”അത് നീയാകുന്നു”, എന്നാണ് പറഞ്ഞിരിക്കുന്നത്! ആദ്യം കേള്‍ക്കുമ്പോള്‍ ഇതെന്ത് തത്ത്വം എന്നാണ് തോന്നുക. നമ്മെ ബാധിക്കാതെ കടന്നുപോകുന്ന അനേകം മുദ്രാവാക്യങ്ങളില്‍ ഒന്നെന്ന പോലെയിരിക്കുന്നു! എന്നാല്‍ ശബരിമല ശ്രീകോവിലിനു മുന്നിലുള്ള പതിനെട്ടുപടികള്‍ ചവിട്ടിക്കയറി ചെല്ലുമ്പോള്‍ ആദ്യം നാം കാണുന്നത് വലിയ അക്ഷരങ്ങളില്‍ ഇതേ മഹാവാക്യമാണ്: ”തത്ത്വമസി (തത് ത്വം അസി) – അത് നീ ആകുന്നു”
വാസ്തവത്തില്‍ നമ്മെ ഓരോരുത്തരേയും, നമ്മിലുറങ്ങിക്കിടക്കുന്ന സാദ്ധ്യതകളെ ഓര്‍മ്മിപ്പിച്ച് നമ്മുടെ ചുമതലയെ ഉദ്ബോധിപ്പിക്കുന്ന മഹത്തായ സന്ദേശമാണിത്. ഉയര്‍ന്ന തലത്തിലുള്ള, ഉദാത്തമായ ഒരാഹ്വാനം. ലക്ഷ്യം എത്ര ഉയരത്തിലാവുന്നുവോ അത്രയും ഉയര്‍ന്നതും ഉചിതവും ആവും നമ്മുടെ പ്രവര്‍ത്തനശൈലിയും. എന്നാല്‍ ഈ മഹാവാക്യം കുറച്ച് ഔദ്ധത്യം നിറഞ്ഞ ഒന്നാണ്. പരിമിതപ്രജ്ഞരായ നാം ഓരോരുത്തരും വാസ്തവത്തില്‍ സ്വാമി അയ്യപ്പന്‍ തന്നെയാണത്രേ! എന്നേപ്പോലെയുള്ള, അറിവും കഴിവും കുറഞ്ഞ ഒരാള്‍ എങ്ങനെ സ്വാമിക്ക് തുല്യനാവും? അല്ലെങ്കില്‍ സ്വയം സ്വാമി തന്നെയാവും? അതെങ്ങനെ സാധിക്കാനാണ്?
എന്താണ് ഇതില്‍ പറയുന്ന ‘അത്’? സംസ്‌കൃതത്തിലെ ‘തത്’ (അത്) നീ (ത്വം) ആകുന്നു (അസി) എന്ന് അറിയുന്നതുകൊണ്ട് എന്താണു നേട്ടം? എന്റെ ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ സഹായകരമായി ഈ മഹാവാക്യത്തിന് എന്തു പ്രചോദനമാണ് നല്‍കാനാവുക?
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങള്‍ നമുക്ക് സ്വാമിഅയ്യപ്പന്റെ അവതാരകഥയില്‍ നിന്നും അതിനു പിറകിലുള്ള തത്ത്വചിന്തകളില്‍ നിന്നും മനസ്സിലാക്കാം. സ്വാമി അയ്യപ്പന്‍ ജനകോടികളുടെ, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലെ ജനങ്ങളുടെ ഇഷ്ടദേവതയാണ്. 41 ദിവസത്തെ മണ്ഡലകാലത്ത് വര്‍ഷം തോറും നാം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഈ അയ്യപ്പസംസ്‌ക്കാരം എന്തെന്ന് നമുക്ക് ആലോചിക്കാം.
41 ദിവസത്തെ തുടര്‍ച്ചയായ പരിശീലനം കൊണ്ട് ഒരു മനുഷ്യനില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഒരു മണ്ഡലകാലം തുടര്‍ച്ചയായി ചെയ്യുന്ന കാര്യങ്ങള്‍ നമ്മെ എങ്ങനെ സ്വാധീനിക്കും എന്നും നമുക്ക് പരിശോധിക്കാം.
കേരളത്തില്‍ വളരുന്ന, അയ്യപ്പസംസ്‌കാരത്തില്‍ ആകൃഷ്ടനായ ഒരുവനെ സംബന്ധിച്ചിടത്തോളം,
‘മണ്ഡലമായാല്‍ മന്മനമാകും
മന്ദിരമെല്ലാമണിഞ്ഞൊരുങ്ങും
മണികണ്ഠനയ്യന്‍ മനസ്സില്‍ നിറയും
മനമൊരുമലയിലെത്തും ശബരീ
മലയിലെന്‍ മനസ്സുമെത്തും’
എന്നാണ് ഓരോ മണ്ഡലകാലം തുടങ്ങുമ്പോഴുമുള്ള ഭാവം. ഇത് വെറും ഭക്തി മാത്രമാണോ?
(തുടരും)
ഡോ. സുകുമാര്‍, കാനഡ
പ്രതികരിക്കാൻ ഇവിടെ എഴുതുക: