Categories: Astrology

വിശ്വദേവകളുടെ വരപ്രസാദം

(ഉത്രാടം നാളിനെക്കുറിച്ച്)

Published by

ജേ്യാതിഷ ഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

ഉത്തര ആഷാഢം എന്ന നക്ഷത്രം ഉത്രാടം എന്ന പേരില്‍  മലയാളത്തില്‍ വിളിക്കപ്പെടുന്നു. ധനുരാശിയില്‍ ആദ്യപാദവും മകരം രാശിയില്‍ 2,3,4 പാദങ്ങളും വരുന്നു. ഈ നാളിന്റെ ദേവത വിശ്വദേവകളാണ്.  

വിശ്വദേവകള്‍ പത്തുപേരാണ്. ദക്ഷപ്രജാപതിയുടെ മകളായ വിശ്വയുടെയും ധര്‍മ്മന്റെയും മക്കളാണ് അവര്‍. ഉറച്ച  ജീവിതമൂല്യങ്ങളുടെയും ഉന്നതമായ ആദര്‍ശ ചിന്തകളുടെയും മൂര്‍ത്തിമത്ഭാവങ്ങള്‍ എന്ന പരിവേഷവും അംഗീകാരവും വിശ്വദേവകള്‍ക്ക് പുരാണങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നു. ശ്രാദ്ധത്തില്‍ പിതൃക്കള്‍ക്കൊപ്പം ഇവരെയും പൂജിച്ചാദരിക്കുന്നു. ഓരോനക്ഷത്രവും ഓരോ കഴിവുകളുടെ പേരിലാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഉത്രാടം നാളുകാരില്‍ മറ്റുള്ള നക്ഷത്രങ്ങളുടെ അഥവാ അവയില്‍ ജനിച്ച മനുഷ്യരുടെ കഴിവുകളും കര്‍മ്മകുശലതയും ഏകീഭവിക്കുന്നു.  

മകരക്കൂറില്‍ ജനിക്കുന്നവരില്‍ പുരോഗതി വരിക പതുക്കെയാവും. രാശിനാഥനായ ശനിയുടെ പ്രഭാവം തന്നെ കാരണം. എങ്കില്‍ തന്നെയും മൂല്യാധിഷ്ഠിതമായ ജീവിതം ഉത്രാടം നാളുകാര്‍ നയിക്കുകയും വിജയം നേടുകയും ചെയ്യും. പിതൃക്കളുടെ അനുഗ്രഹം വിശ്വദേവകളിലൂടെ കുടുംബത്തില്‍ വന്നെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ മുഖ്യ ഗുണഭോക്താക്കളാണ് ഉത്രാടം നക്ഷത്രക്കാര്‍ എന്നും കരുതപ്പെടുന്നു.    

ഉത്രാടം നാലാം പാദവും അടുത്ത നക്ഷത്രമായ തിരുവോണത്തിന്റെ തുടക്കത്തിലെ 4 നാഴികയും ചേര്‍ന്ന ഒരു നക്ഷത്രം വൈദിക കാലത്തില്‍ സര്‍വ്വത്ര പരാമര്‍ശിക്കപ്പെട്ടിരുന്നു. അഭിജിത്ത് എന്നാണ് പേര്. (ഉത്രാടം നാലാം പാദം 15 നാഴിക/6 മണിക്കൂര്‍. ഒപ്പം തിരുവോണത്തിന്റെ 4 നാഴിക.  ഒരു നാഴിക എന്നത് 24 മിനിറ്റാണ്. 4 നാഴിക എന്നാല്‍ 96 മിനിറ്റും). ആകെ  19 നാഴിക അഥവാ 7 മണിക്കൂറും 36 മിനിറ്റും മാത്രമാണ് അഭിജിത്തിന്റെ അസ്തിത്വം. ഒരു നക്ഷത്രമായി കണക്കാക്കുന്നില്ല ഇന്ന് എങ്കിലും ,  അതിന്റെ പ്രസക്തി നഷ്ടമായിട്ടില്ല. ബ്രഹ്മാവാണ് അഭിജിത്തിന്റെ ദേവത.  

ഈ ചെറിയ സമയ പരിധിയില്‍ (ഒരു നക്ഷത്രം 60 നാഴിക അഥവാ 24 മണിക്കൂറാണ് ശരാശരി. അതിന്റെ മൂന്നിലൊന്ന് മാത്രമാണ് അഭിജിത്ത് നക്ഷത്രം) ജനിക്കുന്നവരുടെ ജീവിതം പരിശോധിച്ചാല്‍ സമുന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതായാണ് അനുഭവം. സൃഷ്ടിപരത ഏറിയിരിക്കും. പക്ഷേ  പ്രതിസന്ധികളുണ്ടാവാം. അത് ഏത് ജീവിതത്തിന്റെയും ഭാഗമാണല്ലോ. അതിനെ തട്ടിത്തെറിപ്പിച്ച് പദവികളും ശ്രേയസ്സും നേടിയെടുക്കുന്നു. ഇത് ഉത്രാടത്തിന്റെ മഹിമയായും കൂട്ടാം, അഭിജിത്തിന്റെ നേട്ടമായും എടുക്കാം.  

അഭിജിത്തെന്ന പേരില്‍ ഒരു മുഹൂര്‍ത്തവുമുണ്ട്. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള ഒരു പകലിനെ കൃത്യം പതിനഞ്ചായി വിഭജിക്കുമ്പോള്‍ വരുന്ന എട്ടാമത്തെ സമയ ഘടകമാണ് അത്. പകലിന്റെ ഒത്ത മധ്യമായി വരുന്നു. 2 നാഴിക അഥവാ 48 മിനിറ്റാണ് മുഹൂര്‍ത്തവേള.  പകലിന്റെ ഹ്രസ്വദീര്‍ഘതയനുസരിച്ച് ചിലപ്പോള്‍ ഏറ്റക്കുറച്ചിലുണ്ടാവാം. അതിലെ ദോഷങ്ങളെ മുഴുവന്‍ സുദര്‍ശനചക്രത്താല്‍ ഭഗവാന്‍ വിഷ്ണു ഒടുക്കുന്നുവെന്ന് സങ്കല്പമോ വിശ്വാസമോ നിലവിലുണ്ട്. അഭിജിത്ത് മുഹൂര്‍ത്തം കൊണ്ടാല്‍ മറ്റ് ദോഷങ്ങളില്ല എന്നും ബുധനാഴ്ച ദിവസം അഭിജിത്ത് മുഹൂര്‍ത്തം അപ്രസക്തമാണെന്നും വാദഗതികള്‍ പരക്കെയുണ്ട്.  

ശാഖാചക്രമണം വന്നു പോയി. കൂടുതല്‍ പിന്നീടൊരിക്കലാവാം.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by