Categories: Main Article

പൗരതുല്യത അര്‍ത്ഥപൂര്‍ണമാകണം; നാളെ ഭരണഘടനാ ദിനം

2015 മുതല്‍ നവംബര്‍ 26, ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍ച്ചേര്‍ന്ന സാമൂഹിക-സാമ്പത്തിക രാഷ്ട്രീയ നീതിയും, പദവിയിലും അവസരങ്ങളിലും സമത്വവും എത്രമാത്രം പ്രാവര്‍ത്തികമാക്കി എന്ന ഗൗരവമായ ചിന്തയ്ക്ക് ഉപകരിക്കുന്നതാകണം ഭരണഘടനാ ദിനാചരണം.

ഭാരതത്തിലെ ജനങ്ങളായ നാം, ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം; സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ നീതിയും, ചിന്തയ്‌ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്‌ക്കും ആരാധനയ്‌ക്കും ഉള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാല്‍; നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഈ 1949 നവംബര്‍ ഇരുപത്തിയാറാം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്ക് തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

രണ്ട് ശതാബ്ദം നീണ്ടുനിന്ന കോളനി വാഴ്ച അവസാനിപ്പിച്ചു കൊണ്ട് സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖമായി ഉള്‍ച്ചേര്‍ത്ത വാചകങ്ങളാണിത്.  പ്രഥമ പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി രൂപം കൊണ്ട ഭരണഘടനാ നിര്‍മ്മാണ സഭയില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 292 പേരും നാട്ടുരാജ്യങ്ങളുടെ പ്രതിനിധികളായി 93 പേരും പ്രൊവിന്‍സുകളുടെ ചീഫ് കമ്മീഷണര്‍മാരായ നാലു പേരും ഉള്‍പ്പടെ 389 അംഗങ്ങളായിരുന്നു ആദ്യമുണ്ടായിരുന്നത്.  വിഭജനം യാഥാര്‍ത്ഥ്യമാകുന്നതിനാല്‍ ഇന്ത്യന്‍ ഭൂപ്രദേശത്തുള്ളവരെ മാത്രമാക്കി നിജപ്പെടുത്തിയപ്പോള്‍ അംഗങ്ങളുടെ എണ്ണം 299 ആയി കുറഞ്ഞു.

ഭരണഘടന എഴുതിയുണ്ടാക്കുന്നതിനായി 1947 ആഗസ്റ്റ് 29 ന് ഡോ. അംബേദ്ക്കര്‍ ചെയര്‍മാനായി ഡ്രാഫ്റ്റിങ് കമ്മിറ്റി നിലവില്‍ വന്നു. അതിനിടെ 1947 ജനുവരി 26 ന് ചേര്‍ന്ന ഭരണഘടനാ നിര്‍മ്മാണ സഭ ഒരു ലക്ഷ്യപ്രമേയം അംഗീകരിച്ചു. ഈ ലക്ഷ്യപ്രമേയമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം. ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി എട്ടു മാസത്തെ കാലയളവ് നല്‍കിക്കൊണ്ട് 1948 ജനുവരിയില്‍ ഭരണഘടനയുടെ കരട് പ്രസിദ്ധീകരിച്ചു.

 7635 ഭേദഗതികള്‍ ലഭിച്ചതില്‍ 2473 എണ്ണം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. 11 തവണകളായി 114 ദിവസം ഭരണഘടനാ നിര്‍മ്മാണ സഭ സമ്മേളിച്ചു. രണ്ട് വര്‍ഷവും 11 മാസവും 17 ദിവസവും കൊണ്ടാണ് ഭരണഘടനയ്‌ക്ക് മൂര്‍ത്തരൂപം നല്‍കിയത്. 1949 നവംബര്‍ 26 ന് ഡോ.രാജേന്ദ്രപ്രസാദ് ഒപ്പുവച്ചതോടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ നമ്മുടെ ഭരണഘടനയുടെ ഏതാനും അനുച്ഛേദങ്ങള്‍ അന്നുതന്നെയും, മറ്റുള്ളവ 1950 ജനുവരി 26നും നിലവില്‍ വന്നു. ജനുവരി 24 ന് നടന്ന ഭരണഘടനാ നിര്‍മ്മാണ സഭയുടെ അവസാന യോഗത്തില്‍ വച്ചാണ് അംഗങ്ങള്‍ ഒപ്പ് വച്ചത്. 395 അനുച്ഛേദങ്ങളും എട്ട് പട്ടികകളും 22 ഭാഗങ്ങളുമായിരുന്നു തുടക്കത്തില്‍ ഭരണഘടനയ്‌ക്കുണ്ടായിരുന്നത്. ഇതു വരെയായി 104 ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.

2015 മുതല്‍ നവംബര്‍ 26, ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍ച്ചേര്‍ന്ന സാമൂഹിക-സാമ്പത്തിക രാഷ്‌ട്രീയ നീതിയും, പദവിയിലും അവസരങ്ങളിലും സമത്വവും എത്രമാത്രം പ്രാവര്‍ത്തികമാക്കി എന്ന ഗൗരവമായ ചിന്തയ്‌ക്ക് ഉപകരിക്കുന്നതാകണം ഭരണഘടനാ ദിനാചരണം.

പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ കൂടുതല്‍ അരക്ഷിതരും അരികുജീവിതങ്ങളുമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും വെല്ലുവിളികള്‍ അതിജീവിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും വേണം. സംവരണമുള്ളതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ജനപ്രതിനിധികളാകാന്‍ കഴിയുന്നത്. സഹസ്രാബ്ദങ്ങളായി അധികാരവും സമ്പത്തും സാമൂഹിക പദവികളും കൈപ്പിടിയില്‍ വച്ചിരിക്കുന്നവര്‍ അധികാര പങ്കാളിത്തത്തെ തുറന്നെതിര്‍ക്കുന്നില്ലെന്നു മാത്രം. പകരം അസഹിഷ്ണുക്കളായി മാറുന്ന കാഴ്ചയ്‌ക്ക് പഞ്ഞമില്ല. സുദീര്‍ഘമായ ചരിത്ര പശ്ചാത്തലമുള്ള സംവരണം എന്ന ഭരണഘടനാപരമായ അവകാശത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് 103-ാം ഭേദഗതി വരുത്തിയത്.  

പട്ടിണിയും ദാരിദ്ര്യവും ഉച്ചാടനം ചെയ്യുക, ഭൂമി, അടച്ചുറപ്പുള്ള ഭവനം, തൊഴില്‍, സാമ്പത്തികാഭിവൃദ്ധി, ശുദ്ധജലം, മെച്ചപ്പെട്ട വിദ്യാഭ്യാസം, പോഷകാഹാരം, സഞ്ചാരവഴികള്‍, വൈദ്യുതി, സാമൂഹിക സുരക്ഷിതത്വം, നിയമ സംരക്ഷണം, സ്ത്രീകളും കുട്ടികളും നേരിടുന്ന ജൈവപരവും സാമൂഹികവുമായ വിഷയങ്ങള്‍, വിവേചനരഹിതവും ചൂഷണരഹിതവുമായ പൊതുജീവിതം, അന്തസ്സും പദവിയും അംഗീകരിക്കല്‍ തുടങ്ങി അടിസ്ഥാനപരമായതും പ്രാഥമികവുമായ ജീവിതാവശ്യങ്ങള്‍ നിറവേറ്റി ക്ഷേമരാഷ്ടസങ്കല്‍പം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പൗരതുല്യതയും അവസര സമത്വവും  അധഃസ്ഥിതരുടെ ജീവിത പരിസരത്തേക്ക് കൂടുതലായി എത്തിച്ചേരേണ്ടതുണ്ട്. നിയമം മൂലം നിരോധിച്ച തൊട്ടുകൂടായ്മയും അയിത്തവും പല പ്രകാരത്തിലും നിലനില്‍ക്കുന്നുണ്ട്. ദുരഭിമാനക്കൊലകള്‍ കേരളത്തിലും നടന്നു വരുന്നുണ്ടെന്നത് വിസ്മരിക്കാനാവില്ല. വര്‍ധിച്ചു വരുന്ന കോളനികളും അവിടങ്ങളില്‍ നിറയുന്ന ദുരിതങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തകളും ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തു പരിഹരിക്കണം.

അയല്‍ രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷങ്ങളും രാഷ്‌ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും അട്ടിമറിയും ജനാധിപത്യ ധ്വംസനങ്ങളും കലാപങ്ങളും നടമാടുമ്പോള്‍, ഇന്ത്യ എകശിലാവിഗ്രഹമായി നിലനില്‍ക്കുന്നു എന്നതാണ് നമ്മുടെ ഭരണഘടനയുടെ മഹത്വം. കാര്‍ക്കശ്യവും എന്നാല്‍ അയവുള്ളതുമായ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിയാമക തത്വങ്ങളും മാനവിക മൂല്യങ്ങളും ജനാധിപത്യ വാഴ്ചയും സമദര്‍ശനവും പൗരതുല്യതയും അതിന്റെ അര്‍ത്ഥപൂര്‍ണ്ണതയില്‍ നടപ്പാക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഭരണാധികാരികള്‍ പ്രകടിപ്പിച്ചുകൊണ്ട് ഭരണഘടനാ ദിനാചരണത്തിന് പ്രസക്തി കൈവരുത്തണം. എങ്കില്‍ മാത്രമേ രാഷ്‌ട്ര നായകരും ഭരണഘടനാ ശില്‍പികളും വിഭാവനം ചെയ്ത രാജ്യമായി ഇന്ത്യ മാറുകയുള്ളു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക