എലിക്ക് പ്രാണവേദന; പൂച്ചക്ക് കളിവിളയാട്ടം എന്നൊരു ചൊല്ലുണ്ട്. എന്നു പറഞ്ഞത് പോലെയാണ് ഇപ്പോള്‍ ദേശദ്രോഹികളുടെ കാര്യം. രാഷ്ട്രം കണ്ട ഏറ്റവും പ്രഗത്ഭനും യുദ്ധതന്ത്രഞ്ജനും ധീരനുമായ ഭാരതത്തിന്റെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ അകാല നിര്യാണത്തില്‍ ഒരു സംഘം ദേശദ്രോഹികള്‍ ആഹ്ലാദിക്കുന്നതായി സമൂഹ്യ മാധ്യമങ്ങളില്‍ നിന്നു മനസ്സിലായി. ഈ പ്രവണത അവരുടെ അവസാനത്തെ അറിവില്ലായ്മയായേ കാണാന്‍ കഴിയൂ. മ്യാന്മര്, ഉറി, ബാലാക്കോട്ട് എന്നിവിടങ്ങളിലെ തീവ്രവാദികളെ അവരുടെ ഉറവിടത്തില്‍ കയറി നശിപ്പിച്ച സേനാനടപടികളുടെ ആസൂത്രകനാണ് ജനറല്‍ ബിപിന്‍ റാവത്ത്. അദേഹത്തിന്റെ അകാല നിര്യാണത്തില്‍ രാജ്യം കേഴുകയാണ്. ഈ അവസരത്തിലുള്ള ആഹ്ലാദം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് തല്പര കക്ഷികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതുംകൂടി അവര്‍ ഓര്‍ക്കട്ടെ; ഭാരതസൈന്യത്തിന്റെ എന്നത്തേയും അഭിമാന സ്തംഭവും പതാകവാഹിനിയുമായ ഗൂര്‍ഖാ റജിമെന്റിന്റെ സംഭാവനയാണ് റാവത്ത്. മൂന്ന്-നാലു വര്‍ഷം മുമ്പ് സമൂഹ്യ മാധ്യങ്ങളില്‍ വൈറലായ ഒരു പോസ്റ്റ് ഓര്‍ക്കുന്നതും നന്നായിരിക്കും. ജമ്മു കശ്മീരില്‍ വെച്ച് തീവ്രവാദികളാല്‍ വധിക്കപ്പെട്ട പിതാവിന്റെ ഭൗതീക ശരീരത്തിന്റെ അന്ത്യദര്ശന സമയത്ത് ആ കേണലിന്റെ മകള്‍, ഗൂര്‍ഖാ റജിമെന്റിന്റെ യുദ്ധകാഹളം മുഴക്കിക്കൊണ്ട് ചോദിച്ചത് ഇതിന്റെ പ്രതികാരം ആര് നിറവേറ്റുമെന്നായിരുന്നു. റജിമെന്റിലെ പോരാളികള്‍ ഒന്നടങ്കം ഏറ്റു പറഞ്ഞു ‘ഞങ്ങള്‍ നിര്‍വ്വഹിക്കും’ എന്ന്. കൃത്യം ഒരു വര്‍ഷത്തിനകം ആ തീവ്രവാദിയെ വധിച്ച് മൃതദേഹം ആ പുത്രിയുടെ കാല്ക്കീഴില് സമര്‍പ്പിച്ചു. അതാണ് ഗൂര്‍ഖാ പാരമ്പര്യം.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവിഹിത സന്തതിയായിരുന്ന, ഭരണഘടനയിലെ 370-ാം അനുച്ഛേദം പാലൂട്ടിവളര്ത്തിക്കൊണ്ട് വന്നതാണ് ജമ്മു-കശ്മീരിലെ തീവ്രവാദം. ലോകത്തിലെ തന്നെ ധീരരും ദേശാഭിമാനികളുമായ ഇന്ത്യന്‍ സൈന്യത്തെ വഴിയില്‍ കല്ലെറിയുന്ന സംസ്കാരത്തിലേക്ക് വരെ അത് അധഃപ്പതിപ്പിച്ച ചരിത്രം മറക്കാറായിട്ടില്ല. ആ പ്രവണതയ്ക്ക് അന്ത്യം കുറിച്ചതും ജനറല്‍ റാവത്തിന്റെ കുശാഗ്രബുദ്ധിയായിരുന്നു. രാജ്യത്തിനു വേണ്ടി പലതവണ മുന്നണിയില്‍ പോരാടിയ സൈനികന് എന്ന നിലയില്‍ എനിക്ക് ഒന്നേ പറയാനുള്ളു- ഇത് ഇന്ത്യന്‍ സായുധ സേനയാണ്. ഇതിനോട് കളിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: