എസ്. ശ്രീനിവാസ് അയ്യര്‍
ആര്‍ഷജ്യോതിഷം വ്യക്തമാക്കുന്നത് നവഗ്രഹങ്ങളാണ് മനുഷ്യജീവിതത്തിന്റെ അതിരും പരിധിയുമെല്ലാം നിശ്ചയിക്കുന്നത് എന്നാണ്. ഓരോ ഗ്രഹങ്ങളുടെയും ദശാകാലമായി ജീവിതം വിടരുന്നു; പന്തലിക്കുന്നു. ആദ്യം ദശകളുടെ ക്രമം നോക്കാം.
സൂര്യദശ (6വര്‍ഷം), ചന്ദ്രദശ (10വര്‍ഷം), ചൊവ്വാദശ (7 വര്‍ഷം) , രാഹുദശ (18 വര്‍ഷം), വ്യാഴദശ (16 വര്‍ഷം), ശനിദശ (19വര്‍ഷം), ബുധദശ (17 വര്‍ഷം), കേതുദശ (7 വര്‍ഷം), ശുക്രദശ (20 വര്‍ഷം) എന്നിങ്ങനെയാണ് ദശകളുടെ ക്രമവും ദശാവര്‍ഷങ്ങളും. ആകെ മനുഷ്യായുസ്സ് 120 വര്‍ഷം എന്ന് ഇതില്‍ നിന്നും സിദ്ധിക്കുകയും ചെയ്യുന്നു.
ഒരു ദശ അവസാനിക്കുകയും മറ്റൊരു ദശ തുടങ്ങുകയും ചെയ്യുന്ന കാലയളവിനെയാണ് ദശാസന്ധി എന്നു പറയുന്നത്. വിവാഹപ്പൊരുത്ത ചിന്തയിലുമുണ്ട് ദശാസന്ധിക്ക് പ്രാധാന്യം. ഇരുവരുടെയും (സ്ത്രീ പുരുഷന്മാരുടെ) നടപ്പുദശകള്‍ മാറുമ്പോള്‍ കുറഞ്ഞത് ഒരു കൊല്ലത്തെ അകലമെങ്കിലും വേണമെന്നാണ് പൊതു നിയമം. ചില ദൈവജ്ഞന്മാര്‍ ആറുമാസത്തെ കാലാവധി മതിയെന്ന് വിധിക്കുന്നു. ഇരുവരുടേയും ദശകളുടെ ഗുണദോഷവിചിന്തനം പ്രധാനമാണ്. പത്തുപൊരുത്തങ്ങള്‍ക്കപ്പുറവും ചില കാര്യങ്ങളുടെ ഘടനയും പരിശോധനകളും കൂടി നടത്തുമ്പോഴാണ് ജാതകച്ചേര്‍ച്ച പൂര്‍ണമാവുക. അതില്‍ ദശാസന്ധിയും ഉള്‍പ്പെടുന്നു.
ഒരു ദശ തീര്‍ന്ന് മറ്റൊരു ദശ തുടങ്ങുമ്പോള്‍ പുതിയ ജീവിതസാഹചര്യം നാമറിയാതെ ഉരുത്തിരിയുകയാണ്. നമ്മുടെ വ്യക്തിത്വം വികസിക്കുകയോ സങ്കോചിക്കുകയോ ചെയ്യാം. മനസ്സ് കൂടുതല്‍ വിഷാദഭരിതമാകാം; പ്രസന്നമാകാം. അതിനാല്‍ ദശാസന്ധിക്ക് പ്രാധാന്യമുണ്ട്. ജീവിത വഴിത്താരയിലെ ഒരു മുഖ്യമായ കാലഘട്ടം തന്നെയാവും ഓരോ ദശാസന്ധികളും.
മൂന്നുതരം സന്ധിദോഷങ്ങളെയാണ് പ്രമാണഗ്രന്ഥങ്ങളില്‍ പറയുന്നത്. ചൊവ്വാ- രാഹു സന്ധി, ശുക്ര- സൂര്യ സന്ധി, രാഹു- വ്യാഴ സന്ധി എന്നിവ പൊതുവേ എല്ലാവര്‍ക്കും ദുഷ്‌ക്കരമായ കാലഘട്ടമായിരിക്കുമെന്നാണ് ആചാര്യന്മാരുടെ വിലയിരുത്തല്‍. നല്ലദശ ഒടുങ്ങി ചീത്തദശ തുടങ്ങുന്നത് കരുതല്‍ വേണ്ട കാലം തന്നെയാണ്. തീരുന്നതും തുടങ്ങുന്നതും ക്ലേശകര്‍ത്താക്കളായ ഗ്രഹങ്ങളെങ്കില്‍ അക്കാലം ദുരിതത്തെ ഉണ്ടാക്കിയേക്കും. നല്ലദശയുടെ സമാപനവും നല്ലദശയുടെ സമാരംഭവും അത്ര ദുരിതകരമാവില്ല എന്നും ഊഹിക്കാം.
ജ്യോതിഷം സോപാധികമാണ്. ശനി പാപഗ്രഹമെന്ന് നിയമം വ്യക്തമാക്കുന്നു. എന്നാല്‍ ചില ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്ക് (ഉദാഹരണം ഇടവം, തുലാം, മകരം, കുംഭം) ശനി ഗുണപ്രദനാണ്. ശുഭാനുഭവങ്ങള്‍ സൃഷ്ടിക്കും. ചിലര്‍ക്ക് ശുക്രന്‍ അശുഭഗ്രഹമാണ് . (ഉദാഹരണം മീനം, മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം തുടങ്ങിയ ലഗ്നക്കാര്‍ക്ക് ). കൂടാതെ ഗ്രഹനിലയില്‍ ബലവാനായി നില്‍ക്കുന്ന ഗ്രഹത്തിന്റെ തുടക്കവും ഒടുക്കവും ഒന്നും മോശമാകാറില്ല. അതായത് ഉച്ചം, സ്വക്ഷേത്രം, ശുഭവര്‍ഗം എന്നിങ്ങനെയുള്ള ബലത്തോടുകൂടി നില്‍ക്കുന്ന ഗ്രഹത്തിന്റെ ആരംഭാവസാനങ്ങള്‍. അതുപോലെ ശത്രുക്ഷേത്രം, നീചം, പാപയോഗം എന്നിങ്ങനെ നില്‍ക്കുന്ന ഗ്രഹത്തിന്റെ ആരംഭവും സമാപനവും ജാതകനെ സംബന്ധിച്ച് ക്ലിഷ്ടകാലമായിരിക്കും.
ദശാസന്ധി നാം ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്. ദൈവജ്ഞനില്‍ നിന്നും ജാതകപരിശോധന നടത്തി ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക