കാരൂര്‍ സോമന്‍
ലീലാമ്മ തോമസ്
രാവിലത്തെ കുളിരിളം കാറ്റില്‍ ഫ്രാന്‍സിസ് ടൗണിലൂടെ ഒഴുകുന്ന റ്റാറ്റി നദീതീരത്തുള്ള സഫാരി പാര്‍ക്കിലേക്ക് ഒട്ടകപ്പക്ഷികളെ ലക്ഷ്യമാക്കി ലീലയുടെ വീടിനടുത്തുള്ള കറുത്ത വര്‍ഗ്ഗക്കാരി കിബിടിക്കൊപ്പം ഞങ്ങള്‍ യാത്ര തിരിച്ചു. കിബിടിയാണ് കാറോടിക്കുന്നത്. റ്റാറ്റി നദി ഷാഷെ നദിയുടെ ഒരു ശാഖയാണ്. ഈ നദിക്കൊപ്പം ചേരുന്ന മറ്റൊരു നദിയാണ് എന്‍ഷെ. നദിയുടെ തീരത്തുകൂടിയുള്ള റോഡിലൂടെ പോകുമ്പോള്‍ റോഡില്‍ ധാരാളം ഒട്ടകപ്പക്ഷികള്‍ കൂട്ടങ്ങളായി നടക്കുന്നു. നല്ല തണുപ്പ് അനുഭവപ്പെട്ടു. എങ്ങും കാട്ടുമരങ്ങളും കുറ്റിച്ചെടികളുമാണ്. കാറില്‍ നിന്നിറങ്ങി നീണ്ടുനിവര്‍ന്നു കിടക്കുന്ന നദിയിലേക്ക് നോക്കി. നദിയിലെ വെള്ളം സ്ഫടികംപോലെ സൂര്യപ്രഭയില്‍ തിളങ്ങുന്നു. ശുദ്ധജലമാണോ? ലോകത്താകെ മൂന്നോ മൂന്നരയോ ശതമാനമാണ് ശുദ്ധജലമുള്ളത്. വായു, വെള്ളം, പ്രകൃതി എത്ര നാള്‍ കൂടി മാനവരാശിക്ക് ലഭിക്കുമെന്നറിയില്ല. നദിക്കരയിലെ മരങ്ങള്‍ക്കിടയില്‍ നിന്ന് പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിച്ച് നില്‍ക്കവേ ശരീരമാകെ കറുത്ത രോമങ്ങളുള്ള രണ്ട് കുരങ്ങുകള്‍ ഒരു മരത്തിലിരുന്ന് ഞാവല്‍പ്പഴങ്ങള്‍ പോലുള്ളത് മരക്കൊമ്പുകളിലിരുന്ന് ഭക്ഷിക്കുന്നു. ഒരു കുരങ്ങന്‍ അതിന്റെ കൊമ്പുകള്‍ കുലുക്കുമ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ആ പഴങ്ങള്‍ നദിയിലേ വെള്ളത്തില്‍ മുങ്ങിത്താണുപോയതല്ലാതെ ഗുണമുണ്ടായില്ല. കൊമ്പുകള്‍ കുലുക്കുന്ന കുരങ്ങന്‍ കുറ്റബോധത്തോടെ നദിയിലേക്ക് നോക്കുന്നു. മരത്തിനടിയിലും പഴങ്ങള്‍ ചിന്നിച്ചിതറി കിടപ്പുണ്ട്. നദിയുടെ തീരങ്ങളില്‍ ജലസസ്യങ്ങളും മരങ്ങളും അണിഞ്ഞൊരുങ്ങി സന്ദര്‍ശകരെ കാത്തുകിടക്കുന്നു.
പെട്ടെന്നായിരുന്നു മനസ്സില്‍ വല്ലാത്ത ഭീതിയുളവാക്കും വിധം സിംഹത്തിന്റെ, ഒട്ടകപ്പക്ഷിയുടെ ഇടിമുഴക്കത്തോടെയുള്ള ശബ്ദം കാതുകളില്‍ പതിഞ്ഞത്. എന്റെ സംശയം ദുരീകരിച്ചത് കിബിടിയാണ്. രണ്ടുകൂട്ടരുടെയും കാടിളക്കിയുള്ള അലര്‍ച്ച ഒരുപോലെയാണ്. ആ ശബ്ദം ആരിലും ആശയക്കുഴപ്പമുണ്ടാക്കും. ബോട്‌സ്വാനയില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രേത്യക പാര്‍പ്പിടങ്ങളുണ്ട്. വന്യമൃഗ കേന്ദ്രങ്ങള്‍ ആയിരക്കണക്കിന് ഏക്കറുകളാണ്. ഓരോ മൃഗത്തിനും അതിരുകളും വേലിക്കമ്പികളുമുണ്ട്. മൃഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ആരും ഹനിക്കുന്നില്ല. സുരക്ഷിത നഗരം പോലെ മൃഗങ്ങളും ഈ വനപ്രദേശങ്ങളില്‍ സുരക്ഷിതരാണ്. അനന്തമായി നീണ്ടുകിടക്കുന്ന കുന്നുകളും കാടുകളും പുഴകളും. കേരളം മനസ്സിലേക്ക് വന്നു. ജനവാസ മേഖലകളില്‍ ആനകള്‍ കൃഷി നശിപ്പിക്കയും, വന്യമൃഗങ്ങള്‍ മനുഷ്യരെ കൊല്ലുകയും ചെയ്യുന്നു. കാട്ടുകള്ളന്മാര്‍ വിലപ്പിടിപ്പുള്ള തടികള്‍ ഭരണാധികാരികളുടെ സഹായത്തോടെ വെട്ടി നശിപ്പിച്ചു സമ്പത്തുണ്ടാക്കുന്നു. കാട്ടുകള്ളന്മാര്‍ ഇവിടേക്ക് വരാത്തതിനാല്‍ വന്മരങ്ങള്‍ ആകാശംമുട്ടെ വളര്‍ന്നു നില്‍ക്കുന്നു.
കാറില്‍ യാത്ര തിരിച്ചു. ഒരു മരത്തില്‍ ധാരാളം കാക്കകള്‍ കൂട്ടംകൂടിയിരുന്നു നിലവിളിക്കുന്നു. ഈ കാക്കകളുടെ കഴുത്തിലെ വെള്ളനിറം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗള്‍ഫിലും യൂറോപ്പിലും കാക്കകളെ കണ്ടിട്ടുണ്ട്. ഇവിടുത്തെ കാക്കയ്‌ക്ക് മാത്രമാണ് വെള്ള നിറം കണ്ടത്. ഇവിടത്തുകാര്‍ ഈ കാക്കകളെ ‘കന്യാസ്ത്രീ കാക്കകള്‍’ എന്നും വിളിക്കാറുണ്ട്. പരിസ്ഥിതിക്കോ മനുഷ്യനോ ദോഷകരമായ യാതൊന്നും ഈ കാക്കകള്‍ ചെയ്യാറില്ല. തിന്മകളോ കാപട്യങ്ങളോ ഇല്ലാത്തതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. പക്ഷി വര്‍ഗ്ഗത്തില്‍പ്പെട്ട ഇവ പൈഡ് കാക്ക അല്ലെങ്കില്‍ ലെഗകാബെ (കോര്‍വസ് ആല്‍ബസ്) എന്നും അറിയപ്പെടുന്നു. സാധാരണ കാക്കകളേക്കാള്‍ വലുപ്പം ചെറുതാണ്. ഇവര്‍ സഞ്ചരിക്കുന്നത് കൂട്ടമായിട്ടാണ്. പ്രാണികള്‍, ചെറിയ ഉരഗങ്ങള്‍, സസ്തനികള്‍, മുട്ട, ധാന്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ഭക്ഷിക്കുന്നത്. അറവുശാലകളുള്ളിടത്ത് കൂട്ടത്തോടെ കാണാറുണ്ട്.
ഞങ്ങള്‍ നദീതീരത്തുള്ള ഒട്ടകപ്പക്ഷികള്‍ പാര്‍ക്കുന്ന റ്റാറ്റി റിവര്‍ ലോഡ്ജ് പാര്‍ക്കിലേക്ക് യാത്രയായി. എങ്ങും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന കാടുകള്‍. ഇടക്കിടെ ചൂളംവിളിച്ചുകൊണ്ട് കാറ്റ് ആഞ്ഞുവീശുന്നു. പാര്‍ക്കിനടുത്ത് ധാരാളം സ്‌കൂള്‍ കുട്ടികളും അവര്‍ക്കൊപ്പം അധ്യാപകരും ഒട്ടകപ്പക്ഷികളെ കാണാനെത്തിയിട്ടുണ്ട്. കാര്‍ പാര്‍ക്കില്‍ വാഹനങ്ങള്‍ ധാരാളമുണ്ട്. കാര്‍ പാര്‍ക്ക് ചെയ്ത് ടിക്കറ്റ് എടുത്തു. സെക്യൂരിറ്റി ജീവനക്കാര്‍ പരിശോധനകള്‍ നടത്തി. എന്നില്‍ കൗതുകമുണര്‍ത്തിയത് കാലുകള്‍ കഴുകി ശുദ്ധമാക്കിയാലേ അകത്തേക്ക് വിടൂ എന്നതാണ്. മുന്‍പ് കേരളത്തിലെ ഉന്നതകുലക്കാരുടെ വീട്ടുവരാന്തയില്‍ കയറണമെങ്കില്‍ കാല് കഴുകണമായിരുന്ന കാര്യം ഓര്‍മ വന്നു. ആ കടമ്പയും കഴിഞ്ഞു അകത്തേക്ക് നടന്നു. ഒരു ഭാഗത്ത് രണ്ട് ആണ്‍ പെണ്‍ ഒട്ടകപ്പക്ഷികള്‍ നൃത്തം ചവുട്ടുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. അടുത്തുനില്‍ക്കുന്ന കുഞ്ഞുങ്ങളുടെ ചിറക് മുളച്ചു വരുന്നതേയുള്ളൂ. സന്ദര്‍ശകരായി എത്തിയിട്ടുള്ള പാശ്ചാത്യരും സ്വയം മറന്ന് ആ കാഴ്‌ച്ച കണ്ടു നിന്നു.
ബോട്‌സ്വാനയിലെങ്ങും ഒട്ടകപ്പക്ഷികളുണ്ട്. അത് ഒകാവാംഗോയിലെ തണ്ണീര്‍ത്തടാകം മുതല്‍ മധ്യകലഹാരിയിലെ വരണ്ട പ്രദേശങ്ങള്‍ വരെയാണ്. അകലെ ഒട്ടകപ്പക്ഷികള്‍ നില്‍ക്കുന്നുണ്ട്. റ്റാറ്റി നദിയുടെ തീരങ്ങള്‍ ഒട്ടകപ്പക്ഷികളുടെ ആവാസമേഖലയാണ്. കുന്നുകളും കുറ്റിച്ചെടികളും നിറഞ്ഞ ഈ പ്രദേശം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഒരു ഒട്ടകപ്പക്ഷി കുറ്റിക്കാട്ടില്‍നിന്ന് ഇറങ്ങി പോകുന്നത് കണ്ട് ഞാന്‍ ആ ഭാഗത്തേക്ക് നടന്നു. വിടര്‍ന്ന മിഴികളോടെ അടുത്തേക്ക് ചെന്നു. അത്യന്തം ആകര്‍ഷകമായ ഒരു കാഴ്‌ച്ച. ഒന്നിലധികം വലിയ മുട്ടകള്‍ കിടക്കുന്നു. ഒരു മുട്ടയെടുക്കാന്‍ കുനിയവെ മടങ്ങിപ്പോയ ഒട്ടകപ്പക്ഷി എന്റെ മേല്‍ ചാടി വീണു. ഞാന്‍ മുന്നോട്ട് മറിഞ്ഞു വീണു. ഭയന്ന് മാറി നില്‍ക്കേ കിബിഡിയും ലീലയും ആ കാഴ്‌ച്ച കണ്ട് അമ്പരന്നു. ലീല ഓടിയെത്തി. കിബിടി അകലെ നിന്ന ജോലിക്കാരാന്‍ ബുഷ്മാനെ കൈകൊട്ടി വിളിച്ചു. അയാള്‍ ഓടിയെത്തി. ലീല അയാളോട് കേണപേക്ഷിച്ചു. ഒട്ടകപ്പക്ഷിയെ ഓടിക്കൂ. അയാള്‍ അത് കേട്ടതായി ഭാവിച്ചില്ല. ഭയം നിറഞ്ഞു നിന്ന ആ നിമിഷങ്ങളില്‍ അതുവഴി ഒരു നായ് ചൈനക്കാരനൊപ്പം വരികയും ഒട്ടകപ്പക്ഷിയെ കണ്ട മാത്രയില്‍ നായ് കുരച്ചുകൊണ്ട് ചൈനക്കാരന്റെ കയ്യിലിരുന്ന കയര്‍ വിടുവിച്ച് മുന്നോട്ട് കുതിച്ചു. ഞാന്‍ മുന്നോട്ട് ഓടിമാറി. എനിക്ക് സുരക്ഷാ കവചമൊരുക്കിയ നായെ നോക്കി നന്ദി മനസ്സില്‍ രേഖപ്പെടുത്തി. ഒട്ടകപ്പക്ഷി നായുടെ മുഖത്ത് കൊക്കുകൊണ്ട് കൊത്തി. നായ് അടിമുടി നോക്കിയിട്ട് ഭയന്ന് പിന്മാറി. ചൈനക്കാരന്‍ നായെ പിടിച്ചുവലിച്ചു മുന്നോട്ട് കൊണ്ടുപോയി.
ലീല ബുഷ്മാനെ ശകാരിച്ചുകൊണ്ടു പറഞ്ഞു. ”ഇവിടെ വരുന്നവരുടെ സുരക്ഷിതത്വം എന്തുകൊണ്ട് നിങ്ങള്‍ ഉറപ്പാക്കുന്നില്ല?” വാദമുഖങ്ങള്‍ പലതും ലീല നിരത്തിയെങ്കിലും ഒന്നിനും ഉത്തരം കണ്ടെത്താന്‍ കഴിയാതെ അയാളുടെ മുഖത്തൊരു മരവിപ്പ് ഞാന്‍ കണ്ടു. ഒടുവില്‍ അയാള്‍ കുറ്റപ്പെടുത്തി പറഞ്ഞു. ”കാടിന്റെ നിയമം നിങ്ങള്‍ക്കറിയില്ല. മുട്ടകള്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിന് വന്യമൃഗ വകുപ്പിന്റെ അനുമതി വേണം.” ആ പറഞ്ഞതിന്റെ ഉള്ളടക്കം തെറ്റ് ചെയ്തതിന് ശിക്ഷ കിട്ടി എന്നാണ്. സത്യത്തില്‍ എനിക്കത് അറിയില്ലായിരുന്നു. ഇത് പുതുമയുള്ള സംഭവമായി അയാള്‍ കരുതുന്നില്ല.
വന്യമൃഗങ്ങളുടെ സന്തോഷവും സൗന്ദര്യവും കണ്ടു വളര്‍ന്നവരാണ് പുരാതന ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ബുഷ്മാന്‍ വിഭാഗം. മൃഗങ്ങളോട് സ്നേഹവും കാരുണ്യവുമുള്ളവര്‍. മൃഗങ്ങളെ പരിചരിക്കാന്‍ പ്രത്യക പരിശീലനം ലഭിച്ചവര്‍. ഇവര്‍ സൗത്ത് ആഫ്രിക്ക, സാംബിയ, നമീബിയ തുടങ്ങി പലയിടത്തുമുണ്ട്. ഇവിടുത്തെ ബുഷ്മാന്‍മാരില്‍ കൂടുതലും ബോട്‌സ്വാനയിലെ വടക്കു ഭാഗത്തുള്ള ടിസോഡിലോ താഴ്‌വാര പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ ഭാഷ ‘സാന്‍’ ആണ്. ഇക്കൂട്ടര്‍ കാലഹരി മരുപ്രദേശങ്ങളിലുമുണ്ട്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട മാദകത്വം തുളുമ്പുന്ന രണ്ട് യുവ സുന്ദരികള്‍ മുന്നിലൂടെ കടന്നുപോയി. അവരുടെ കാതുകളില്‍ ഇലകള്‍ കൊണ്ട് നിര്‍മ്മിച്ച കമ്മലുകള്‍. കഴുത്തില്‍ തിളക്കമുള്ള ഏതോ കല്ലുകള്‍ പാകിയ മാലകള്‍ ഞാന്നുകിടന്നു. ശരീരം കറുത്തതെങ്കിലും അതെല്ലാം വെളുത്തു തിളങ്ങുന്നു.
ഇവിടുത്തെ ദേശീയ പക്ഷി ‘കോറി ബൂസ്റ്റാര്‍ഡ.്’ ദേശീയ മൃഗം ‘സീബ്ര’യാണ്. വന്യ മൃഗ രേഖയനുസരിച്ച് ലോകത്ത് പലയിനത്തിലുള്ള ഒട്ടകപ്പക്ഷികളുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ നമീബിയ, സാംബിയ, സിംബാബ്വേ, അംഗോള എന്നിവിടങ്ങളില്‍. ബോട്‌സ്വാനയിലാണ് ഏറ്റവും കൂടുതല്‍ ഒട്ടകപ്പക്ഷികളുള്ളത്. ഈ രാജ്യത്ത് അറുപതിനായിരത്തിലധികം ഒട്ടകപ്പക്ഷികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കഴുതകളെപോലെ ഒട്ടകപ്പക്ഷികളും കര്‍ഷകരുടെ വരുമാന മാര്‍ഗ്ഗമാണ്. എല്ലാവര്‍ക്കും ഇതിനെ വീടുകളില്‍ വളര്‍ത്താന്‍ അനുവാദമില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് വളര്‍ത്താം. ഒട്ടകപ്പക്ഷി ഫാമുകള്‍ ധാരാളമുണ്ട്. ഒട്ടകപ്പക്ഷികള്‍ക്ക് വേണ്ടി കര്‍ഷകരുടെ സംഘടനകളുമുണ്ട്. പക്ഷിഗണത്തില്‍ ലോകത്തെ ഏറ്റവും വലിയ പക്ഷിയാണത്. ഏറ്റവും ചെറിയ പക്ഷി ‘ബി ഹ്യൂമിന്ദ്’. ഒട്ടകപ്പക്ഷികള്‍ക്ക് വലിയ കാലുകള്‍, വലിയ കഴുത്തു, പക്ഷിവര്‍ഗ്ഗത്തിലെ ഏറ്റവും വലിയ ഓട്ടക്കാര്‍കൂടിയാണ്. നാല്‍പ്പത്തിയഞ്ച് മുതല്‍ എഴുപത് കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നവര്‍. പക്ഷിവര്‍ഗ്ഗത്തില്‍ ഏറ്റവും വലിയ മുട്ടയുടെ ഉടമ. ഒരു മുട്ടയ്‌ക്ക് ഒന്നര കിലോമുതല്‍ രണ്ടര കിലോവരെ തൂക്കമുണ്ട്. ഇതിന്റെ ഉയരം രണ്ടര മുതല്‍ മൂന്ന് മീറ്റര്‍ വരെയാണ്. അറുപത് മുതല്‍ നൂറ്റിനാല്‍പ്പത് കിലോ തൂക്കം. ആണ്‍ ഒട്ടകപ്പക്ഷികളേക്കാള്‍ പെണ്‍ ഒട്ടകപക്ഷികള്‍ ചെറുതാണ്.
ഒരു കുറ്റിക്കാട്ടിനടുത്ത് ഒട്ടകപ്പക്ഷി അതിന്റെ കൊക്കുകള്‍ മണ്ണില്‍ പൂഴ്‌ത്തിവച്ചത് കണ്ടു. പറക്കാന്‍ സാധിക്കാത്ത പക്ഷിയായതിനാല്‍ മണ്ണില്‍ കൂടുകള്‍ ഉണ്ടാക്കുന്നു. അല്ലെങ്കില്‍ കുഴികള്‍ കാലും കൊക്കുകള്‍ ഉപയോഗിച്ചു കുഴിക്കുന്നു. അതിലാണ് മുട്ടയിടുന്നത്. മുട്ടകള്‍ കൊക്കുകൊണ്ട് തിരിച്ചും മറിച്ചുമിടുന്നത് വേണ്ടുന്ന ചൂട് ലഭിക്കാനാണ്. ഇത് ഗോത്രവര്‍ഗ്ഗ വിശ്വാസമെന്ന് പക്ഷി നീരിക്ഷകര്‍ കരുതുന്നു. ശാസ്ത്രീയമായ ഒരു തെളിവുമില്ല. ഒട്ടകപ്പക്ഷികള്‍ ശത്രുക്കളെ നേരിടുന്നത് കാലുകൊണ്ടാണ്. ഒറ്റത്തൊഴിയില്‍ മനുഷ്യര്‍ മാത്രമല്ല സിംഹങ്ങളും മലര്‍ന്നടിച്ചു വീഴാറുണ്ട്. ആ വീഴ്ചയില്‍ മരണവും സംഭവിക്കാം. ഇവരുടെ പ്രധാന ശത്രുക്കള്‍ സിംഹം, പുലി, ഹെയ്ന്‍സ് എന്നിവയാണ്. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് അന്‍പത് വര്‍ഷങ്ങളാണ്.
സസ്യഭുക്കാണെങ്കിലും പറക്കുന്ന ഈച്ചയടക്കം ചില കല്ലുകളും ഭക്ഷിക്കും. ഒട്ടകപ്പക്ഷിയുടെ മാംസം വളരെ രുചിയുള്ളതാണ്. മാംസത്തില്‍ കൊഴുപ്പ് കുറവും ഇരുമ്പ് കൂടുതലുമാണ്. ഒട്ടകപ്പക്ഷിയുടെ തൂവലുകള്‍കൊണ്ട് ചൂലുണ്ടാക്കും, മാറാലകള്‍ അടിച്ചുമാറ്റാം. മുട്ടത്തോടുകൊണ്ട് കരകൗശല വസ്തുക്കളുണ്ടാക്കും. തൂവല്‍കൊണ്ടുള്ള തുണിത്തരങ്ങളുമുണ്ട്. മുട്ടത്തോടില്‍ നിറയ്‌ക്കുന്ന ജലത്തില്‍ ‘ലിതോപ്’ കല്ലുകള്‍ ഇട്ടു കുടിക്കും. ആട്ടിടയന്മാര്‍ ദാഹമകറ്റാന്‍ ഈ വെള്ളമാണ് കുടിക്കുന്നത്. തലേ രാത്രിയില്‍ ഫ്രാന്‍സിസ ടൗണിലെ ‘കുമിന്ദ ഫാമില്‍’ ഒരു സംഗീത പരിപാടിയില്‍ കണ്ടത് ശിരസ്സിലും ശരീര ഭാഗങ്ങളിലും നിറയെ ഒട്ടകപ്പക്ഷിയുടെ നിറമാര്‍ന്ന തൂവലുകള്‍ ധരിച്ച യുവസുന്ദരിമാരും പുരുഷന്മാരും നൃത്തമാടുന്നതാണ്. കുമിന്ദ ഫാമില്‍ നൃത്തം, സംഗീതം, പാചക പരിശീലനം തുടങ്ങി ഇവിടുത്തെ ഗ്രാമീണ ജീവിതത്തെ ഉയര്‍ത്തിപ്പിടിക്കുന്നതൊക്കെയുണ്ട്. നക്ഷത്രരാവുകളുടെ കേന്ദ്രമാണ്. മഹത്തായ ഒരു മംഗള കാര്യമായിട്ടാണ് അവരുടെ പുരാതന കലകളെ, കുലാചാര വിശ്വാസങ്ങളെ ഇന്നും പരിപാലിക്കുന്നത്. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചത് സ്ത്രീകളുടെ ആട്ടും പാട്ടും എല്ലാവരും ആസ്വദിക്കുന്നതാണ്.
ഉച്ച ഭക്ഷണത്തിന് അവിടെയുള്ള ഒരു റസ്റ്ററന്റില്‍ കയറി. ഞങ്ങളുടെ അടുത്തായി നേര്‍ത്ത വസ്ത്രധാരികളായ രണ്ട് പാശ്ചാത്യ സ്ത്രീകള്‍ ബിയറും മറ്റും വാങ്ങി കഴിക്കുന്നുണ്ട്. അവരുടെ ചെമ്പിച്ച മുടിയും മറ്റും ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. അവര്‍ക്കൊപ്പം ഒരു പുരുഷനുമില്ല. അവര്‍ എവിടെ പോയാലും നാട്ടുനടപ്പും കുലാചാരങ്ങളും അംഗീകരിക്കുന്നവരല്ല. അത് സൗദി അറേബ്യയിലും ഞാന്‍ കണ്ടു. സൗദി മത നിയമമനുസരിച്ച് ഏത് രാജ്യത്തു നിന്നുള്ള സ്ത്രീകളായാലും തലയില്‍ തുണി ധരിക്കണം. ഒരു സായാഹ്ന സമയം അല്‍കോബാര്‍ സിറ്റിയില്‍ ഇതുപോലെ രണ്ട് സ്ത്രീകള്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തി. മതപണ്ഡിതനായ പുരോഹിതന്‍ അവരെ ചോദ്യം ചെയ്തു. വാക്‌പോരില്‍ തുടങ്ങി ബ്രിട്ടീഷ് മദാമ്മയുടെ അടി വാങ്ങിയാണ് പുരോഹിതന്‍ പിന്‍വാങ്ങിയത്.
ലീല ഭക്ഷണം വാങ്ങിയത് പാപ്പ് (ചോളപൊടി വേവിച്ചത്), സാംപ് (ചോളം പയര്‍ ഒന്നിച്ച് വേവിച്ചത്). കുട്ടത്തില്‍ മറ്റ് പലതുമുണ്ട്. ഭക്ഷണം കഴിച്ചിട്ടിറങ്ങി. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ജീപ്പിലും കുതിരപ്പുറത്തും പരിശോധനകള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ മുന്നോട്ട് നടക്കുന്നതിനിടയില്‍ ഇമവെട്ടാതെ മരങ്ങളുടെ മദ്ധ്യത്തില്‍ പുകച്ചുരുളുകള്‍ മുകളിലേക്ക് ഉയരുന്നത് നോക്കി നിന്നു. അതിന്റെ അരികത്തായി നാല് പാശ്ചാത്യ സ്ത്രീപുരുഷന്മാര്‍ കൂടിനില്‍ക്കുന്നു. അവര്‍ ഒട്ടകപ്പക്ഷിയുടെ മുട്ട മണ്ണില്‍ വേവിക്കുന്നുവെന്ന് കിബിടിയില്‍ നിന്ന് മനസ്സിലാക്കി. ചീറിയടിക്കുന്ന ചൂടുകാറ്റില്‍ വിയര്‍പ്പ് അനുഭവപ്പെട്ടു. എന്റെ ആഗ്രഹം മനസ്സിലാക്കി ലീല മുട്ട വാങ്ങാന്‍ തീരുമാനിച്ചു. ഞങ്ങള്‍ കുറെ നടന്നെത്തിയത് ഒരു വലിയ കടയിലാണ്. ഇതിനുള്ളില്‍ ഇത്രമാത്രം കടകളോ? എന്തും വാങ്ങാന്‍ കിട്ടും. ലീല ഒരു മുട്ട വാങ്ങി. ഇവിടുത്തെ നാണയം പുലയാണ്. ഒരു പുലക്ക് ഇന്ത്യന്‍ വില ആറു രൂപക്ക് മുകളിലാണ്. ഒരിക്കലും ഇത്രയും വിലവരുമെന്ന് ഞാന്‍ കരുതിയില്ല. ഒരു മുട്ടയുടെ വില മുപ്പത് ഡോളര്‍. കാട്ടിലെ വിശിഷ്ട ഔഷധ ചെടിയായ ‘ഒകാസി’യുടെ ഇലകള്‍, വിറക്, വെള്ളം, തീപ്പെട്ടി മുതലായവ വാങ്ങി തിരികെ നടന്നു. വലിപ്പമുള്ള മുട്ട ഞാന്‍ വാങ്ങി. കുറഞ്ഞത് രണ്ട് കിലോ ഭാരം തോന്നും. പലയിടത്തും മുട്ട വേവിച്ചിട്ടുള്ള ചെറിയ കുഴികള്‍ കണ്ടു. ലീല ഒരു കുഴിയിലെ മണ്ണ് കുറെ പുറത്തെടുത്തു. ഇലകളില്‍ വെള്ളം നനച്ചു. മണ്ണില്‍ അല്‍പ്പം വെള്ളം നനച്ചു. കുഴിയിലേക്ക് വിറക് കഷണങ്ങള്‍ അടുക്കി വെച്ചു. അടുത്തുള്ള കരിയില വാരി തീയിട്ടു. ഒകാസി ഇലയില്‍ മുട്ട പൊതിഞ്ഞ് അതിലേക്ക് വച്ചു. തീ എരിഞ്ഞു. അതിന് മുകളിലേക്ക് മണ്ണ് വാരിയിട്ടു. കാറ്റിലുലയുന്ന മരക്കൊമ്പുകളില്‍ പക്ഷികളുടെ മധുരഗീതങ്ങള്‍ കേട്ടും അകലെ ഒട്ടപ്പക്ഷികള്‍ നടന്നുപോകുന്നതും കണ്ട് ഞങ്ങളിരുന്നു. കനലില്‍ നിന്നെടുത്ത വെന്ത മുട്ട കഴിച്ചിട്ടാണ് അവിടെ നിന്ന് മടങ്ങിയത്. എന്റെ യാത്രകളില്‍ ഇതൊരു ബോട്‌സ്വാനിയന്‍ ഗ്രീഷ്മകാല ദിനമായി അനുഭവപ്പെട്ടു. കാറില്‍ കയറുന്ന സമയം ഒട്ടകപ്പക്ഷികളുടെ ഇടിമുഴക്കംപോലുള്ള ശബ്ദം അവിടെമാകെ പ്രകമ്പനം കൊള്ളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: