Categories: Football

ഗോള്‍ മഴ; കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം

Published by

കൊച്ചി: ആന്‍ഡമാന്‍ നിക്കോബറിനെ എതിരില്ലാത്ത 9 ഗോളുകള്‍ക്ക് വീഴ്‌ത്തി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക്. ജെസിന്‍ ടി.കെ, മുഹമ്മദ് സഫ്നാദ്, നിജോ ഗില്‍ബെര്‍ട്ട് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി ഡബിള്‍ തികച്ചു.  അര്‍ജുന്‍ ജയരാജ്, വിബിന്‍ തോമസ്, സല്‍മാന്‍ കള്ളിയത്ത് എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു. കേരളത്തിന്റെ തുടര്‍ച്ചയായി രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ 5- 0ന് തോല്‍പ്പിച്ചിരുന്നു.  അവസാന മത്സരത്തില്‍ കേരളം നാളെ പോണ്ടിച്ചേരിയെ നേരിടും. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ പോണ്ടിച്ചേരിയെ ലക്ഷദ്വീപ് സമനിലയില്‍ കുരുക്കി (1-1). രണ്ടു മത്സരങ്ങളില്‍ 14 ഗോളുകള്‍ അടിച്ചുകൂട്ടിയ കേരളം ഒറ്റഗോള്‍ പോലും വഴങ്ങിയിട്ടില്ല. ആന്‍ഡമാനെതിരെ ജയിച്ച പോണ്ടിച്ചേരിക്ക് ഫൈനല്‍ റൗണ്ടിനു  യോഗ്യത നേടാന്‍ നാളെ കേരളത്തെ വന്‍ മാര്‍ജിനു  തോല്‍പ്പിക്കണം.

അഞ്ചു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. തുടക്കത്തില്‍ കേരളം നിരാശപ്പെടുത്തി.  34-ാം മിനിറ്റില്‍ രാജേഷിന് പകരം നിജോ ഇറങ്ങിയതോടെ കളി മാറി. 39-ാം മിനിറ്റില്‍ നിജോ ആദ്യഗോള്‍ നേടി.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇരട്ട ഗോള്‍ നേടി ജെസിന്‍ ലീഡ് മൂന്നാക്കി .  64-ാം മിനുറ്റില്‍ അര്‍ജുന്‍ ജയരാജിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ച വിബിന്‍ തോമസ് നാലാം ഗോള്‍ നേടി. പിന്നാലെ അര്‍ജുന്‍ ജയരാജ് കളിയിലെ ഏറ്റവും മനോഹരമായ ഗോള്‍ കുറിച്ചു. ബോക്സിന് മുന്നില്‍ മുഹമ്മദ് ഷഹീന്‍ നല്‍കിയ പന്ത്, വെടിയുണ്ട കണക്കെ അര്‍ജുന്‍ വലയില്‍ പതിപ്പിച്ചു.

അഞ്ചുമിനിറ്റ് ഇടവേളയില്‍ കേരളത്തിന്റെ ലീഡ് എട്ടായി. സഫ്നാദ്, നിജോ, സല്‍മാന്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. അധികസമയത്ത് ഒമ്പതാം ഗോളും നേടി ഷഫ്നാദ് കേരളത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കി. വൈകിട്ട് നടന്ന രണ്ടാം മത്സരത്തില്‍ 17-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ പോണ്ടിച്ചേരി മുന്നിലെത്തി. എന്നാല്‍ ഇഞ്ചുറി ടൈമില്‍  പെനാല്‍റ്റി ഗോളിലൂടെ ലക്ഷദ്വീപ് സമനില നേടി. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരി ആന്‍ഡമാനെ എട്ടു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: kerala