ബിച്ചു തിരുമലയുടെ പാട്ടുകള്‍ മലയാളി പാടിനടന്നതിനു പിന്നില്‍ വരികളിലെ സാഹിത്യമോ കാവ്യഭംഗിയോ ഒന്നുമായിരുന്നില്ല കാരണം. ആസ്വാദകന് വേഗത്തില്‍ മനസ്സിലാകുന്ന ശൈലിയിലും ഭാഷയിലും പാട്ടെഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവായിരുന്നു പ്രധാനം. അതോടൊപ്പം നല്ല കവിയുമായിരുന്നു ബിച്ചുതിരുമല. ‘ഹൃദയം ദേവാലയം…പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം…’ എന്നെഴുതിയ കവി യോദ്ധായിലെ ‘പടകാളി ചണ്ഡി ചങ്കരി’യും എഴുതി. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ ‘മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ…’ എന്നെഴുതിയയാള്‍ തന്നെയാണ് ‘പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’എന്ന തട്ടുപൊളിപ്പന്‍ പാട്ടുമെഴുതിയത്. അരനൂറ്റാണ്ട് നീണ്ടുനിന്ന പാട്ടെഴുത്തുകാലവും കടന്ന് ബിച്ചുതിരുമല മടങ്ങുമ്പോള്‍ ബാക്കിയാകുന്നത് മലയാളി എന്നും മൂളിനടന്ന നിരവധിപാട്ടുകള്‍.
നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലധികം പാട്ടുകളാണദ്ദേഹം എഴുതിയത്. സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും ലളിതഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേയ്‌പ്പിക്കുമ്പോള്‍ പാടെടീ…’ എന്ന ഗാനം ബിച്ചുവിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചലച്ചിത്രഗാനമാണ്. മലയാളി അത്രത്തോളം ആ പാട്ടിനെ ഏറ്റെടുത്തു. ‘ആരാരോ ആരിരാരോ അച്ഛന്റെ മോളാരാരോ’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ…’, ‘രാവുപാതി പോയ് മകനേ ഉറങ്ങു നീ’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ…’ തുടങ്ങി ഇമ്പമേറിയ, മാധുര്യമേറിയ നിരവധി താരാട്ടുപാട്ടുകള്‍ ബിച്ചു എഴുതി.
ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത കാര്‍ട്ടൂണ്‍ പരമ്പര ജംഗിള്‍ബുക്കില്‍ ഏവരെയും ആകര്‍ഷിച്ച അവതരണഗാനവും ബിച്ചുവിന്റെതായിരുന്നു. ‘ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങും ചക്കരപ്പൂവേ…’ എന്ന ഗാനം കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും അക്കാലത്ത് പാടിനടന്നു. ആളൊരുങ്ങി അരങ്ങൊരുങ്ങി…, ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി…, തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ…, കട്ടുറുമ്പോ വായാടി നെയ്യുറുമ്പേ നാടോടി…, എട്ടപ്പം ചുടണം ചുട്ടപ്പം വരണം…, കുട്ടിപ്പാട്ടുകളുടെ എണ്ണമെടുത്താല്‍ നിരവധി ബിച്ചുപ്പാട്ടുകളുണ്ട്. ഫാസില്‍, ഐ.വി.ശശി, ബാലചന്ദ്രമേനോന്‍, സിബിമലയില്‍, സിദ്ധിഖ് ലാല്‍ തുടങ്ങിയ ജനപ്രിയ സംവിധായകരുടെ സ്ഥിരം പാട്ടെഴുത്തുകാരനായിരുന്നു അദ്ദേഹം. പ്രശസ്തരായ എല്ലാ സംഗീതസംവിധായകരും ബിച്ചുവിന്റെ വരികള്‍ക്ക് ഈണമിട്ടു.
ഈണത്തിനൊത്ത് പാട്ടുണ്ടാക്കുന്ന സംഗീത സംവിധായകര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. ശ്യാം ഇതില്‍ അഗ്രഗണ്യനായിരുന്നതിനാല്‍ ശ്യാം-ബിച്ചു കൂട്ടുകെട്ടില്‍ നിരവധി ഗാനങ്ങള്‍ പിറന്നു. ‘ശ്രുതിയില്‍ നിന്നുയരും…’, ‘കണ്ണും കണ്ണും..’, ‘മൈനാകം കടലില്‍…’, ‘ഏതോ ജന്മബന്ധം’, ‘ഒരു മധുരക്കിനാവിന്‍…’ തുടങ്ങിയ പാട്ടുകള്‍ എന്നും പാട്ടാസ്വാദകരുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. എ.ടി.ഉമ്മര്‍-ബിച്ചുതിരുമല കൂട്ടുകെട്ടിലും നിത്യഹരിത ഗാനങ്ങള്‍ പിറന്നു. ‘തുഷാരബിന്ദുക്കളേ…’, ‘നീലജലാശയത്തില്‍…’, ‘കാറ്റു താരാട്ടും…’, ‘രാഗേന്ദുകിരണങ്ങള്‍…’, ‘നക്ഷത്രക്കണ്ണുള്ള…’ തുടങ്ങിയ പാട്ടുകള്‍. രവീന്ദ്രനൊപ്പം എണ്‍പതുകളില്‍ സൃഷ്ടിച്ച ഗാനങ്ങള്‍ ഏറെ പ്രശംസ നേടി. ‘തേനും വയമ്പും…’, ‘പാലാഴിപ്പൂമങ്കേ…’, ‘സമയരഥങ്ങളില്‍…’, ‘മകളേ പാതി മലരേ…’, ‘കളിപ്പാട്ടമായ്…’, ‘സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ..’, ‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം…’ തുടങ്ങിയവ രവീന്ദ്രസംഗീതത്തില്‍ പിറന്ന ബിച്ചു ഗാനങ്ങളാണ്. എസ്.പി.വെങ്കിടേഷിനൊപ്പം ‘കാബൂളിവാലാ’, ‘കിലുക്കം’ തുടങ്ങിയ ചിത്രങ്ങളിലേതടക്കം 73 പാട്ടുകളൊരുക്കി. ഇളയരാജയ്‌ക്കൊപ്പം ‘പപ്പയുടെ സ്വന്തം അപ്പൂസ്’, ‘എന്റെ സൂര്യപുത്രിക്ക്’, ‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’, ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ തുടങ്ങിയ ചിത്രങ്ങളിലേതടക്കം നിരവധി ഹിറ്റ് ഗാനങ്ങള്‍.
മാറ്റൊലി എന്ന ചിത്രത്തിലെ ‘കള്ളോളം നല്ലൊരു പാനീയം’, നാലുമണിപ്പൂക്കള്‍ എന്ന ചിത്രത്തിലെ ‘അമ്പമ്പോ ജീവിക്കാന്‍ വയ്യേ’, തീക്കടല്‍ എന്ന ചിത്രത്തിലെ ‘അടിച്ചങ്ങു പൂസായി’, ഏപ്രില്‍ 18 ലെ ‘അഴിമതി നാറാപിളള’, റാംജി റാവു സ്പീക്കിംഗിലെ ‘അവനവന്‍ കുരുക്കുന്ന…’, തുടങ്ങിയ ഗാനങ്ങള്‍ നര്‍മ്മം ചാലിച്ചെഴുതിയവയാണ്. ഇത്തരത്തില്‍ ഗാനരചന നടത്തുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.
വ്യത്യസ്ത തലമുറകളെ ആകര്‍ഷിച്ച, ഇന്നും അവര്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന നിരവധി ഗാനങ്ങള്‍ ബിച്ചുതിരുമലയുടേതായുണ്ട്. തൃഷ്ണയിലെ ‘മൈനാകം കടലില്‍ നിന്നുയരുന്നുവോ…’, തേനും വയമ്പിലെ ‘തേനും വയമ്പും നാവില്‍…’, അനുഭവത്തിലെ ‘വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്‌ക്കുള്ളില്‍…’, ഉണ്ണികളെ ഒരുകഥപറയാം എന്ന ചിത്രത്തിലെ ‘ഉണ്ണികളെ ഒരു കഥപറയാം…’, മലയാളി കാലങ്ങളോളം ഏറ്റുപാടിയ ‘മാമാങ്കം പലകുറി കൊണ്ടാടീ…’ എന്ന ലളിതഗാനം തുടങ്ങി എണ്ണം പറഞ്ഞ എത്രയോ ഗാനങ്ങള്‍. നിത്യഹരിത ഗാനങ്ങളാല്‍ മലയാളികളുടെ പാട്ടുലോകത്തെ സമ്പുഷ്ടമാക്കിയ ബിച്ചുതിരുമല ഇനിയും നിരവധി ഗാനങ്ങള്‍ ബാക്കിയാക്കിയാണ് യാത്രയാകുന്നത്. തലമുറകളുടെ വലിയ നഷ്ടമാണീ വേര്‍പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: