Categories: Thrissur

കടിച്ചു കുടഞ്ഞ് തെരുവ് നായ്‌ക്കള്‍; ചേര്‍പ്പില്‍ തെരുവുനായയുടെ കടിയേറ്റത് നിരവധി പേര്‍ക്ക്

തെരുവു നായ്ക്കളുടെ കടിയേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മാസം വരെ ചികിത്സ തേടിയത് മുന്നൂറോളം പേര്‍. മറ്റ് ആശുപത്രികളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ എണ്ണം പതിന്മടങ്ങാവും.

Published by

തൃശ്ശൂര്‍: കടിച്ചു കുടയുകയാണ് തെരുവു നായ്‌ക്കൂട്ടം. സ്‌കൂള്‍ കുട്ടികള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചും പ്രഭാത, സായാഹ്ന സവാരിക്ക് ഇറങ്ങുന്ന പ്രായമായവര്‍ക്കു പേടി സ്വപ്നമായും നാടും നഗരവും തെരുവു നായ്‌ക്കള്‍ കീഴടക്കുകയാണ്.

ചൊവ്വാഴ്ച ചേര്‍പ്പില്‍ തെരുവുനായയുടെ കടിയേറ്റത് നിരവധി പേര്‍ക്ക്. ഇതില്‍ മൂന്ന് വയസുകാരനും ഉള്‍പ്പെടും. പെരുമ്പിള്ളിശ്ശേരി ഇകെവി റോഡില്‍ ഡോക്ടര്‍ സനൂപിന്റെ മകന്‍ ഷാന്‍ റഹ്മാന്‍ (3),ശ്രീശൈലം വീട്ടില്‍ ശ്രീവര്‍ദ് (10), വെളുത്തേടത്ത് ലത രവീന്ദ്രന്‍ (55), കടുപ്പിടി വളപ്പില്‍ തങ്കമണി (70), മടപ്പറമ്പില്‍ രാധാകൃഷ്ണന്‍ (50) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

  മൂന്നു വയസ്സുകാരന്‍ ഷാന്‍ റഹ്മാന് പുറത്തും കൈകളിലും ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ജില്ലയിലെ പല പഞ്ചായത്തുകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. നായ്‌ക്കളുടെ എണ്ണം കുറയ്‌ക്കുന്നതിനുള്ള ഏക മാര്‍ഗമായി നടപ്പാക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയ കൊവിഡ് കാലത്ത് മുടങ്ങിയതോടെ ഇവയുടെ എണ്ണം ക്രമാതീതമായി  കൂടിയതാണ് ആക്രമണങ്ങളും വര്‍ധിക്കാന്‍ കാരണം.

ദിവസവും 20 പേര്‍ക്ക് കടിയേല്‍ക്കുന്നു

ഒരു ദിവസം ശരാശരി 20 പേര്‍ക്ക് ജില്ലയില്‍ തെരുവുനായ്‌ക്കളുടെ കടിയേല്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  തെരുവു നായ്‌ക്കളുടെ കടിയേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മാസം വരെ ചികിത്സ തേടിയത് മുന്നൂറോളം പേര്‍. മറ്റ് ആശുപത്രികളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ എണ്ണം പതിന്മടങ്ങാവും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രഭാത സായാഹ്ന സവാരി നടത്തുന്നവര്‍, ചന്തകളില്‍ മത്സ്യ വില്‍പന നടത്തുന്നവര്‍, വിനോദ സഞ്ചാരികള്‍ തുടങ്ങി എല്ലാ മേഖലയിലും ഉള്ളവര്‍ തെരുവു നായ്‌ക്കളുടെ ആക്രമണത്തിനു വിധേയരാകുന്നു.

കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷം അടച്ചിട്ടിരുന്ന സ്‌കൂള്‍ കെട്ടിടങ്ങളിലായിരുന്നു തെരുവുനായ്‌ക്കളുടെ താളങ്ങള്‍. സ്‌കൂള്‍ തുറന്നതോടെ ഇവയ്‌ക്ക് പകല്‍ വിശ്രമത്തിനു സ്ഥലമില്ലാതായി.  ഈ ‘വൈരാഗ്യം’ നായ്‌ക്കള്‍ തീര്‍ക്കുന്നത് സ്‌കൂള്‍ കുട്ടികളോടാണെന്നു കരുതേണ്ടി വരും.

 ഒല്ലൂരില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണമുണ്ടായി.  പകല്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വാഹനങ്ങളുടെ അടിയിലും മറ്റുമായി കഴിയുന്ന നായ്‌ക്കള്‍ രാത്രി പുറത്തിറങ്ങും. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലങ്ങളിലേക്കു പോകുന്നവരാണ് ആക്രമണത്തിനിരയാകുന്ന മറ്റൊരു കൂട്ടര്‍.  വന്ധ്യംകരണ ശസ്ത്രക്രിയ ഊര്‍ജിതമായി നടപ്പാക്കിയാല്‍ മാത്രമേ നായ്‌ക്കളുടെ എണ്ണം കുറയ്‌ക്കാന്‍ കഴിയൂ. ഇതിന് മുന്‍കൈ എടുക്കേണ്ട അധികൃതര്‍ അനങ്ങുന്നില്ല. 2018 ലെ കണക്കെടുപ്പില്‍ നാലായിരത്തോളം തെരുവുനായ്‌ക്കള്‍ നഗരത്തിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇപ്പോള്‍ ഇവയുടെ എണ്ണം ഇരട്ടിയിലേറെയായെന്ന് അധികൃതര്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts