അരനൂറ്റാണ്ടുകാലം ആളെ അടുപ്പിക്കാതെ അടച്ചിട്ട ഒരു കൊച്ചുദ്വീപ് ഇംഗ്ലണ്ടിലുണ്ട്. ദ്വീപിന്റെ പേര് ഗ്രുനാഡ്. സ്കോട്ട്ലാന്റിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത്. കരയോട് ചേര്‍ന്നു കിടക്കുന്ന ദ്വീപിന്റെ വിളിപ്പേര് ‘ആന്ത്രാക്സ് ദ്വീപ്.’ മാരകമായ ആന്ത്രാക്സ് രോഗത്തിന്റെ ബീജങ്ങള്‍ കുത്തിനിറച്ച ജൈവബോംബുകളുടെ പരീക്ഷണ കളരിയായിരുന്നു ഗ്രുനാഡ്. ജൈവായുധങ്ങള്‍ മനുഷ്യവര്‍ഗത്തിന് വരുത്തിത്തീര്‍ക്കുന്ന മഹാവിപത്തിനെ എന്നെന്നും ഓര്‍മിപ്പിക്കുന്ന ഒരു കൊച്ചു തുരുത്ത്.
രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ സഖ്യകക്ഷികള്‍ക്കുണ്ടായ വെളിപാടാണ് ഗ്രുനാഡിനെ ആന്ത്രാക്സ് ദ്വീപാക്കി മാറ്റിയത്. ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസിപ്പടയുടെ മുന്നേറ്റത്തെ എങ്ങനെയും തടുത്തുനിര്‍ത്താന്‍ അവരുടെ മുന്നില്‍ തെളിഞ്ഞ മാര്‍ഗം! ഒന്നാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികളുടെ കുതിരപ്പട്ടാളത്തിലെ കുതിരകളെ കൊന്നൊടുക്കാന്‍ ജര്‍മനി ആന്ത്രാക്സ് ബാക്ടീരിയകളെ ഉപയോഗിച്ചിരുന്നു. അതേ നാണയത്തില്‍ ഒരു തിരിച്ചടി. തങ്ങള്‍ക്കും നല്‍കിക്കൂടെയെന്നായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ ചിന്ത-ജര്‍മന്‍ മുന്നണിയുടെ വളര്‍ത്തുമൃഗങ്ങളെ ജൈവ ബോംബുകള്‍ കൊണ്ട് കൊന്നൊടുക്കുക. പാലും മുട്ടയും മാംസവുമൊക്കെ അണു ബാധിതരാക്കുക. കഴിക്കുന്നവരെ രോഗബാധിതരാക്കുക.
ആദ്യം അവര്‍ ജനിതകമാറ്റം വരുത്തിയ ആന്ത്രാക്സ് അണുക്കളെ സൃഷ്ടിച്ചു. ഓക്സ്ഫോഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ആര്.എല്‍. വൊള്ളും ആ അണുക്കള്‍ക്ക് അന്ന് നല്കിയ പേര് വൊള്ളും-14578. അണുക്കളുടെ ബീജങ്ങളെ (സ്പോര്) ബോംബിലാക്കുന്ന ചുമതല ഡേവിഡ് ഹന്‍ഡേഴ്സണ്‍ ഏറ്റെടുത്തു. ഓപ്പറേഷന് നടത്താനുള്ള 50 അംഗ സംഘത്തിന്റെ ചുമതല ഒളിവര്‍ ഗ്രഹാം ബട്ടനാണ് നല്‍കിയത്. അഞ്ഞൂറ് പൗണ്ട് നല്‍കിയാണ് സര്‍ക്കാര്‍ ദ്വീപ് ഏറ്റെടുത്തത്.
പരീക്ഷണത്തിന്റെ ഭാഗമായി നല്ല ആരോഗ്യമുള്ള 80 ആടുകളെ ബ്രിട്ടീഷ് സൈന്യം ദ്വീപിലെത്തിച്ചു. ഒപ്പം, അവയ്ക്ക് ആവശ്യമായ വെള്ളവും തീറ്റയുമൊക്കെ പരീക്ഷണ ദിവസം ആടുകളെയെല്ലാം മേല്‍ക്കൂരയില്ലാത്ത കൂടുകളിലാക്കി തീറ്റനല്കി. പിന്നെ വ്യോമസേനയുടെ താഴ്ന്നുപറന്ന വിക്കേഴ്സ് വെല്ലിങ്ടണ്‍ ബോംബര്‍ വിമാനം ആന്ത്രാക്സ് ബോംബുകള്‍ വര്‍ഷിച്ചു. അന്നു ബീജങ്ങള്‍ നിറഞ്ഞ തവിട്ട് പൊടിയില്‍ ആടുകള്‍ പിടഞ്ഞു. വിമാനം മടങ്ങി മൂന്നാംനാള്‍ അവ രോഗബാധിതരായി. ഒന്നല്ല, എല്ലാ ആടുകളും. ഒന്നൊന്നായി അവ ചത്തു വീണു. ആന്ത്രാക്സ് രോഗം ബാധിച്ച് ചത്ത ആടുകളുടെ ജഡം കടലിലൊഴുകി കരയിലെത്തി. അത് തിന്ന നായ്ക്കളെയും ആന്ത്രാക്സ് വെറുതെ വിട്ടില്ല. പരീക്ഷണം വന്‍ ജയം.
സഖ്യകക്ഷികള്‍ക്കായി കൊണ്ടുപോയിരുന്ന കന്നുകാലിയിലും കാലിത്തീറ്റയിലും കുതിരത്തീറ്റയിലുമൊക്കെ നാസികള്‍ രോഗാണുക്കളെ സന്നിവേശിപ്പിച്ചിരുന്നത്രേ. റുമാനിയയില്‍നിന്ന് റഷ്യയിലേക്കയച്ച ആടുകളെയും രോഗികളാക്കി കൊന്നൊടുക്കാന്‍ അവര്‍ ശ്രമിച്ചു. രണ്ടാംലോക മഹായുദ്ധം രൂക്ഷമായ വേളയില്‍ ശത്രുക്കളെ തളര്‍ത്താന്‍ വലിയൊരു ‘ആന്ത്രാക്സ് പ്രൊജക്ട്’ തന്നെ ജപ്പാന് ആസൂത്രണം ചെയ്തിരുന്നതായി ചില യുദ്ധ രേഖകള്‍ പറയുന്നു. മഞ്ചൂറിയയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഫെസിലിറ്റിയിലായിരുന്നത്രേ ഈ പ്രോജക്ട്. ആന്ത്രാക്സ് അടക്കമുള്ള ജൈവായുധ അണുക്കളുമായുണ്ടായ സമ്പര്‍ക്കം ചുരുങ്ങിയത് പതിനായിരം യുദ്ധത്തടവുകാരുടെയെങ്കിലും മരണത്തിന് കാരണമായി.
ആന്ത്രാക്സ് അണു ബീജങ്ങള്‍ക്ക് നല്ല സഹനശേഷിയാണ്. അവ മണ്ണില്‍ ദീര്‍ഘകാലം നശിക്കാതെ കിടക്കും. ഏതാണ്ട് 140 ഡിഗ്രി സെന്റി ഗ്രേഡ് ചൂടിലും മൂന്ന് മണിക്കൂര്‍ അവ പിടിച്ചുനില്ക്കും. തിളച്ച വെള്ളത്തിലും ഏറെ നേരം കഴിയാന്‍ കഴിവുണ്ട്.
ലോകമഹായുദ്ധം കഴിഞ്ഞു. ജൈവായുധ പ്രയോഗത്തിന് ഏറെ നിയന്ത്രണങ്ങള്‍ വന്നു. പക്ഷേ ‘ഗ്രുനാഡ്’ അപകട ദ്വീപായി തുടര്‍ന്നു. അതോടെ ബ്രിട്ടീഷ് സൈന്യം അവിടെ വലിയൊരു ബോര്‍ഡ് സ്ഥാപിച്ചു. ഈ ദ്വീപ് അപകട ദ്വീപ്. ഇവിടത്തെ മണ്ണ് വിഷമയം; ആന്ത്രാക്സ് അണുക്കളുണ്ട്. അതിനാല്‍ ആര്‍ക്കും പ്രവേശനമില്ല. അങ്ങനെ അവിടം വിജനമായിക്കിടന്നു, അരനൂറ്റാണ്ടുകാലം. ഒടുവില്‍ ദ്വീപ് അപകടമുക്തമാക്കാന്‍ സൈന്യം തീരുമാനിച്ചു. ദ്വീപിലെ 200 ഹെക്ടര്‍ ഭൂമിയിലും അവര്‍ കടല്‍ വെള്ളത്തില്‍ നേര്‍പ്പിച്ച ഫോര്‍മാല്‍ ഡിഹൈഡ് സ്പ്രേ ചെയ്തു. മേല്‍മണ്ണ് മുഴുവന്‍ നീക്കം ചെയ്തു. ഒടുവില്‍ ബ്രിട്ടന്റെ ജൂണിയര്‍ പ്രതിരോധ മന്ത്രി മൈക്കല്‍ ന്യൂബര്ട്ട് ദ്വീപ് സന്ദര്‍ശിച്ചു ആ ഔദ്യോഗിക പ്രഖ്യാപനം നടത്തി- ”ഗ്രുനാഡ് ഇനിയൊരിക്കലും ആന്ത്രാക്സ് ദ്വീപല്ല. ഇവിടെയിനി വിഷമില്ല.” ദ്വീപിന്റെ പ്രവേശന മാര്‍ഗത്തില്‍ സ്ഥാപിച്ച മുന്നറിയിപ്പ് പലക മന്ത്രി തന്നെ വലിച്ചൂരി. 1990 ഏപ്രില്‍ 24 നായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
തൊട്ടടുത്ത മാസം 500 പൗണ്ട് തിരികെ വാങ്ങി ഉടമകള്‍ക്കു തന്നെ ദ്വീപ് മടക്കിക്കൊടുത്തു. പക്ഷേ ‘ഗ്രുനാഡ്’ ഇപ്പോഴും ഭയത്തിന്റെ പ്രതീകമാണ്. ആന്ത്രാക്സ് മ്യൂട്ടേഷന് (അലന് സ്കോട്ട്), സീ ഓഫ് ഡെത്ത് (റിച്ചാര്‍ഡ് പി. ഹെന്‍ട്രിക്), ദി ഫസ്റ്റ് ഓഫ് ഗോഡ് (റിച്ചാര്‍ഡ് പി. ഹെന്‍ട്രിക്), ദി ഫസ്റ്റ് ഓഫ് ഗോഡ് (ഫെഡറിക് ഫോര്‍സിത്), ക്വാറന്റിക്കോ (ഗ്രേബയര്), ഇംപോസിബിള്‍ ഡെത്ത് (ഇയാന്‍ റാങ്കിന്) തുടങ്ങിയ നോവലുകളിലും ഒട്ടനവധി സീരിയലുകളിലും ഈ ദ്വീപ് കഥാപാത്രമായി മാറിയതും അതുകൊണ്ടുതന്നെ.
സംഗീതത്തിന്റെ കരുത്തില്‍ ഓട്ടത്തിലെ മികവ്
ജോലിക്കിടയിലെ മടുപ്പുമാറ്റാന്‍ സംഗീതം പലര്‍ക്കും സഹായകരമാവാറുണ്ട്. പഠിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ സംഗീതം കേട്ട് രസിക്കുന്നവരുമുണ്ട്. പക്ഷേ ഓട്ടത്തിന്റെ കരുത്ത് കൂട്ടാന്‍ സംഗീതത്തിന് കഴിവുണ്ടോയെന്ന് ഗവേഷകര്‍ക്ക് സംശയം. അത് തീര്‍ക്കാനായി ലോകത്തിന്റെ പല ഭാഗത്തും ഗവേഷണം നടന്നു. ~ോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ മാര്‍സിലോ ബിഗ്ലിയാസി പരീക്ഷണം നടത്തിയ പേരെടുത്ത 15 ദീര്‍ഘദൂര ഓട്ടക്കാരില്‍ ടെക്സാസ് സര്‍വകലാശാല പഠിച്ചത് 28 ബിരുദ വിദ്യാര്‍ത്ഥികളില്‍. എഡിന്‍ബറോ സര്‍വകലാശാലയും സംഗീതവും ഓട്ടവും തമ്മിലുള്ള ബന്ധം പഠിച്ചു. ഒടുവില്‍ അവരൊക്കെ എത്തിയത് ഒരേയൊരു അഭിപ്രായത്തില്‍-ഓട്ടത്തിനിടയില്‍ സംഗീതം കേള്‍ക്കുന്നത് ഓട്ടത്തിന്റെ ആയാസം കുറയ്ക്കും. ഓട്ടക്കാരന്റെ വേഗത വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: