ന്യൂദല്‍ഹി: പാകിസ്ഥാന്‍ ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി ജയിലിലിട്ടിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ പോകാന്‍ അനുവാദം നല്‍കുന്ന നിയമത്തിന് പാകിസ്ഥാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. നേരത്തെ പാകിസ്ഥാന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ നേരത്തെ കുല്‍ഭൂഷണ്‍ ജാദവിന് അന്താരാഷ്‌ട്ര നീതിന്യായ കോടതി (ഐസിജെ) അനുമതി നല്‍കിയിരുന്നു. ഐസിജെ കോടതിയില്‍ ഇന്ത്യയുടെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ അന്ന് പാകിസ്ഥാന് മുട്ടുമടക്കേണ്ടി വന്നു. ഇന്ത്യയുടെ വാദമുഖങ്ങള്‍ അംഗീകരിച്ചാണ് അന്ന് ഐസിജെ കോടതി അപ്പീല്‍ പോകാന്‍ കുല്‍ഭൂഷണല്‍ ജാദവിന് അനുമതി നല്‍കിക്കൊണ്ട് വിധിപുറപ്പെടുവിച്ചത്.
എന്നാല്‍ അന്താരാഷ്‌ട്ര കോടതിയുടെ വാദത്തെ ഒറ്റയടിക്ക് വിഴുങ്ങാന്‍ പാകിസ്ഥാന് ബുദ്ധിമുട്ടായിരുന്നു. ഇപ്പോഴാണ് ഐസിജെ കോടതിയുടെ വിധി അംഗീകരിക്കണമോ വേണ്ടയോ എന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തത്. ഒടുവില്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ പട്ടാളകോടതിയുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോകാനുള്ള അനുവാദം നല്‍കേണ്ടിവന്നു. ഇതിനുള്ള ബില്ലാണ് ബുധനാഴ്ച പാകിസ്ഥാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ ഇതുവരെ പാകിസ്ഥാന്‍ സൈനിക കോടതിയുടെ വിധിയായിരുന്നു അന്തിമവിധി. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ സൈനിക കോടതിയുടെ വിധിയുടെ മേലും ഇടപെടാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ നയതന്ത്ര യുദ്ധം.
2021 ജൂണ്‍ 10നാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലി കുല്‍ഭൂഷണ്‍ ജാദവിന് ഐസിജെ കോടതിവിധിയനുസരിച്ച് അപ്പീല്‍ പോകാന്‍ അനുവദിക്കുന്ന ബില്‍ സ്വീകരിച്ചിരുന്നു. സൈനിക കോടതിയുടെ വിധിയ്‌ക്കെതിരെ ചെറുവിരലനക്കരുതെന്ന് അന്ന് പ്രതിപക്ഷം ഒന്നടങ്കം പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഐസിജെ വിധി കണക്കിലെടുത്ത് ഒരു ഓര്‍ഡിനന്‍സ് പാസാക്കി. ഇത് പിന്നീട് മെയ് 20ന് ഓര്‍ഡിനന്‍സ് നിയമമാക്കി. ഈ നിയമമാണ് ബുധനാഴ്ച പാര്‍ലമെന്റ് അംഗീകരിച്ചത്.
2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ ജാദവ് ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്റെ പിടിയിലാകുന്നത്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്‌ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കുകയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാദവിനെ കാണാന് അവസരം നല്‍കുകയും ചെയ്തു.
വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ മുഖ്യആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെയ്‌ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുല്‍ഭൂഷണ് നയതന്ത്രസഹായം പാക്കിസ്ഥാന്‍ ലഭ്യമാക്കണമെന്നും അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.
‘രാജ്യത്തിന്റെ മകന്‍’ എന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ കേസ് നടക്കുന്ന നാളുകളില്‍ വിശേഷിപ്പിച്ചത്. ചാരവൃത്തി ആരോപിച്ച് മറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാരെ അഴിക്കുള്ളിലാക്കുമ്പോള്‍ പത്തിമടക്കിയിരുന്ന പഴയ ഇന്ത്യയില്‍നിന്നും ഏറെ വ്യത്യസ്തമായാണ് മോദി സര്‍ക്കാര്‍ വിഷയത്തെ സമീപിച്ചത്. അന്താരാഷ്‌ട്ര വേദികളിലെല്ലാം ജാദവിന്റെ ജീവന് വേണ്ടി സുഷമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പോരാട്ടം നടത്തി. പാക്കിസ്ഥാന്റെ മനുഷ്യാവകാശ ലംഘനങ്ങളും നീതി നിഷേധവും ചര്‍ച്ചയാക്കാനും മറ്റ് രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനും ഇതിലൂടെ ഇന്ത്യക്ക് സാധിച്ചു.
വധശിക്ഷ പുനഃപരിശോധിക്കാനുള്ള രാജ്യാന്തര കോടതിയുടെ വിധി ഇന്ത്യയുടെ നയതന്ത്ര വിജയമായി ചരിത്രത്തില്‍ ഇടംനേടുന്നതാണ്. ജാദവിനെ തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യമാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ളത്. മാതൃരാജ്യത്തേക്ക് അദ്ദേഹം മടങ്ങിയെത്തുന്നത് വരെ വിശ്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ നിരവധി തവണ സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: