മഹാഭാരതയുദ്ധത്തിന്റെ ഒമ്പതാം ദിവസം. ഘോരമായ ആ യുദ്ധത്തില്‍വെച്ച് കൃഷ്ണന്‍ ഭീഷ്മനെ അര്‍ജ്ജുനനു കാട്ടിക്കൊടുത്തപ്പോള്‍ ഭീഷ്മപിതാമഹനെ വധിക്കുന്നതില്‍ മനംനൊന്ത അര്‍ജ്ജുനന്‍ കണ്ണും തലയും താഴ്‌ത്തി കൃഷ്ണനോടു പറഞ്ഞു- ‘ബന്ധുക്കളെ കൊന്നിട്ടുകിട്ടുന്ന രാജ്യമോ നരകമോ ഭേദം? അതോ എനിക്ക് വനവാസം കൊണ്ടുണ്ടാകാവുന്ന ക്ലേശങ്ങളോ; നല്ലതേതാണു കൃഷ്ണാ! ആട്ടെ ഭീഷ്മനുള്ളിടത്തേക്ക് നീ തേര്‍ നയിക്കുക, നിന്നോടുള്ള വാക്കു ഞാന്‍ ചെയ്തുതീര്‍ക്കാം.’ എന്നു പറഞ്ഞുകൊണ്ട് അര്‍ജ്ജുനന്‍ ഭീഷ്മരുമായി ഏറ്റുമുട്ടി.
ഭീഷ്മന്‍ സമര്‍ത്ഥനായി അര്‍ജ്ജുനനോട് ഏറ്റുമുട്ടിയപ്പോള്‍ അതുല്യമായ ആ ഭീഷ്മപരാക്രമത്തില്‍ അര്‍ജ്ജുനന്‍ അതിസാമര്‍ത്ഥ്യം തിരിച്ചുകാട്ടിയില്ല. ഇരു സൈന്യങ്ങളുടെയും മദ്ധ്യത്തില്‍ ഭീഷ്മന്‍ സൂര്യനെപ്പോലെ തീയാളിനിന്നു. പാണ്ഡവപക്ഷത്തിനേറ്റ ബഹുനാശം കണ്ടിട്ട് കൃഷ്ണന്‍ പാര്‍ത്ഥന്റെ കുതിരകളെ കൈവിട്ടിട്ട് തേര്‍വിട്ടു ചാടി. വെറും കൈകള്‍ മാത്രമായുധമായി കൃഷ്ണന്‍, വീണ്ടുമൊരിക്കല്‍ക്കൂടി ഭീഷ്മന്റെ നേരേ പാഞ്ഞടുത്തു. സിംഹത്തേപ്പോലെ അലറിയും ഭൂമിപിളര്‍ക്കുമാറു കാലുകള്‍ ചവിട്ടിയും കോപത്താല്‍ രക്താക്ഷനായും ഹിംസ്രാത്മകനായി അടുത്തു. അതുകണ്ടു സൈന്യമെല്ലാം ഞെട്ടിത്തരിച്ചു. ‘ഭീഷ്മന്‍ ചത്തു, ഭീഷ്മന്‍ ചത്തു’ എന്നു സേനകള്‍ ആര്‍ത്തുവിളിച്ചു. എല്ലാവരും ഭയവിഹ്വലരായി.
പോര്‍ക്കളത്തിലേക്ക് തന്റെ നേര്‍ക്കു ഭഗവാന്‍ കൃഷ്ണന്‍ പാഞ്ഞടുക്കുന്നതു കണ്ട ഭീഷ്മന്‍ വില്ലൊതുക്കിയിട്ട് യാതൊരു ഭാവവുമില്ലാതെ പറഞ്ഞു- ‘വരൂ, വരൂ പങ്കജാക്ഷാ! ദേവദേവ! അങ്ങയെ തൊഴുന്നു ഞാന്‍. അങ്ങുന്നെന്നെ വധിച്ചാലും. അതിനാല്‍ എനിക്കു ശ്രേയസ്സാകുമല്ലോ. അങ്ങയുടെ ഇഷ്ടം പോലെ ഞാന്‍ അങ്ങയെ പ്രഹരിക്കാം. അവിടുന്ന് എന്നെ വധിച്ചാലും.’
അപ്പോഴേക്കും അര്‍ജ്ജുനന്‍ കൃഷ്ണന്റെ പിമ്പേ പാഞ്ഞുചെന്നു കൈകൊണ്ടു ബലമായി പിറകോട്ടു പിടിച്ചു. അര്‍ജ്ജുനനെയും വലിച്ചുകൊണ്ടു കൃഷ്ണന്‍ മുന്നോട്ടാഞ്ഞു. വീണ്ടും അര്‍ജ്ജുനന്‍ നിലത്തു കാലൂന്നിപ്പിടിച്ച് പത്താമത്തെ അടിക്കു കൃഷ്ണനെ നിറുത്തിയിട്ട് ദുഃഖിതനായിപ്പറഞ്ഞു-‘തിരിക്കുക കൃഷ്ണാ! അങ്ങു യുദ്ധം ചെയ്യുകയില്ലെന്നു പറഞ്ഞില്ലേ? പിന്നെ ഇങ്ങനെയിറങ്ങിത്തിരിച്ചാല്‍ ജനങ്ങള്‍ പരിഹസിക്കയില്ലേ?’ അങ്ങനെ പലതും പറഞ്ഞു ഒരുവിധം കൃഷ്ണനെ തിരിച്ചുകൊണ്ടുവന്നു കോപമടക്കി തേരില്‍ക്കയറ്റിയിരുത്തി. അപ്പോഴും കൃഷ്ണന്റെ കോപം അടങ്ങിയിരുന്നില്ല. നിലച്ചുപോയ യുദ്ധം വീണ്ടും അരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: