ലഖ്‌നൗ: തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സായുധ സേനകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികത്തിന്റെ ആഘോഷത്തോട് അനുബന്ധിച്ച് നാളെ ഝാന്‍സിയില്‍ നടക്കുന്ന ചടങ്ങിലാണ് യുദ്ധ സംവിധാനങ്ങള്‍ കൈമാറുക.
നൂതന സാങ്കേതിക വിദ്യകളും സ്‌റ്റെല്‍ത്ത് ഫീച്ചറും രൂപകല്‍പ്പന ചെയ്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ക്ക് ശത്രുവിന്റെ വ്യോമ പ്രതിരോധം നശിപ്പിക്കാനും, തിരിച്ചടികള്‍ തടയാനും തിരച്ചിലുകള്‍ നടത്താനും, ടാങ്ക് നശിപ്പിക്കാനും ശേഷിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 5000 മീറ്റര്‍ ഉയരത്തില്‍ ഇന്ധനവും ആയുധങ്ങളും കൊണ്ട് പറന്നുയരാന്‍ പറ്റുന്ന ലോകത്തിലെ ഒരേയൊരു ആക്രമണ ഹെലികോപ്റ്ററാണിതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുകൂടാതെ മനുഷ്യരഹിത വിമാനങ്ങളും (യുഎവി) പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ചീഫ മാര്‍ഷല്‍ വിവേക് റാം ചൗധരിക്കും, പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മ്മിച്ച യുഎവികള്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവാനെയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിലവില്‍ മൂന്നു എല്‍സിഎച്ചുകളാണ് സര്‍ക്കാരിന് കൈമാറിയത്. 2022 ജൂലൈ മാസത്തോടെ ബാക്കി ഹെലികോപ്റ്ററുകള്‍ നല്‍കുമെന്നും കമ്പനി വ്യകത്മാക്കി. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച 400 കോടി രൂപയുടെ ആന്റി ടാങ്ക് മിസൈല്‍ പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നാളെ നിര്‍വഹിക്കും. ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളുടെ പ്രൊപ്പല്‍ഷന്റെ ആദ്യ പദ്ധതി കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: