ഫോസില്‍ ഇന്ധനവാഹനങ്ങളുടെ ഉത്പാദനം പൂര്‍ണമായും നിര്‍ത്താനൊരുങ്ങുകയാണ് അഞ്ചു കാര്‍ കമ്പനികള്‍. 2040ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേയ്‌ക്ക് മാറാനാണ് ഇ-വാഹന വമ്പന്മാരുടെ തീരുമാനം.
ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ സ്വീഡിഷ് കമ്പനിയായ വോള്‍വോ, യു.എസ്. വാഹന കമ്പനികളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഡെയിംലര്‍ എ.ജി.യുടെ മെഴ്‌സിഡസ് ബെന്‍സ്, ചൈനയില്‍ നിന്നുള്ള ബി.വൈ.ഡി, ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയാണ് തീരുമാനമറിയിച്ചത്. 2030ഓടെ പൂര്‍ണമായി വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്ന് വോള്‍വോ നേരത്തേ അറിയിച്ചിരുന്നു.
എന്നാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളായ ടൊയോട്ട മോട്ടോര്‍ കോര്‍പും, വോക്‌സ്‌വാഗന്‍ എ.ജി.യും പ്രതിജ്ഞയുടെ ഭാഗമായിട്ടില്ല. ഇത് കാര്‍ബണ്‍ സീറോ ലക്ഷ്യത്തെ പിന്നോട്ടടിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം 2040ഓടെ പുതിയ കാറുകളും വാനുകളും വായു മലിനീകരണരഹിതമാക്കുമെന്ന് ന്യൂസീലന്‍ഡും പോളണ്ടുമുള്‍പ്പെടെ നാലുരാജ്യങ്ങള്‍ കൂടി അറിയിച്ചു.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇലക്ട്രിക് വാഹന ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളായ ചൈനയും അമേരിക്കയും ഈ ഉദ്യമത്തില്‍ നിന്നും അകലേയാണ്. കാര്‍, ട്രക്ക്, ബസ്, കപ്പല്‍, വിമാനം എന്നിവ വഴി ഉണ്ടാകുന്നത് ലോകത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ നാലിലൊന്നിനടുത്താണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: