരുന്നു.)

ആര്‍.എസ്.എസിനെ മുളയിലെ നുള്ളിക്കളയാന്‍ വെമ്പല്‍ പൂണ്ടിരുന്ന ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍തന്നെ കേസന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ സംഭവവുമായി സംഘത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചില്ല.പ്രതികളുടെ രാഷ്‌ട്രീയ ബന്ധത്തെപ്പറ്റി കുറ്റപത്രത്തില്‍ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും ആര്‍.എസ്.എസിനെപ്പറ്റി മാത്രം പരാമര്‍ശം ഇല്ലാത്തതിനെപ്പറ്റി വിമര്‍ശകര്‍ മൗനം പാലിക്കുകയാണ്. കുറ്റപത്രം കോടതിയില്‍ വായിച്ചു കേട്ട പ്രതികള്‍ പലവിധ തര്‍ക്കങ്ങള്‍ ഉന്നയിച്ചപ്പോഴും ആര്‍.എസ്.എസ് ബന്ധത്തെപ്പറ്റി ചൂണ്ടിക്കാണിച്ചിട്ടില്ല. 149 സാക്ഷികളുടെ 700 പേജ് വരുന്ന മൊഴികളിലോ ഹാജരാക്കപ്പെട്ട 404 രേഖകളിലോ ആര്‍.എസ്.എസിനെ ഗാന്ധിവധവുമായി ബന്ധിപ്പിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

മാപ്പുസാക്ഷിയായ ദിഗംബര്‍ ബാഡ്‌ജേ ഒരിടത്തുപോലും മറ്റ് പ്രതികള്‍ക്ക് ആര്‍.എസ്.എസ് പശ്ചാത്തലമുള്ളതായി മൊഴി നല്‍കിയിട്ടുമില്ല. ക്രോസ് വിസ്താരത്തിനിടയില്‍ പ്രതിവാദി ഭാഗം വക്കീലന്‍മാര്‍ ആരും തന്നെ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ല. കേസ് നടത്തിപ്പിനായി ഹിന്ദുമഹാസഭ രൂപീകരിച്ച ഡിഫന്‍സ് കമ്മിറ്റിയില്‍ ആര്‍.എസ്.എസ് ബന്ധമുള്ള ആരും തന്നെ സഹകരിച്ചതായും രേഖകളില്ല. എന്നാല്‍ ബാലഗംഗാധര തിലകന്റെ ചെറുമകന്‍ ജി.വി ഖേത്കര്‍ ഡിഫന്‍സ് കമ്മിറ്റിയിലും ജയില്‍ മോചിതരായ പ്രതികള്‍ക്ക് സ്വീകരണം ഒരുക്കുന്ന കമ്മിറ്റിയിലും പ്രവര്‍ത്തിച്ചതായി തെളിവുണ്ട്. ആ സ്വീകരണ ചടങ്ങിലും സംഘപ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടില്ല. എന്നിട്ടും ആര്‍.എസ്.എസിന്റെ പേര് ഗാന്ധിവധത്തിലേക്ക് വലിച്ചിഴച്ച് സംഘത്തെ നിരോധിച്ചു. ഗാന്ധിവധവുമായി ബന്ധപ്പെട്ട്  ദില്ലി പൊലീസ് 7 റെയ്ഡുകളാണ് നടത്തിയത്. അതില്‍ ഒരെണ്ണം അന്നത്തെ ദില്ലി നഗര്‍ സംഘചാലക് ഹരിചന്ദിന്റെ വീട്ടിലായിരുന്നു. പക്ഷേ ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരു രേഖയും കണ്ടെടുക്കാനായില്ല. ഒരു വര്‍ഷത്തിന് ശേഷം സംഘത്തിന് മേലുള്ള നിരോധനം നിരുപാധികം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

1966 ല്‍ കേന്ദ്ര സര്‍ക്കാര്‍! ജീവന്‍ ലാല്‍ കപൂറിനെ ഗാന്ധിവധത്തെപ്പറ്റി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. 3 വര്‍ഷത്തിന് ശേഷം കപൂര്‍ കമ്മീഷന്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതായിരുന്നു. ‘എല്ലാവസ്തുതകളും ഒരുമിച്ചു പരിശോധിച്ചാല്‍ സവര്‍ക്കറും കൂട്ടുകാരും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല.’ എന്നിട്ടും ആര്‍.എസ്.എസിനെ ഗാന്ധി വധവുമായി ബന്ധപ്പെടുത്തുക എന്നത് ഒരു മുന്‍കരുതലെടുക്കലാണ്. ഉത്സവപ്പറമ്പിലെ പഴയ പോക്കറ്റടിക്കാരന്റെ അതേ തന്ത്രം. ഗാന്ധി വധവുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളും ഉയരരുതെന്ന് നേരത്തെ ഉറപ്പിച്ച ചില കുടില കുടുംബാംഗങ്ങളുടെ തീരുമാനമാണ് ഇതിന് പിന്നില്‍. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന ലളിത യുക്തിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നത് ഇനിയും പുറത്തുവരേണ്ട വന്‍ ഗൂഡാലോചനയാണ്. മഞ്ഞുമലയുടെ അറ്റം ദൃശ്യമായിട്ടുണ്ടെങ്കിലും പലതും ഇനിയും വെളിപ്പെടേണ്ടതുണ്ട്. അതിന് നമുക്ക് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കാം.

1. ഗാന്ധിവധം നേരിട്ടു കണ്ട മനു, ആഭ എന്നിവരെ സാക്ഷികളായി വിസ്തരിക്കാഞ്ഞത് എന്തു കൊണ്ട്?

2. എഫ്.ഐ.എസ് (പ്രാഥമിക മൊഴി) കൊടുക്കാന്‍ ഏറ്റവും അനുയോജ്യരായവര്‍ ഇവര്‍ ആയിട്ടും എന്തുകൊണ്ട് ഇവരില്‍ നിന്ന് മൊഴിയെടുത്തില്ല?

3. വെടിയേറ്റ ഗാന്ധിജിയെ ആശുപത്രിയിലെത്തിക്കാതെ തൊട്ടടുത്ത ബിര്‍ളാഹൗസിലെത്തിച്ചത് എന്തുകൊണ്ട്? വെടിയേറ്റ് 15 മിനുറ്റോളം അദ്ദേഹത്തിന് ജീവന്‍ ഉണ്ടായിരുന്നതായി എഫ്.ഐ.ആര്‍ പറയുന്നുണ്ട്.

4. നന്ദലാല്‍ മെഹ്ത എന്നയാളെ പ്രാഥമിക മൊഴി നല്‍കാന്‍ തിരഞ്ഞെടുത്തത് ആര്?

5. ഗാന്ധിജിയുടെ ജീവനെടുത്ത ഇറ്റാലിയന്‍ നിര്‍മ്മിത ബറേറ്റ പിസ്റ്റള്‍ ജഗദീശ് പ്രസാദ് ഗോയലിന് (ഗോയലില്‍ നിന്ന് ദന്തവതേ, ദന്തവതേയില്‍ നിന്ന് പര്‍ച്ചുറേ വഴി ഗോഡ്‌സേയ്‌ക്ക്) എവിടെ നിന്ന് കിട്ടി എന്നതിനെപ്പറ്റി അന്വേഷണം ഉണ്ടാകാഞ്ഞത് എന്തുകൊണ്ട്?

6. ഗാന്ധി കൊല്ലപ്പെടുമെന്ന് വിവരം ഉണ്ടായിട്ടും സുരക്ഷ ഒരുക്കാഞ്ഞതിന് കാരണം? (ഗാന്ധിജി സമ്മതിക്കില്ല എങ്കിലും രഹസ്യമായി സുരക്ഷ ഒരുക്കാമായിരുന്നു)

7. ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായി വിട്ടയക്കപ്പെട്ട മദന്‍ലാല്‍ പഹ്വയെ നിരീക്ഷിക്കാഞ്ഞത് എന്തുകൊണ്ട്?  

8. മദല്‍ലാല്‍ ഗോഡ്‌സേയുമായി ചേര്‍ന്ന് വീണ്ടും വധം ആസൂത്രണം ചെയ്തത് രഹസ്യാന്വേഷണ വിഭാഗം അറിയാതെ പോയത് എന്തുകൊണ്ട്?

9. ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകനാണ് ഗോഡ്‌സേയെന്ന് അന്വേഷത്തില്‍  വെളിപ്പെട്ടിട്ടും സഭയെ നിരോധിക്കാതെ സംഭവവുമായി ബന്ധമില്ലാത്ത അര്‍.എസ്.എസിനെ നിരോധിച്ചത് എന്തിന്?

10. ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഹിന്ദുമഹാസഭ അദ്ധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്ററര്‍ജി (സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജിയുടെ അച്ഛന്‍) പിന്നീട്  ഹിന്ദുമഹാസഭ-സിപിഎം ടിക്കറ്റുകളില്‍ എം പിയായത് എങ്ങനെ?

ഈ ചോദ്യങ്ങള്‍ ചോദിക്കുന്നവരുടെ എണ്ണം കൂടുന്നത് വരെ കീചക ഭീമ ലളിത യുക്തിക്ക് പിന്നില്‍ അവര്‍ സുരക്ഷിതരായിരിക്കും. അതുവരെ പോരാളി ഷാജിമാരും അമുല്‍ ബേബികളും മാക്കുറ്റികളും അരങ്ങ് തകര്‍ക്കട്ടെ. അവരോടൊക്കെ പറയാന്‍ ഹെന്‍ട്രി മോര്‍ഗന്റെ വാക്കുകള്‍ മാത്രം. ‘തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കപ്പെടാത്തതൊന്നും ചരിത്രമല്ല.”

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക