Categories: Samskriti

രാത്രി രണ്ടിന് തുറക്കും; താക്കോല്‍ ഇല്ലെങ്കില്‍ ഗോപുരവാതില്‍ വെട്ടിപ്പൊളിക്കാന്‍ കോടാലി; സൂര്യ ഗ്രഹണത്തിന് അടക്കില്ല; അറിയാം തിരുവാര്‍പ്പ് ക്ഷേത്രം

ക്ഷേത്രത്തിന് മഹാഭാരത കഥയുമായി അടുത്ത ബന്ധമുണ്ട്. പാണ്ഡവര്‍ വനവാസത്തിന് പോയ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ അവര്‍ക്ക് തന്റെ ചതുര്‍ബാഹുവായ വിഗ്രഹം നല്‍കി. ഇവര്‍ ഇത് നിത്യവും പൂജിച്ചിരുന്നു. വനവാസം അവസാനിപ്പിച്ച് പാണ്ഡവര്‍ മടങ്ങിയപ്പോള്‍ ആ നാട്ടിലുളളവര്‍ വിഗ്രഹം തങ്ങള്‍ക്ക് നല്‍കാമോ എന്ന് ചോദിച്ചു. ഈ സ്ഥലം ചേര്‍ത്തല ആണെന്നാണ് വിശ്വാസം.

Published by

കോട്ടയം ജില്ലയിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം Thiruvarppu Sreekrishna Swami Temple.1500 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.കോട്ടയം പട്ടണത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.തിരുവാര്‍പ്പ് പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  വാര്‍പ്പില്‍ സ്ഥിതിചെയ്യുന്ന ചതുര്‍ബാഹുവായ കൃഷ്ണവിഗ്രഹത്തെ വില്വമംഗലം തിരുമേനിയാണ് ഇവിടെ പ്രതിഷ്ഠിച്ചത് അതിനാല്‍ ഈ സ്ഥലത്തിന് തിരുവാര്‍പ്പ് എന്ന് പേര് ലഭിച്ചു. അത് വരെ കുന്നമ്പളളിക്കര എന്ന് ആയിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യം നടതുറക്കുന്ന ക്ഷേത്രമാണ് തിരുവാര്‍പ്പ് ക്ഷേത്രം. പുലര്‍ച്ചെ രണ്ട് മണിക്ക് നടതുറന്ന് കൃഷ്ണന് അഭിഷേകം നടത്തി. തലമാത്രം തുവര്‍ത്തി, ആദ്യം ഉഷപായസം നേദിക്കുന്നു.പിന്നീടെ ബാക്കി ശരീരം തുവര്‍ത്തുകയുളളു.

ഇതിന്റെ പിന്നിലെ ഐതിഹ്യം, കംസവധത്തിന് ശേഷം അതിയായ വിശപ്പും, ക്രോധവുമായി വന്ന കൃഷ്ണന് അമ്മ യശോധ ഉഷപായസം നല്‍കിയാണ് വിശപ്പ് ശമിപ്പിച്ചത്. തിരുവാര്‍പ്പ് ക്ഷേത്രത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ക്ഷേത്രത്തിന് മഹാഭാരത കഥയുമായി അടുത്ത ബന്ധമുണ്ട്. പാണ്ഡവര്‍ വനവാസത്തിന് പോയ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ അവര്‍ക്ക്  തന്റെ ചതുര്‍ബാഹുവായ വിഗ്രഹം നല്‍കി. ഇവര്‍ ഇത് നിത്യവും പൂജിച്ചിരുന്നു. വനവാസം അവസാനിപ്പിച്ച് പാണ്ഡവര്‍ മടങ്ങിയപ്പോള്‍ ആ നാട്ടിലുളളവര്‍ വിഗ്രഹം തങ്ങള്‍ക്ക് നല്‍കാമോ എന്ന് ചോദിച്ചു. ഈ സ്ഥലം ചേര്‍ത്തല ആണെന്നാണ് വിശ്വാസം. എന്നാല്‍ വിഗ്രഹം സ്ഥാപിച്ചതിന് ശേഷം നാട്ടില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായി. പരിഹാരത്തിനായി അവര്‍ ഒരു ജ്യോതിഷിയെ സമീപിക്കുന്നു. പാണ്ഡവര്‍ പൂജിച്ചത്  പോലെ നാട്ടുകാര്‍ക്ക് വിഗ്രഹത്തെ പൂജിക്കാന്‍ സാധിക്കുന്നില്ല. മുമ്പോട്ടും ഇത് സാധിക്കില്ല അതിനാല്‍ വിഗ്രഹത്തെ അടുത്തുളള കായലില്‍ നിക്ഷേപിക്കാന്‍ ജ്യോതിഷി ഉപദേശിക്കുന്നു. ഇവര്‍ കായലില്‍ വിഗ്രഹം നിക്ഷേപിച്ചു.വര്‍ഷങ്ങള്‍ക്ക് ശേഷം വില്വമംഗലം തിരുമേനി വളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വളളം എന്തിലോ തടഞ്ഞ് നിന്നു. എത്ര ശ്രമിച്ചിട്ടും മുന്നോട്ട് പോകുന്നില്ല. തിരുമേനി വളളക്കാരനോട് ഇറങ്ങി നോക്കാന്‍ ആവശ്യപ്പെട്ടു. അവിടെനിന്നും കൃഷ്ണവിഗ്രഹം ലഭിക്കുന്നു. വിഗ്രഹവുമായി തിരമേനി യാത്ര തുടരുന്നു.

 യാത്രക്കിടയില്‍ ക്ഷീണം അനുഭവപ്പെട്ട തിരുമേനി വളളം കരയ്‌ക്ക് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം അടുത്തുണ്ടിയിരുന്ന മരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കാനായി ഇരുന്നു. വിഗ്രഹം അടുത്ത കണ്ട വാര്‍പ്പില്‍ വെച്ചു. ഉറക്കം ഉണര്‍ന്ന സ്വാമി വിഗ്രഹം എടുക്കാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. ഇത് അറിഞ്ഞ ആളുകള്‍ തടിച്ചു കൂടി. ഈ സ്ഥലം കുന്നംകരി മേനോന്‍ എന്ന വ്യക്തിയുടെതായിരുന്നു. അദ്ദേഹം വില്വമംഗലം തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു ഇവിടെ ക്ഷേത്രം പണിത് വിഗ്രഹം ഇവിടെ പ്രതിഷ്ഠിക്കണമെന്ന്. അങ്ങനെ വാര്‍പ്പില്‍ ഉളള കൃഷ്ണന്‍ ഉളളതിനാല്‍ ഈ സ്ഥലം തിരുവാര്‍പ്പ് എന്ന് അറിയപ്പെട്ടു. പാണ്ഡവര്‍ വനവാസ ശേഷം കൃഷ്ണന്‍ പൂജിക്കാന്‍ കൊടുത്തിരുന്ന വിഗ്രഹം, ദ്രൗപതിക്ക് കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തില്‍ വെച്ച് കടലില്‍ ഒഴുക്കിയെന്നും  മുക്കുവന്‍മാര്‍ മീന്‍ പിടിക്കുന്നതിനിടയില്‍ വലയില്‍ കുടുങ്ങിയ വിഗ്രഹത്തെ അവര്‍ നാട്ടില്‍കൊണ്ടുപോവുകയും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. പിന്നീട അനര്‍ഥങ്ങള്‍ ഉണ്ടായതിനാല്‍ അവര്‍ അത് തിരിച്ച് കടലില്‍ നിക്ഷേപിക്കുകയും ചെയ്തു പിന്നീട് വില്വമംഗലം തിരുമേനിക്ക് ഇത് ലഭിച്ചു എന്നും പറയപ്പെടുന്നു. 

  ക്ഷേത്രം സൂര്യ ഗ്രഹണത്തിന്  അടച്ചിടാറില്ല. ഒരിക്കല്‍ സൂര്യഗ്രഹണത്തിന് അടച്ചതിന് ശേഷം വാതില്‍ തുറന്നപ്പോള്‍ കൃഷ്ണന്റെ അരഞ്ഞാണം താഴെകിടക്കുകയായിരുന്നു.ഈ സമയം അതുവഴിവന്ന വില്വമംഗലം തിരുമേനി പറഞ്ഞു കൃഷ്ണന് അതിയായി വിശന്നിരിക്കുകയാണെന്ന്.തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ മാത്രം കാണുന്ന പ്രത്യേകതയാണ് പൂജാരിയുടെ കൈയില്‍ ഗോപുരവാതിലിന്റെ താക്കോലിനൊപ്പം കോടാലിയും. ഈ കോടാലി എപ്പോഴും ഗോപുര വാതിലില്‍ കാണും. ഏതെങ്കിലും സാഹചര്യത്തില്‍ താക്കോല്‍ കൊണ്ട് വതില്‍ തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ കോടാലികൊണ്ട് വെട്ടിപ്പൊളിച്ച് ദേവന് നിവേദ്യം നല്‍കണം എന്നാണ് പറയപ്പെടുന്നത്.അഞ്ച് തവണത്തെ പൂജയുണ്ട് ഒരു ദിവസം.എന്നാല്‍ അത്താഴപ്പൂജ ദീപാരാധനക്ക് മുമ്പാണ്. വിഗ്രഹം ചേര്‍ത്തലയില്‍ നിന്ന് ലഭിച്ചു എന്ന് വിശ്വസിക്കുന്നതിനാല്‍ ക്ഷേത്രപൂജാരി അത്താഴപൂജ സമയത്ത് ചേര്‍ത്തലയില്‍ നിന്ന് എത്തിയ ആര്‍ക്കെങ്കിലും വിശക്കുന്നുണ്ടോ എന്ന് ചോദിക്കാറുണ്ട്. ചേര്‍ത്തലയില്‍ നിന്ന് എത്തിയ ആരും തന്നെ വിശന്ന് പോകാന്‍ പാടില്ല എന്നാണ് പറയപ്പെടുന്നത്.ഇതൊടൊപ്പം ക്ഷേത്രത്തില്‍ പ്രത്യേക രീതിയിലുളള ഒരു ചെണ്ടയും ഉണ്ട്. ഇത് കൃഷ്ണന്‍ കംസനെ വധിച്ചത് ചെണ്ടകൊട്ടി അറിയിച്ചതിന്റെ അടയാളമായി ആണ്. ക്ഷേത്രത്തിന് പുറത്ത് ഭൂതനാഥന്‍, സുബ്രമണ്യന്‍, ഗണപതി, യക്ഷി, ശിവന്‍, ഭഗവതി എന്നിവരുടെയും പ്രതിഷ്ഠകളും ഉണ്ട്.  

മേടമാസത്തില്‍ പത്ത് ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഉത്സവസമയത്ത് ഗുരുവായൂരിലെ പോലെ ആനയോട്ടം നടത്തുന്ന ക്ഷേത്രം കൂടിയാണിത്. പന്ത്രണ്ട് വിളക്ക്അല്ലെങ്കില്‍ വിളക്കെടുപ്പ് എന്ന ചടങ്ങ് വളരെ പ്രശസ്തമാണ്. പത്ത് വയസില്‍ താഴെയുളള പെണ്‍കുട്ടികളാണ് ഇതില്‍ പങ്കെടുക്കുന്നത്.വൃത നിഷ്ടയോടെ ചെയ്യേണ്ട ചടയങ്ങാണിത്.പത്താമുദയത്തിന്റെ അന്ന് ഉത്സവം അവസാനിക്കും. അഷ്ടമിരോഹിണി ദിവസവും പ്രത്യേക പൂജകള്‍ ഉണ്ടാകും. ഞായര്‍, വ്യാഴം ദിവസങ്ങള്‍ പ്രാധാന്യം ഉളളവ. പ്രധാന നേദ്യം ഉഷപായസമാണ്.അരി, ശര്‍ക്കര, നെയ്യ്, കദളിപ്പഴം, തേങ്ങ എന്നിവ ചേര്‍ത്താണ് പായസം തയ്യാറാക്കുന്നത്.ഇതൊടൊപ്പം പാല്‍പായസം, നെയ്‌പ്പായസം, അപ്പം എന്നിവയും വഴിപാടായി ലഭിക്കും. പ്രത്യേക വഴിപാടായ ചതുശതവും സമര്‍പ്പിക്കാറുണ്ട്.

വിവരങ്ങള്‍ക്ക്: 

തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവാര്‍പ്പ്-686020, ഫോണ്‍: 0481-2382266, 9847463957,9947202484

എങ്ങനെ എത്താം

by bus:  കോട്ടയം നഗരത്തില്‍ എത്തി നാഗമ്പടം ബസ്സ് സ്റ്റാന്റില്‍ നിന്നോ, തിരുനക്കരയില്‍ നിന്നോ ബസ്സുകള്‍ ലഭിക്കും. കുമരകം റൂട്ടില്‍ ഇല്ലിക്കല്‍, വഴി തിരുവാര്‍പ്പിലെത്താം.  ധാരാളം ബസ്സുകളും ടൗണില്‍ നിന്ന് ലഭ്യമാണ്. ആലപ്പുഴയില്‍ നിന്ന് വരുന്നവര്‍ മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് ബോട്ട് സര്‍വീസ് ഉണ്ട്്. കുമരകത്തുനിന്നും ഇല്ലിക്കല്‍ ഇറങ്ങി, അവിടെ നിന്ന് തിരുവാര്‍പ്പിന് ബസ്സ് ലഭിപ്പിക്കും.

by train :  കോട്ടയം റെയില്‍വേ സറ്റേഷനാണ് അടുത്തുളളത്. എട്ട് കിലോമീറ്റര്‍ യാത്ര ഉണ്ടാകും.

by air: നെടുമ്പാശേരി രാജ്യന്തര വിമാനത്താവളം. 90 കിലോമീറ്റര്‍ ദൂരം ഉണ്ട്.

താമസം

തിരുവാര്‍പ്പില്‍ താമസ സൗകര്യം ലഭ്യമാകാന്‍ ബുദ്ധിമുട്ടാണ്. കോട്ടയം നഗരത്തില്‍ ധാരാളം ഹോട്ടലുകള്‍ ലഭ്യമാണ്.

തയാറാക്കിയത്: കൃഷ്ണപ്രിയ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക