Categories: Samskriti

ചന്ദ്രന്റെ ഒരു ദിവസം

(തിഥികളെക്കുറിച്ച്)

എസ്. ശ്രീനിവാസന്‍ അയ്യര്‍

ഞ്ചാംഗത്തിലെ മറ്റൊരു ഘടകമാണ് തിഥി. ചന്ദ്രന്റെ ഒരു ദിവസമാണ്/ഒരു  ചാന്ദ്രദിനമാണ് തിഥി. 30 തിഥികള്‍ അടങ്ങിയതാണ് ഒരു ചാന്ദ്രമാസം. അമാവാസിയുടെ/കറുത്തവാവിന്റെ പിറ്റേന്ന് ഒരു ചാന്ദ്രമാസം തുടങ്ങുന്നു. ഓരോ ദിവസത്തെയും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അക്കങ്ങളുടെ പേരുവരുന്ന സംസ്‌കൃതനാമത്തിലാണ് പറയുന്നത്. അവയുടെ പേരുകള്‍ ഇപ്രകാരമാണ്: പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, പൗര്‍ണമി അഥവാ വെളുത്തവാവ് എന്നാണ് കണക്ക്. വെളുത്തവാവിലേക്ക് പോകുന്ന ദിവസങ്ങളാണ് എന്ന് സൂചിപ്പിക്കാന്‍ തിഥികള്‍ക്കൊപ്പം വെളുത്ത എന്ന അര്‍ത്ഥമുള്ള ശുക്ല എന്ന പദം ചേര്‍ക്കുന്നു. ശുക്ല പ്രഥമ, ശുക്ല ദ്വിതീയ, ശുക്ലതൃതീയ എന്നിങ്ങനെ. വെളുത്തവാവിന്റെ പിറ്റേന്നു മുതല്‍ വീണ്ടും 15 തിഥികള്‍. പതിനഞ്ചിന്റെ അന്ന് അമാവാസി അഥവാ കറുത്തവാവ്. കറുത്ത എന്ന അര്‍ത്ഥത്തിലാണ് കൃഷ്ണ എന്ന പദം തിഥികള്‍ക്കൊപ്പം ചേര്‍ക്കുന്നത്. കൃഷ്ണാഷ്ടമി, കൃഷ്ണ നവമി എന്നിങ്ങനെ. വെളുത്തപക്ഷം (ശുക്ലപക്ഷം) 15 തിഥികള്‍, കറുത്തപക്ഷം 15 തിഥികള്‍. അങ്ങനെ ചാന്ദ്രമാസം 30 ദിവസം.    

രാശിചക്രത്തിന്റെ വ്യാപ്തി/ദൈര്‍ഘ്യം 360 ഡിഗ്രിയാണല്ലോ? അതിനെ 30 തിഥികള്‍ക്കായി വിഭജിച്ചാല്‍ ഓരോ തിഥിയും 12 ഡിഗ്രി വീതമുണ്ടാകും. (12 ഡിഗ്രി ഃ 30 തിഥികള്‍ = 360 ഡിഗ്രി). കറുത്തപക്ഷം 180 ഡിഗ്രി (12 ഡിഗ്രി ഃ 15 തിഥി = 180 ഡിഗ്രി), വെളുത്തപക്ഷം 180 ഡിഗ്രി (12 ഡിഗ്രി ഃ 15 തിഥി = 180 ഡിഗ്രി)  എന്നിങ്ങനെ രണ്ട് ഭാഗമാക്കാം, അവയെ.  അമാവാസിയുടെ അര്‍ത്ഥം തന്നെ സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചിരിക്കുന്ന കാലമെന്നാണ്. അമാ എന്നാല്‍ ഒരുമിച്ച് എന്നര്‍ത്ഥം. അമയില്‍/ഒരുമിച്ച് വസിക്കുന്ന കാലമാണ് അമാവാസി എന്ന് നിര്‍വചിക്കാം. അപ്പോള്‍ ആരാണ് ഒരുമിച്ച് വസിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം. സൂര്യചന്ദ്രന്മാര്‍ എന്നാണ് ഉത്തരം എന്ന് മനസ്സിലായല്ലോ? സൂര്യന്റെ 12 ഡിഗ്രിക്കുള്ളില്‍ ചന്ദ്രന്‍ എത്തുമ്പോള്‍ അമാവാസി തിഥിയായി. രണ്ടുപേരും സമലിപ്തരാകുന്നതോടെ (തുല്യഡിഗ്രിയില്‍ വരുന്നത്) അമാവാസി പൂര്‍ണമാകുന്നു. അതില്‍ നിന്നും ചന്ദ്രന്‍ മുന്നോട്ട് നീങ്ങിത്തുടങ്ങുന്നതോടെ ശുക്ലപക്ഷം ആരംഭിക്കുകയായി.    

ഓരോ 12 ഡിഗ്രി വീതം ഓരോ തിഥികള്‍ കണക്കാക്കപ്പെടുന്നു. സൂര്യനൊപ്പം ഒരുമിച്ച് നിന്നശേഷം വേഗത ഏറിയ ഗ്രഹമാകയാല്‍ ചന്ദ്രന്‍ അടുത്ത ഡിഗ്രിയിലേക്ക് കടക്കുന്നതോടെ വെളുത്ത/ശുക്ലപക്ഷം ആരംഭിക്കുകയായി. സൂര്യനില്‍ നിന്നും ചന്ദ്രന്‍ കൃത്യം 12 ഡിഗ്രി അകലുമ്പോള്‍ ശുക്ല പ്രഥമ/വെളുത്ത പ്രഥമ തീരുന്നു. സൂര്യനില്‍ നിന്നും 12 മുതല്‍ 24 ഡിഗ്രി വരെ അകന്ന് ചന്ദ്രന്‍ സഞ്ചരിക്കുന്ന കാലം വെളുത്ത ദ്വിതീയ. 24 മുതല്‍ 36 ഡിഗ്രിവരെ സഞ്ചരിക്കുന്ന കാലം വെളുത്ത തൃതീയ. 36 മുതല്‍ 48 ഡിഗ്രി വരെ വെളുത്ത ചതുര്‍ത്ഥി. ഇങ്ങനെ 12 ഡിഗ്രി വീതം ഓരോ തിഥി മുന്നോട്ടു പോകും. സൂര്യന്റെ 168 ഡിഗ്രി മുതല്‍ 180 ഡിഗ്രി വരെ ചന്ദ്രന്‍ അകന്ന് സഞ്ചരിക്കുന്ന കാലമാണ് വെളുത്തവാവ്/പൗര്‍ണമി.  

സൂര്യനും ചന്ദ്രനും ചേര്‍ന്നു നില്‍ക്കുന്ന ഡിഗ്രിയില്‍ നിന്നും ചന്ദ്രന്‍ അകന്നകന്നു പോകുന്നതാണ് വെളുത്തപക്ഷം എന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന്റെ പരമാവധി എന്നത് 180 ഡിഗ്രിയാകുന്നുവെന്ന് ചുരുക്കം. പിന്നെ 180 ഡിഗ്രികള്‍ കറുത്ത പക്ഷം. അപ്പോള്‍ ചന്ദ്രന്‍ സൂര്യന്റെ അടുത്തേക്ക് വന്നുകൊണ്ടിരിക്കും. സൂര്യനില്‍ നിന്നും 180 മുതല്‍ 192 ഡിഗ്രിയിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ കൃഷ്ണ/ കറുത്ത പ്രഥമ.192 മുതല്‍ 204 ഡിഗ്രി വരെയാകുമ്പോള്‍ കറുത്ത ദ്വിതീയ. 204 മുതല്‍ 216 വരെ കറുത്ത തൃതീയ. 216 മുതല്‍ 228 വരെ കറുത്ത ചതുര്‍ത്ഥി. ഇപ്രകാരം ഓരോ തിഥിയും കണക്കാക്കണം. സൂര്യനില്‍ നിന്നും ചന്ദ്രന്‍ 348 ഡിഗ്രിയിലെത്തുമ്പോള്‍ 30 തിഥികളില്‍ 29 എന്ന തിഥിയായ (അഥവാ കറുത്തപക്ഷത്തിലെ പതിനാലാം തിഥിയായ)  കൃഷ്ണചതുര്‍ദശിയും തീരുന്നു. മുപ്പതാം തിഥിയായ കറുത്തവാവ് അഥവാ അമാവാസി ആരംഭിക്കുകയായി. സൂര്യനില്‍ നിന്നും 348 ഡിഗ്രി മുതല്‍ 360 ഡിഗ്രി വരെ ചന്ദ്രന്‍ സഞ്ചരിക്കും കാലമാണ് അമാവാസി/കറുത്തവാവ്.

ജന്മനക്ഷത്രഫലം പോലെ പ്രധാനമാണ് ജനിച്ച തിഥിയുടെയും ഫലം. അത് പ്രത്യേകം വിവരിക്കേണ്ട വിഷയമാണ്. പൊതുവേ കൃഷ്ണ ചതുര്‍ദശി, അമാവാസി എന്നിവയിലെ ജനനം ശുഭകരമല്ലെന്നാണ് വിദ്വജ്ജനപക്ഷം. അങ്ങനെയുള്ളവരുടെ ജാതകത്തില്‍ എത്ര മെച്ചപ്പെട്ട യോഗങ്ങളുണ്ടെങ്കിലും അവ ഫലിക്കാന്‍ സാധ്യത കുറവാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അമാവാസി ദിവസം വീട്ടിലെ മൃഗങ്ങള്‍ ജനിച്ചാല്‍ അവ ജനിച്ച കുടുംബത്തേക്ക് ദോഷം ചെയ്യുമെന്നും അതിനാല്‍ അവയെ ഉപേക്ഷിക്കണമെന്നും നിയമങ്ങളിലുണ്ട്. ഇത് ‘അമാദോഷം’ എന്നറിയപ്പെടുന്നു. ഉത്തമദൈവജ്ഞരുടെ നിര്‍ദ്ദേശപ്രകാരമുള്ള പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് ദോഷശാന്തികരമാണ്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക