തൃശ്ശൂര്‍: പോലീസ് സേനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജില്ലയില്‍ 287 പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. തൃശ്ശൂര്‍ സിറ്റി പരിധിയിലുള്ള 20 സ്റ്റേഷനുകളിലെ 200 പോലീസുകാരും റൂറല്‍ പരിധിയിലുള്ള 19 സ്റ്റേഷനുകളിലെ 87 പോലീസുകാരുമാണ് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. പോലീസുകാര്‍ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായത് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കൊവിഡ് ബാധിതരായ ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പോകുന്നതോടെ സ്റ്റേഷനുകളില്‍ ഡ്യൂട്ടി ചെയ്യുന്നവരുടെ എണ്ണം കുറയുകയാണ്. ബാക്കിയുള്ളവര്‍ അധിക ഡ്യൂട്ടി ചെയ്താണ് സ്റ്റേഷന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ക്രമസമാധാനപാലനവും വാഹന പരിശോധനയും നടത്തുന്നതിന് പുറമേ സ്റ്റേഷനിലെത്തുന്ന പരാതികള്‍ പരിഹരിക്കുന്നതിനും അന്വേഷിക്കുന്നതിനും പോലീസുകാരില്ലാത്ത സ്ഥിതിയാണിപ്പോള്‍. സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ളവരാണ് കൊവിഡ് ബാധിച്ചിരിക്കുന്നവരില്‍ ഏറെയും.
ചില സ്റ്റേഷനുകളില്‍ സിഐയും എസ്‌ഐയും രോഗികളായതോടെ ഇവിടുത്തെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. തൃശ്ശൂര്‍ സിറ്റി, റൂറല്‍ പരിധികളില്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമേ എ.ആര്‍ ക്യാമ്പ്, കണ്‍ട്രോള്‍ റൂം, ട്രാഫിക് യൂണിറ്റ്, വനിതാ സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇവിടെ ഡ്യൂട്ടി ചെയ്യുന്നവരും കൊവിഡ് ബാധിതരായിട്ടുണ്ട്. അടുത്തിടെ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്‍ കൊവിഡ് ക്ലസ്റ്ററായി മാറിയിരുന്നു. തൃശ്ശൂര്‍ സിറ്റിയിലെ തന്നെ ഒരു സ്റ്റേഷനില്‍ 30ലേറെ പേര്‍ കൊവിഡ് പോസിറ്റീവായിട്ടുണ്ട്. റിപ്പബ്ലിക്ക്ദിന പരേഡില്‍ പങ്കെടുക്കാന്‍ പരിശോധന നടത്തിയവരിലും രോഗം സ്ഥിരീകരിച്ചു. 40ഓളം പോലീസുകാരാണ് പോസിറ്റീവായത്. ഇതേ തുടര്‍ന്ന് പരേഡ് നടത്താന്‍ അവസാനനിമിഷം പകരം ആളെ കണ്ടെത്തേണ്ടിവന്നു.
കൊവിഡ് ഒന്നാം തരംഗം മുതല്‍ ഇതുവരെ തൃശ്ശൂര്‍ സിറ്റി പരിധിയില്‍ 20 സ്റ്റേഷനുകളിലായി 980 പോലീസുകാരാണ് പോസിറ്റീവായിട്ടുള്ളത്. തൃശ്ശൂര്‍ റൂറല്‍ പരിധിയില്‍ 19 സ്റ്റേഷനുകളിലായി 600 പോലീസുകാരും രോഗ ബാധിതരായി. കൊവിഡിനെ തുടര്‍ന്ന് സിറ്റി പരിധിയിലുള്ള കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഉഷ മരിച്ചിരുന്നു. സ്റ്റേഷനുകളില്‍ ആവശ്യത്തിന് ആളില്ലാത്തതിനാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ നെഗറ്റീവായാലുടനെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് കയറുകയാണ്. സംസ്ഥാനത്ത് 3000ലധികം ഉദ്യോഗസ്ഥരാണ് നിലവില്‍ കോവിഡ് ബാധിതരായിട്ടുള്ളത്.
രോഗവ്യാപനം തടയാന്‍ പരാതികള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈനാക്കുക, കുട്ടികളുള്ള വനിത പോലീസുകാര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡ്യൂട്ടി ഒഴിവാക്കുക, വാഹന പരിശോധന നിര്‍ത്തിവെയ്‌ക്കുക തുടങ്ങിയ ക്രമീകരണങ്ങളേര്‍പ്പെടുത്തണമെന്ന് പോലീസ് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും ആവശ്യങ്ങള്‍ പരിഗണിച്ച് ബദല്‍ ക്രമീകരണം ഒരുക്കാത്ത സര്‍ക്കാരിന്റെ നടപടിക്കെതിരെ സേനയില്‍ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: