Categories: Samskriti

ശുഭചിന്തകള്‍ വളര്‍ത്തുക

വിവാഹിതനെങ്കിലും മക്കളില്ലാത്ത ഒരു കര്‍ഷകയുവാവ് നാട്ടുസിദ്ധനെകണ്ടു.സിദ്ധന്‍പറഞ്ഞു, നിങ്ങളുടെ വീട്ടില്‍ പക്ഷികളെകൂട്ടിലിട്ടു വളര്‍ത്തുന്നുണ്ടല്ലോ, അതിനെയെല്ലാം തുറന്നുവിടൂ. എന്നിട്ട് അവയ്ക്കുവേണ്ടി ധാന്യമണികളും ഒരു പാത്രത്തില്‍വെള്ളവും വീട്ടുമുറ്റത്തുതന്നെ ദിവസവും വെച്ചു കൊടുക്കണം.

മക്കളേ,

ശരീരത്തിനുപോഷകസമൃദ്ധമായ ആഹാരം ആവശ്യമാണെന്നതുപോലെ മനസ്സിനും നല്ല ചിന്തകളാകുന്ന പോഷകാഹാരം ആവശ്യമാണ്. നമ്മള്‍ സ്ഥിരമായി ബേക്കറി പലഹാരം കഴിക്കുകയാണെങ്കില്‍ ശരീരത്തിന്റെ ആരോഗ്യം ക്ഷയിക്കും, അസുഖങ്ങള്‍ വര്‍ദ്ധിക്കും. അതുപോലെ മനസ്സില്‍ ദുഷ്ചിന്തകള്‍ വര്‍ദ്ധിച്ചാല്‍ ക്രമേണ മനസ്സ് ദുര്‍ബലമാകും. ദുഷ്ചിന്തകള്‍ നമ്മളെ ദുഷ്‌കര്‍മ്മങ്ങളിലേയ്‌ക്കും സദ്ചിന്തകള്‍ സത്കര്‍മ്മങ്ങളിലേയ്‌ക്കും നയിക്കുന്നു. അതുകൊണ്ട് മനസ്സില്‍ സദാ നല്ല ചിന്തകള്‍വളര്‍ത്തണം.  

ഒരു ഗ്ലാസ്സിലെ ഉപ്പുവെള്ളത്തില്‍ തുടര്‍ച്ചയായി ശുദ്ധജലം ഒഴിച്ചാല്‍ ഉപ്പുരസം നഷ്ടമാകും. ഒടുവില്‍ അതുനല്ല വെള്ളമായിത്തീരും. അതുപോലെ ദുഷ്ചിന്തകളെ സദ്ചിന്തകൊണ്ടു മാത്രമേ ഇല്ലായ്മ ചെയ്യുവാന്‍ കഴിയൂ. ദുഷ്ചിന്തകള്‍ മനസ്സില്‍ വേരുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അവയെ പറിച്ചുമാറ്റാന്‍ പ്രയാസമാണ്. അതിനാല്‍ അവയ്‌ക്കു മനസ്സില്‍ ഇടംകൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മനസ്സില്‍ അവ കടന്നുവന്നാല്‍ എത്രയും വേഗം തന്നെ അവയെ ഇല്ലാതാക്കണം.

നല്ല ചിന്തകള്‍ക്കു മാത്രംമനസ്സില്‍ ഇടം നല്കാനും ദുഷ്ചിന്തകളെ വെടിയാനും ബോധപൂര്‍വ്വം ശ്രമിക്കുന്നവര്‍ വളരെ വിരളമാണ്. നമ്മുടെ സൊസൈറ്റികളിലും വീടുകളിലും ഉള്ള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അപരിചിതര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ നമ്മളാരും അനുവദിക്കാറില്ല. എന്നാല്‍ നമ്മുടെആന്തരിക ലോകത്തെ പാര്‍ക്കിംഗ് സ്ഥലമായ മനസ്സിന്റെ കാര്യത്തില്‍ നമ്മള്‍ ഈ ജാഗ്രതപുലര്‍ത്താറില്ല. സാധാരണയായി എത്രയോ അനാവശ്യചിന്തകള്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടുകയും എത്ര നേരത്തേയ്‌ക്കു വേണമെങ്കിലും അവിടെ ഇടംപിടിക്കുകയും ചെയ്യാറുണ്ട്. നമ്മുടെമനസ്സില്‍ ഇടം നല്‌കേണ്ട ചിന്തകളെ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാനും ദുഷ്ചിന്തകളെ ഒഴിവാക്കാനും നമുക്കു കഴിയണം.  

ഇന്നു നമ്മള്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ക്കു കാരണം നമ്മള്‍ മുന്‍പു ചെയ്ത കര്‍മ്മങ്ങളാണ്. ഇന്നലത്തെ കര്‍മ്മമാണ് ഇന്നത്തെ വിധിയായിത്തീരുന്നത്. അതുപോലെ ഇന്നത്തെ കര്‍മ്മം ശുദ്ധമായാല്‍ മാത്രമേ നാളത്തെവിധി നമുക്ക് അനുകൂലമാകൂ. അതിനാല്‍ നമ്മുടെ ഇപ്പോഴത്തെ കര്‍മ്മങ്ങള്‍ നന്നാകണം. അങ്ങനെ മുമ്പുചെയ്തു പോയ ദുഷ്‌കര്‍മ്മങ്ങളുടെ ശക്തി ക്ഷയിപ്പിക്കാനും സുഖവുംസന്തോഷവും അനുഭവിക്കാനും നമുക്കു കഴിയും.

വിവാഹിതനെങ്കിലും മക്കളില്ലാത്ത ഒരു കര്‍ഷകയുവാവ് നാട്ടുസിദ്ധനെകണ്ടു.സിദ്ധന്‍പറഞ്ഞു, നിങ്ങളുടെ വീട്ടില്‍ പക്ഷികളെകൂട്ടിലിട്ടു വളര്‍ത്തുന്നുണ്ടല്ലോ, അതിനെയെല്ലാം തുറന്നുവിടൂ. എന്നിട്ട് അവയ്‌ക്കുവേണ്ടി ധാന്യമണികളും ഒരു പാത്രത്തില്‍വെള്ളവും വീട്ടുമുറ്റത്തുതന്നെ ദിവസവും വെച്ചു കൊടുക്കണം.അങ്ങനെ കുറച്ചുകാലം കഴിഞ്ഞാല്‍ നിങ്ങള്‍ക്കു കുഞ്ഞു ജനിക്കും. കൃഷിക്കാരന്‍ ഒരു ദിവസം ജോലികഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ കണ്ടത്, വീട്ടുമുറ്റത്ത് പക്ഷികള്‍ ധാന്യമണികള്‍ കൊത്തിത്തിന്നുന്നത് സന്തോഷത്തോടെ  നോക്കിനില്‍ക്കുന്ന  ഭാര്യയെയാണ്. പക്ഷികളുമായുള്ള സൗഹൃദംകൊണ്ട് ഉല്ലാസവതിയായ ഭാര്യയുടെഅഴക് വര്‍ദ്ധിച്ചതായി കര്‍ഷകനു തോന്നി. കുറച്ചുനാള്‍ക്കകം ഭാര്യ ഗര്‍ഭിണിയാവുകയും ചെയ്തു.സദ് വിചാരങ്ങളും സത്കര്‍മ്മങ്ങളും സന്തോഷവും നല്ല ഫലസിദ്ധിയുള്ളഔഷധങ്ങളെപ്പോലെയാണ്.  

നല്ല ചിന്തയും വാക്കും പ്രവൃത്തിയും ഒരിക്കലും വാടാത്ത നറുമണമുള്ള പൂക്കളാണ്. അവ എപ്പോഴും സുഗന്ധം പരത്തും, മനസ്സിന് ഉന്മേഷവും ആശ്വാസവും നല്കും. അതുകൊണ്ട് നമ്മുടെമനസ്സും വാക്കും പ്രവൃത്തിയും നന്മ നിറഞ്ഞതായിരിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രദ്ധിക്കണം.  

നമ്മള്‍ എത്ര പ്രയത്‌നിച്ചാലും ഈശ്വരകൃപ ഉണ്ടായില്ലെങ്കില്‍ യാതൊരു ഫലവുമില്ല. പ്രയത്‌നവും കൃപയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ മാത്രമേ ഈശ്വരകൃപയ്‌ക്കു പാത്രമാകുവാന്‍ നമുക്കു കഴിയൂ. നല്ല കര്‍മ്മങ്ങളാകട്ടെ നല്ല ചിന്തയില്‍നിന്ന് ഉദയംകൊള്ളുന്നു. അതിനാല്‍ എപ്പോഴും മനസ്സില്‍ നല്ല ചിന്തകള്‍ക്കു മാത്രമേ സ്ഥാനംനല്‍കാവൂ. മനസ്സില്‍ സദാ നല്ല ചിന്തകള്‍മാത്രം വരാനും നല്ല കര്‍മ്മങ്ങള്‍ മാത്രം ചെയ്യാനും നമ്മള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. അവ തീര്‍ച്ചയായും നമ്മുടെ ജീവിതം കൂടുതല്‍ സന്തോഷപൂര്‍ണമാക്കും.

മാതാ അമൃതാനന്ദമയീ ദേവി

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക