കാസർകോട്: ഇരിയ ഏഴാംമൈല്‍ പോര്‍ക്കളം മേച്ചരലില്‍ പുതുതായി പണിയുന്ന പള്ളിയ്‌ക്കു മുന്‍പിലുണ്ടായിരുന്ന വിവാദമായ ബസ്‌കാത്തിരിപ്പ് കേന്ദ്രം ഷെഡ് പൊളിച്ചുമാറ്റി. പകരമായി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റിയ സ്ഥലത്ത് കുരിശു സ്ഥാപിക്കാനുള്ള തറയും നിര്‍മ്മിച്ചിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബസ് കാത്തിരിപ്പ് കേന്ദ്ര നിര്‍മ്മാണത്തിനായി കോടോംബേളൂര്‍ പഞ്ചായത്ത് തുക അനുവദിച്ചത്.
ബസ് റൂട്ടുപോലുമില്ലാത്ത സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഭീമമായ തുക അനുവദിച്ചിട്ടും ചെറിയ തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയിരുന്നത്. നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയതോടൊപ്പം പ്രദേശത്തെ സിപിഎം നേതാക്കള്‍ക്കെതിരേ നാട്ടുകാര്‍ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു.
വാര്‍ഡ് തല വാട്‌സാപ് ഗ്രൂപ്പിലും സോഷ്യല്‍ മീഡികളിലും ബസ്‌കാത്തിരിപ്പ് കേന്ദ്ര നിര്‍മ്മാണത്തിലെ കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കാത്തതിനെതിരെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. പഞ്ചായത്ത് ബോര്‍ഡിന്റെ അനുമതിയോടെയാണ് ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചുമാറ്റുന്നതെന്നാണ് പള്ളി കമ്മറ്റിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: