കൊവിഡ് മഹാമാരിയുടെ തുടര്‍ച്ചയായ അടച്ചിടലിനും നിയന്ത്രണങ്ങള്‍ക്കുമിടയില്‍ കടന്നു വന്ന 2021 ഇന്ന് അര്‍ധരാത്രിയോടെ പോയ്മറയുകയാണ്. കൊവിഡ് മഹാവ്യാധിയുടെ മറ്റൊരു വകഭേദമായ ഒമീക്രോണ്‍ വൈറസ് ബാധ ഡെമോക്ലസിന്റെ വാളുപോലെ സമൂഹത്തിന് മുന്നില്‍ ഭീഷണിയായി നിലകൊളളവെ മറ്റൊരു പുതുവര്‍ഷം 2012 സമാഗതമാവുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊവിഡ് വ്യാപന ഭീഷണിക്കും നിയന്ത്രണങ്ങള്‍ക്കുമിടയിലും ജില്ലയിലെ സാമൂഹ്യ-സാംസ്‌ക്കാരിക, രാഷ്‌ട്രീയ, ഭരണരംഗങ്ങള്‍ വിവിധ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജനുവരി മാസം വിടപറഞ്ഞ മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന്‍ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുതല്‍ ഏറ്റവമൊടുവില്‍ കഴിഞ്ഞ ദിവസം അന്തരിച്ച പയ്യന്നൂര്‍ കൈതപ്രം സ്വദേശിയും മലയാള സിനിമ ഗാനങ്ങളുടെ രചയിതാവും സംഗീത സംവിധായകനുമായിരുന്ന കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയുടെ വേര്‍പാടുവരെ നിരവധി തീരാനഷ്ടങ്ങളാണ് ജില്ലയ്‌ക്കുണ്ടായത്.
കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ സേവാഭാരതിയടക്കമുളള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സേവാപ്രവര്‍ത്തനങ്ങള്‍ കടന്നു പോകുന്ന വര്‍ഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ രാജ്യാന്തര ചരക്ക് നീക്കം ആരംഭിച്ചത് ജില്ലക്കും ഉത്തര മലബാറിനും നേട്ടമായി. കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. വിസിയായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതും ഭരണപക്ഷ സംഘടനാ നേതാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍വ്വകലാശാലയില്‍ നിയമനം നല്‍കാനുളള നീക്കവും നിയമനം നടത്തിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായി ആറളം ഫാം ഉള്‍പ്പെടെ ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങള്‍ കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടേയും ശല്യം കാരണം ദുരിതമനുഭവിച്ചു. കാട്ടാന അക്രമത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടായി.
വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അനുബന്ധ റോഡുകളുടെ വികസനം പോയ വര്‍ഷവും യാഥാര്‍ത്ഥ്യമായില്ല. കോടിക്കണക്കിന് രൂപയുടെ കളളക്കടത്ത് സ്വര്‍ണ്ണം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിക്കപ്പെട്ടു.
ജില്ലയിലെ പോലീസ് സംവിധാനത്തെ കണ്ണൂര്‍ റൂറല്‍, സിറ്റി എന്നീ പേരുകളില്‍ രണ്ട് പോലീസ് ഡിവിഷനുകളായി വിഭജിച്ച് പുതിയ മേധാവികള്‍ സ്ഥാനമേറ്റത് ജനുവരി ആദ്യവാരത്തിലായിരുന്നു. രാജ്യന്തര ചലച്ചിത്രമേള ആദ്യമായി തലശ്ശേരിയില്‍ നടന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. ബാലകൃഷ്ണന്‍ ജില്ലയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
കണ്ണൂര്‍ നഗരത്തിലെ മൂന്ന് വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടന്നത് പോയവര്‍ഷത്തിലെ വാര്‍ത്തകളില്‍ ശ്രദ്ധിക്കപ്പെട്ടു. കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസ് ആരംഭിച്ചത് കണ്ണൂരുകാര്‍ക്ക് റെയില്‍വേയുടെ സമ്മാനമായി. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് മത്സരിക്കാനെത്തിയത് വാര്‍ത്തകളില്‍ ഇടംനേടി. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ പാനൂര്‍ പുല്ലൂക്കരയില്‍ മന്‍സൂറെന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കാലങ്ങളായി ജില്ലയില്‍ തുടരുന്ന കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറല്ലെന്ന് സംഭവം തെളിയിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിന് പിന്നാലെ മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായിരുന്ന കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതും കടന്നു പോകുന്ന വര്‍ഷത്തിലാണ്. പയ്യന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ എഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്തു. പിന്നീട് വെറുതേ വിട്ടതും സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടു.
കേരളത്തിലെ എക പ്രാദേശിക ബറ്റാലിയനായ കണ്ണൂര്‍ ടെറിറ്റോറിയല്‍ ആര്‍മി കോഴിക്കോടേക്ക് മാറ്റിയതും കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം ഉന്നത നേതാക്കളുമായി വളരെ അടുത്ത ബന്ധമുളള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യപ്പെട്ടതും വാര്‍ത്തകളില്‍ ഇടംനേടി. കലക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇ-ബുള്‍ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറയ്‌ക്കുകയുണ്ടായി.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷയില്‍ തളിപ്പറമ്പ് തൃച്ചംബരത്തെ കരിങ്ങടയില്‍ അഖില എസ്.ചാക്കോ ഒന്നാം റാങ്ക് നേടി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ പ്രവര്‍ത്തന പന്ഥാവിലേക്കിറങ്ങി പ്രവര്‍ത്തിച്ചു തുടങ്ങിയത് 2021 ജനുവരി മാസം ആരംഭത്തോടെയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത് പോയ വര്‍ഷത്തിന്റെ പാദവാര്‍ഷികത്തിലാണ്. തുടര്‍ച്ചയായി രണ്ടാം തവണയും കണ്ണൂരില്‍ നിന്നുളള വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തെത്തി. കണ്ണൂരില്‍ നിന്നും മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ കേവലം ഒരു മന്ത്രിയെക്കൊണ്ട് ജില്ലയ്‌ക്ക് തൃപ്തിപ്പെടേണ്ടി വന്നു.
ജില്ലയില്‍ നിന്ന് രണ്ട് എംപിമാര്‍(വി. ശിവദാസ്, ജോണ്‍ ബ്രിട്ടാസ്) പോയ വര്‍ഷം രാജ്യസഭയിലെത്തി. എ.പി. അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത് കണ്ണൂരിന് ലഭിച്ച ദേശീയ അംഗീകാരമായി. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനെത്തിച്ചേര്‍ന്നു. മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം സിപിഎം സെക്രട്ടറിയായി കണ്ണൂര്‍ സ്വദേശിയായ കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവന്നതും കടന്നു പോകുന്ന വര്‍ഷത്തിന്റെ അവസാന നാളുകളിലാണ്.
അറയ്‌ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയം ചെറിയ ബീകുഞ്ഞി ബീവി വിടവാങ്ങിയതും 23 വര്‍ഷങ്ങള്‍ക്ക് ശേഷം അറയ്‌ക്കല്‍ സുല്‍ത്താന്‍ പദവിയിലേക്ക് ഒരു പുരുഷന്‍ അറക്കല്‍ രാജവംശത്തിലെ ആദിരാജ ഹാമിദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റെടുത്തതും വാര്‍ത്തകളില്‍ ഇടം നേടി.
കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിലെ മഹതി ആദിരാജ ഉമ്പിച്ചി ബീബി മരണപ്പെട്ടു. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ വിടവാങ്ങി. സ്വാതന്ത്ര സമര സേനാനി മംഗലാട്ട് രാഘവന്‍, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ .അബ്ദുള്‍ഖാദര്‍ മൗലവി, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് എന്നിവര്‍ മരണപ്പെട്ടതും ജില്ലയുടെ നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: