Categories: Pathanamthitta

വിതയ്‌ക്കാന്‍ കര്‍ഷകര്‍ക്ക് താല്‍പര്യമില്ല; അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി കുറയുമെന്ന് ആശങ്ക, പേമാരിയും വെള്ളപ്പൊക്കവും പാടം ഒരുക്കുന്നതിന് തടസമായി

സെപ്തംബര്‍ രണ്ടാം വാരം മുതല്‍ വിവിധ പാടശേഖരങ്ങളില്‍ ഒരുക്കം ആരംഭിച്ച് ഒക്ടോബര്‍ രണ്ടാം വാരത്തോടെ വിത്ത് വിതയ്ക്കല്‍ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത ശൈലി ആണ് കര്‍ഷകര്‍ പിന്തുടര്‍ന്നു പോരുന്നത്. --

Published by

നെടുമ്പ്രം: കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക കലണ്ടര്‍ താളം തെറ്റിയതോടെ അപ്പര്‍കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇത്തവണ കുറയുമെന്ന് ആശങ്ക.ഡിസംബര്‍ പകുതിയായിട്ടും കുട്ടനാട്ടിലെയും അപ്പര്‍കുട്ടനാട്ടിലെയും പകുതിയിലേറെ പാടശേഖരങ്ങളില്‍ വിത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല.  

നവംബര്‍ ആദ്യം വിത പൂര്‍ത്തിയാക്കേണ്ടതായിരുന്നു.എന്നാല്‍ തുടര്‍ച്ചയായ മൂന്ന് വെള്ളപ്പൊക്കങ്ങളും ന്യൂനമര്‍ദ്ദവും മൂലം കൃഷി താളംതെറ്റി. ഇതുവരെ ലഭ്യമായ  കണക്കുകള്‍ പ്രകാരം കിടയില്‍പുഞ്ച, വേങ്ങല്‍, പരുത്തിയ്‌ക്കല്‍, നിരണത്തു തടം തുടങ്ങി വിരലിലെണ്ണാവുന്ന പാടശേഖരങ്ങളില്‍ മാത്രമാണ് പുഞ്ച കൃഷി ആരംഭിച്ചത്.അപ്പര്‍കുട്ടനാട്ടില്‍ 2,000 ഹെക്ടറിലായിരുന്നു പുഞ്ചകൃഷിയിറക്കിയിരുന്നത്.

സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടായ പേമാരിയും മൂന്നുതവണ വെള്ളപ്പൊക്കമുണ്ടായതും നിശ്ചിത സമയപരിധിക്കുള്ളില്‍ പാടശേഖരങ്ങള്‍ ഒരുക്കുന്നതിനും വിത്തു വിതയ്‌ക്കുന്നതിനും തടസ്സമായി. സെപ്തംബര്‍ രണ്ടാം വാരം മുതല്‍ വിവിധ പാടശേഖരങ്ങളില്‍ ഒരുക്കം ആരംഭിച്ച് ഒക്ടോബര്‍ രണ്ടാം വാരത്തോടെ വിത്ത് വിതയ്‌ക്കല്‍ പ്രക്രിയയ്‌ക്ക് തുടക്കം കുറിക്കുന്ന പരമ്പരാഗത ശൈലി ആണ്  കര്‍ഷകര്‍ പിന്തുടര്‍ന്നു പോരുന്നത്.  

പ്രദേശത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍മഴ ഉണ്ടാകുമെന്നതിനാല്‍ മാര്‍ച്ച് അവസാന വാരത്തോടെ കൊയ്‌ത്ത് പൂര്‍ത്തിയാക്കുന്നതാണ് പ്രദേശത്തെ രീതി. വിത്ത് വിതച്ചതിനുശേഷം 120 ദിവസങ്ങള്‍ കഴിഞ്ഞ് കൊയ്‌തെടുക്കാവുന്ന ‘ഉമ’ വിത്തുകളാണ് പരമ്പരാഗതമായി കൃഷിചെയ്ത് വരുന്നത്. എന്നാല്‍ ഇക്കുറി വേനല്‍ മഴയ്‌ക്ക് മുമ്പ് സമയപരിധി കുറവായതിനാല്‍ 90 ദിവസത്തിനുള്ളില്‍ കൊയ്‌തെടുക്കാന്‍ കഴിയുന്ന ‘മനുരത്‌ന’ വിതയ്‌ക്കാനാണ് കൃഷിവകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മനുരത്‌ന അനുയോജ്യമല്ലെന്നും ഇവയുടെ ഉല്്പാദനശേഷി കുറവാണെന്നും കര്‍ഷകര്‍ പറയുന്നു. 

കഴിഞ്ഞ ആഴ്ച കൃഷിവകുപ്പ് വിളിച്ച യോഗത്തില്‍ ഈ വര്‍ഷത്തെ പുഞ്ചകൃഷി നഷ്ടത്തില്‍ കലാശിക്കുമെന്ന ആശങ്ക ഒട്ടുമിക്ക കര്‍ഷകരും പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍മഴയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.പ്രതികൂല സാഹചര്യമായതിനാല്‍ ഇക്കുറി പുഞ്ചകൃഷിയ്‌ക്കില്ലെന്ന നിലപാടാണ് യോഗത്തില്‍ പങ്കെടുത്ത ഒട്ടു മിക്ക കര്‍ഷകരും സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക