ഇന്ത്യ സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായിട്ട് എഴുപത്തിരണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന നമ്മുടെ ഭരണഘടന ഏതൊരു ഇന്ത്യന്‍ പൗരനും അഭിമാനമാണ്. പൊടുന്നനെ ഒരു ദിവസം പൊട്ടിമുളച്ചതല്ല, മറിച്ച് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെയും നീണ്ടു നിന്ന സംവാദങ്ങളുടെയും ചരിത്രമുണ്ട് നമ്മുടെ ഭരണഘടനയ്ക്ക്. എന്നാല്‍ ഇതിലൊന്നും അഭിമാനിക്കാത്ത, ഇന്ത്യന്‍ റിപ്പബ്ലിക്കിനോട് ഇന്നും പൂര്‍ണ്ണമായ കൂറ് പുലര്‍ത്താത്ത, ഒരു കൂട്ടരുണ്ടെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അനുഭാവികളുമാണ്. എസ്.രാമചന്ദ്രന് പിള്ളയും കോടിയേരി ബാലകൃഷ്ണനും നടത്തുന്ന ചൈന അനുകൂല പ്രസ്താവന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമറിയുന്ന ആരെയും അത്ഭുതപ്പെടുത്തില്ല. ഇന്ത്യന്‍ ദേശീയതയെക്കാള്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനാണ് ആ പാര്‍ട്ടി എക്കാലത്തും പ്രാധാന്യം നല്‍കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ബഹുപാര്‍ട്ടി സംവിധാനമുള്ള ജനാധിപത്യ ഇന്ത്യയേക്കാള്‍ ഏക പാര്‍ട്ടിയും ഏകാധിപത്യ ശൈലിയിലുള്ള ഭരണവുമുള്ള അയല്‍രാജ്യത്തോടാണ് അവര്‍ക്ക് കൂറ്.
ഇന്ത്യയെന്ന വികാരത്തോട് ഒരിക്കലും ചേര്‍ന്നു പോകുന്നവരല്ല കമ്മ്യൂണിസ്റ്റുകള്‍ എന്നതിന് സ്വാതന്ത്ര്യത്തിന് മുമ്പേ വ്യക്തമായ തെളിവുകളുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അലംഭാവം മൂലം ബംഗാളില്‍ പട്ടിണി പിടിമുറുക്കിയപ്പോള്‍ സര്‍ക്കാരിനോട് മൃദു സമീപനം സ്വീകരിച്ചവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സര്‍ക്കാരിന്റെ പ്രീതി പിടിച്ചുപറ്റാന്‍ മാത്രമായിരുന്നില്ല അത്, മറിച്ച് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അമിതമായ കൂറും ഈ നിലപാടിന് കാരണമായി. അന്ന് ഇന്ത്യാക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ശക്തമായ നിലപാടടുത്തതിന് ശ്യാമപ്രസാദ് മുഖര്ജിയടക്കമുള്ളവര് ജയിലില്‍ അടയ്ക്കപ്പെട്ടു.
ഏകാധിപത്യവും രാജ്യവിരുദ്ധതയും
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും രാജ്യതാല്പര്യങ്ങള്ക്ക് വിരുദ്ധമായ നിലപാടെടുക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് തെളിയിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം ദാനം ചെയ്യരുതെന്ന നിലപാട് സ്വീകരിച്ചു ആ പാര്‍ട്ടി. 2017ല്‍ ദോക്ലാമില്‍ ഇന്ത്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിച്ച ചൈനീസ് നിലപാടിനെ അപലപിക്കാന്‍ സീതാറാം യച്ചൂരിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറായില്ല. മറിച്ച്, ഇന്ത്യന്‍ മണ്ണ് സംരക്ഷിക്കാന്‍ ഭൂട്ടാന്റെ മധ്യസ്ഥത സ്വീകരിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് സിപിഎമ്മിന്റെ ഉപദേശം. അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ നിലപാടുകള്‍ ചൈനയെ അലോസരപ്പെടുത്തുന്നു എന്ന് പ്രസ്താവിക്കാനും ആ പാര്‍ട്ടിക്ക് ലജ്ജയുണ്ടായില്ല. 2020 ല്‍ ഗാല്‍വന്‍ താഴ്വരയില് ഇന്ത്യന്‍ സൈനികരെ നിഷ്കരുണം കൊന്നുതള്ളിയ ചൈനയുടെ നിലപാടിലും സിപിഎം പ്രതിഷേധിച്ചില്ല. മോദി സര്‍ക്കാരിന്റെ നിലപാടുകളെയാണ് സിപിഎം ചോദ്യം ചെയ്തത്. രാജ്യത്തിന്റെ സംയുക്ത സേനാമേധാവിയും ഭാര്യയും ഉള്‍പ്പടെ പതിനാല് പേര് ഹെലികോപ്ടര്‍ അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ അതില്‍ സന്തോഷിക്കാന്‍ കഴിഞ്ഞ ഏക കൂട്ടരും കമ്മ്യൂണിസ്റ്റുകളാണ്. ആഭ്യന്തരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും ഇന്ത്യയെന്ന പൊതുവികാരത്തിനൊപ്പം നില്‍ക്കുന്നവരാണ് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമെങ്കില്‍, സിപിഎമ്മിന്റെ നിലപാട് അതല്ല.
ജനാധിപത്യ ആശയത്തോട് പൊരുത്തപ്പെടുന്നതല്ല കമ്മ്യൂണിസ്റ്റ് രീതിയെന്ന് ആദ്യമേ മനസ്സിലാക്കിയ വ്യക്തിയാണ് ഭരണഘടനാ ശില്പി ഡോ.ബി.ആര് അംബേദ്കര്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയില്‍ വെല്ലുവിളിയായി അദ്ദേഹം കണ്ട ഒന്ന് കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണ്. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം എന്ന കമ്മ്യൂണിസ്റ്റ് ആശയത്തിലെ കാപട്യം ബാബാ സാഹെബ് തിരിച്ചറിഞ്ഞിരുന്നു. തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ സവര്‍ണര്‍ക്ക് ഏകാധിപത്യ ഭരണകൂടം സ്ഥാപിക്കാനുള്ള നീക്കമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. ദളിതനും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീയ്ക്കും അയിത്തം കല്‍പ്പിച്ചിരുന്ന പൊളിറ്റ് ബ്യൂറോയുടെ കാപട്യം അംബേദ്ക്കര്‍ക്ക് ബോധ്യപ്പെട്ടതിനാലാണ് ഇന്ത്യന്‍ കമ്മ്യൂണിസത്തെ അദ്ദേഹം തുറന്നെതിര്‍ത്തത്. ചൈനയോടുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അക്രമത്തിലധിഷ്ഠിതമായ മാവോയുടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും പഞ്ചശീലവുമായി പൊരുത്തപ്പെടില്ല എന്ന് അദ്ദേഹം വാദിച്ചു. ആധ്യാത്മിക മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത കമ്മ്യൂണിസം ഇന്ത്യന്‍ ജനതയുടെ പാരമ്പര്യത്തിന് ചേരുന്നതല്ല എന്ന അംബേദ്കറുടെ നിരീക്ഷണം ശരിയാണെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും കാലക്രമേണ ബോധ്യപ്പെട്ടു.
അടിമുടി കാപട്യം
തൊഴിലാളി വര്‍ഗത്തിന്റെ രക്ഷകരെന്ന് അവകാശപ്പെടുകയും ബൂര്‍ഷ്വാ രാഷ്ട്രങ്ങള്‍പ്പോലും ചെയ്യാത്ത, ആയിരങ്ങളെ ബലമായി കുടിയൊഴിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് നയം ബംഗാളിലെ ജനങ്ങളെ മാറ്റിച്ചിന്തിപ്പിച്ചു. ജനകീയ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും തെല്ലുവില കല്‍പ്പിക്കാത്ത ബംഗാള്‍ മോഡല്‍ കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയിലൂടെ കേരളത്തില്‍ നടക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ നിസ്സഹായരായി ഇത്തരം ഭരണകൂട ഭീകരതകള്‍ക്ക് ഇരയാകുന്ന കാഴ്ച ലോകം കണ്ടതാണ്. പരിസ്ഥിതിയുടെ കാവല്‍ക്കാരെന്ന് അവകാശപ്പെടുന്നവര്‍ കേരളത്തെയാകെ പ്രളയജലത്തില്‍ മുക്കിക്കൊല്ലാവുന്ന പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നത് ഭരണഘടന ഉറപ്പു നല്കുന്ന, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണ്.
മതേതരത്വം പ്രസംഗിക്കുകയും ന്യൂനപക്ഷ വര്‍ഗീയതയെയും തീവ്രവാദത്തെയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ജനങ്ങള്‍ക്ക് ബോധ്യമായി വരുന്നുണ്ട്. പാര്‍ട്ടി തലപ്പത്തോ മുഖ്യമന്ത്രി പദത്തിലോ ഒരു ന്യൂനപക്ഷക്കാരനെപ്പോലും ഇരുത്താത്തവര് ഇപ്പോള്‍ ന്യൂനപക്ഷ പ്രേമം പ്രസംഗിക്കുന്നത് സാമുദായിക വോട്ടുകള്‍ മാത്രം ലക്ഷ്യം വച്ചാണ്. മതനിരാസം പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതാടിസ്ഥാനത്തില്‍ ജനങ്ങളെ കാണുന്നു എന്ന് പരസ്യമായി സമ്മതിച്ചിരിക്കുന്നു. അതേസമയം, ചൈനയിലെ ഉയിഗുര്‍ മുസ്ലീങ്ങളോടുള്ള അവിടുത്തെ ഭരണകൂടത്തിന്റെ നിലപാടുകളോട് വിയോജിപ്പോ, താലിബാന് ഭീഷണിയില്‍ രാജ്യം വിടേണ്ടി വന്ന അഫ്ഗാനിസ്ഥാനിലെ മുസ്ലീം സഹോദരങ്ങളോട് അനുഭാവമോ പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായിട്ടില്ല എന്നതും അവരുടെ കാപട്യത്തിന് മറ്റൊരു തെളിവാണ്. ഹമാസ് ഭീകരരുടെ മിസൈലേറ്റ് ഒരു മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ അതിനെ അപലപിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല എന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.
ചുരുക്കത്തില്‍, കൂടുതല്‍ തുല്യരായ ചില ആളുകള്‍ക്ക് എക്കാലവും അധികാരം കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളാണ് ഇന്ന് ലോകത്ത് മറ്റെല്ലായിടത്തും എന്നതുപോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്നത്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെ 500 രൂപയുടെ ഭക്ഷ്യക്കിറ്റ് തങ്ങളുടെ ഔദാര്യമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനാകും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ജീവനോപാധികള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നത് ജനാധിപത്യത്തില്‍ ഏതൊരു സര്‍ക്കാരിന്റെയും കടമയാണ്. അത് ജനങ്ങള്‍ക്ക് നല്കുന്ന ഔദാര്യമായി പ്രചാരവേല നടത്തുകയും അതുവഴി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
ഇത്തരം വ്യാജപ്രചാരണങ്ങള്‍ മഹാമാരിയുടെ കാര്യത്തില്‍പ്പോലും നടത്തുന്നതെങ്ങനെയെന്ന് ലോകത്തെയും കേരളത്തെയും കാണിച്ചു തന്നതാണ് ആ പാര്‍ട്ടി. അതിനായി സമൂഹമാധ്യമങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും ഒരുപോലെ പ്രയോജനപ്പെടുത്താനും അവര്‍ക്കാവുന്നു. ജനങ്ങളെ മിഥ്യാധാരണകളുടെ സാങ്കല്പിക ലോകത്ത് നിര്‍ത്തി ചിന്താശേഷിയും പ്രതികരണശേഷിയും ഇല്ലാതാക്കുന്ന ഇവരുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വരുംതലമുറ വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: