രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡി ലിറ്റ് നല്കി ആദരിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം കാര്യകാരണമില്ലാതെ നിഷേധിക്കുവാന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന് പിള്ളയും സിന്‍ഡിക്കേറ്റും കാണിച്ച അമിതാവേശം സാക്ഷര കേരളത്തിന് അപമാനമാണ്. രാഷ്ട്രത്തലവന് കേരളത്തിലെ ഒരു സര്‍വ്വകലാശാലയില്‍ നിന്ന് ഡി.ലിറ്റ് സ്വീകരിക്കുവാന്‍ യോഗ്യതയില്ലാത്തത് എന്തുകൊണ്ടെന്ന് അവര്‍ വിശദീകരിക്കണം.
വിസിയുടേയോ സിന്‍ഡിക്കേറ്റിന്റെയോ പേരിലല്ല രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നത്. ചരിത്ര പ്രസിദ്ധമായ കേരള സര്‍വകലാശാലയാണ്. അത്തരത്തിലുള്ളൊരു ആദരവ് ആരുടെയും ഔദാര്യമല്ല. കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത കക്ഷികളാണ് ഭരിക്കുന്നത്. അവര്‍ പരസ്പരം വിമര്‍ശിക്കുന്നതും മത്സരിക്കുന്നതും രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ നിലനില്ക്കുന്നതു കൊണ്ടാണ്. സ്വതന്ത്ര പൂര്‍ണ്ണമായ ഈ വ്യവസ്ഥ നിലനിര്‍ത്താന്‍ കാരണമാകുന്ന ഭാരത ഭരണഘടനയോടും അത് വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളോടും കക്ഷി രാഷ്ട്രീയ വൈര്യം കാണിക്കേണ്ടതില്ല. അവയെ ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. എന്നാല്‍ നിഷ്പക്ഷ ഭരണഘടനാ സ്ഥാപനങ്ങളായ രാഷ്ട്രപതിയെയും ഗവര്‍ണറെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണ്.
ഭരണഘടയുടെ ഭാഗം അഞ്ചില്‍, അനുച്ഛേദം 52 മുതല്‍ 62 വരെയാണ് രാഷ്ട്രപതിയെക്കുറിച്ചും അദ്ദേഹത്തിന്റെ അധികാരത്തെക്കുറിച്ചും വിഭാവനം ചെയ്യുന്നത്. ഇതുപ്രകാരം ഭാരതത്തിന്റെ നിയമ നിര്‍മ്മാണ-നീതി ന്യായ വ്യവസ്ഥയുടെയും സൈന്യത്തിന്റെയുമുള്പ്പടെ സര്‍വ്വ അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിലാണ്. പാര്‍ലമെന്റിലെ ഇരു സഭകളിലേയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ വോട്ടു ചെയ്താണ് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്പില് സത്യവാചകം ചൊല്ലിയാണ് അദ്ദേഹം അധികാരത്തിലേറുന്നത്. പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും, സുപ്രീം കോടതി-ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ മറ്റ് ജഡ്ജിമാരെയും, വിവിധ കമ്മിഷന് അദ്ധ്യക്ഷന്മാരെയും സംസ്ഥാന ഗവര്ണര്മാരുള്പ്പടെയുള്ളവരെ നിയമിക്കാനും നീക്കം ചെയ്യുവാനും അധികാരമുള്ള സ്ഥാപനമാണ് രാഷ്ട്രപതി. കേന്ദ്ര നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന ഒരു നിയമം നിലവില്‍ വരണമെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. ഭാരതവും വിദേശ രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ ഒപ്പ് വെയ്ക്കുന്നതും രാഷ്ട്രപതിയുടെ പേരിലാണ്. അങ്ങനെ രാജ്യത്തിന്റെ എല്ലാ അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്ന, എല്ലാവരാലും ആദരിക്കപ്പെടേണ്ട ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഒരു വ്യക്തി ആ സ്ഥാനത്ത് അവരോധിതനാവുന്നതു മുതല്‍ നിഷ്പക്ഷനായാണ് കണക്കാക്കപ്പെടുന്നത്.
രാഷ്ട്രപതിയെന്ന പരമോന്നത സ്ഥാപനത്തെയാണ് കേരള സര്‍വ്വകലാശാലയുടെ പേരില്‍ ഡി ലിറ്റ് നല്കി ആദരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവശ്യപ്പെട്ടത്. എന്നാല്‍, ആ സ്ഥാപനത്തെ രാംനാഥ് കോവിന്ദ് എന്ന വ്യക്തിയായും അദ്ദേഹത്തിന്റെ മുന്‍ കക്ഷി രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ ഡി ലിറ്റ് നിഷേധിക്കുകയും ആ തീരുമാനം വെള്ളക്കടലാസിലെഴുതി ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തതിലൂടെ കേരള സര്‍വ്വകലാശാലാ വിസിയുടെയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും കാഴ്ചപ്പാട് എത്ര സങ്കുചിതമാണെന്ന് തെളിയിക്കപ്പെട്ടു.
നിയമപരമായ ബാധ്യത ഉണ്ടായിരുന്നിട്ടും വിഷയത്തില്‍ ഇടപെട്ട് തിരുത്തേണ്ട മുഖ്യമന്ത്രിയുടെ മൗനവും, ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ അപക്വമായ പ്രതികരണവും ഇരുവരുടെയും നിലവാരം കേവലം കക്ഷി രാഷ്ട്രീയത്തിലേക്ക് ചുരുങ്ങിയതിന്റെ ഉദാഹരണമാണ്.
ഭരണഘടനയുടെ അനുച്ഛേദം 153 പ്രകാരം സംസ്ഥാനത്തെ എല്ലാ നിര്‍വ്വഹണ അധികാരങ്ങളും ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, വൈസ് ചാന്സലര്മാരുള്പ്പടെയുള്ള സംസ്ഥാനത്തെ പ്രധാന നിയമനങ്ങള്‍ നടത്തുന്നതും നിയമസഭ പാസ്സാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും ഗവര്‍ണറാണ്. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം പാലിക്കുകയെന്നത് നിയമപരമായ ബാധ്യതകള്‍ക്കപ്പുറം ആ സ്ഥാനത്തോടുള്ള ആദരവ് കൂടിയായിരുന്നു. പകരം വിസി ഉള്‍പ്പടെയുള്ളവരുടെ നിയമനങ്ങള്‍ക്ക് ഗവര്‍ണറുടെ മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലേക്ക് സംസ്ഥാന ഭരണകൂടം നീങ്ങുകയും, അദ്ദേഹത്തിന് ആ കാര്യം പൊതു സമൂഹത്തോട് തുറന്നു പറയേണ്ടിയും വന്നു. വ്യക്തമായ കാഴ്ചപ്പാടില്ലാത്തവരെയും അയോഗ്യരായവരെയും രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തില്‍ വിസി, സിന്‍ഡിക്കേറ്റ് അംഗങ്ങളായി നേതൃസ്ഥാനത്ത് നിയമിക്കുന്നതാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുണ്ടാവുന്ന നിലവാരത്തകര്‍ച്ചയ്ക്കും പ്രതിസന്ധികള്‍ക്കും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ക്കും പ്രധാന കാരണം.
കേരളത്തില്‍ രാഷ്ട്രപതിക്കുണ്ടായ സുരക്ഷാ വീഴ്ചകളും അപമാന ശ്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളായി കരുതാനാവില്ല. രാജ്യത്തെ ഭരണഘടനയെയും സ്ഥാപനങ്ങളെയും അംഗീകരിക്കാതിരിക്കുകയും അപമാനിക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ വളര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി അതിനെ സ്ഥാപനവത്കരിക്കാനുള്ള ശ്രമങ്ങളും കാലങ്ങളായി നടക്കുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടന പാര്‍ലമെന്റില്‍ കീറിയെറിഞ്ഞതും, സഭ അദ്ധ്യക്ഷന്മാരെ ആക്രമിച്ചതും കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളാണ്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരെ ആദ്യമായി പ്രമേയം പാസ്സാക്കുന്നതും കേരളത്തില്‍ നിന്നു തന്നെ. പാകിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐ നിയന്ത്രിക്കുന്ന പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് പ്രധാനമന്ത്രിക്കും പോപ്പുലര്‍ ഫ്രണ്ട് ജിഹാദികളുടെ സ്വാധീനമുള്ള കേരള സര്‍ക്കാരില്‍ നിന്ന് രാഷ്ട്രപതിക്കും ഉണ്ടായ സുരക്ഷാ വീഴ്ച്ച തികച്ചും യാദൃച്ഛികമാണോ? സാക്ഷര കേരളം ചിന്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: