Categories: Kasargod

കാട്ടു പന്നിയുടെ ആക്രമണം രൂക്ഷം: ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം, മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികൾ ഭീതിയിൽ

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ മൂന്നിലാണ് കാട്ടു പന്നികള്‍. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍പ്പെടുത്തിയാലെ ഇല്ലായ്മ ചെയ്യാനാകൂ.

കാസര്‍കോട്: മലയോര മേഖലകളില്‍ കാട്ടു പന്നിയുടെ അക്രമണം രൂക്ഷമായതോടെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലായി മൂന്നുപേരാണ് കാട്ടു പന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 20ന് രാവിലെ വീടിനുസമീപം റബ്ബര്‍പാല്‍ എടുത്തു കൊണ്ടിരുന്ന ആനമഞ്ഞളിലെ മാടത്താനി ജോസിനെ പിന്നില്‍ നിന്നും വന്ന കാട്ടുപന്നി കുത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.  

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുടുംബനാഥനെ നഷ്ടപ്പെട്ടു. 2018 ഡിസംബര്‍ 29ന് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന മലോം കാര്യോട്ട് ചാലിലെ കൊടക്കല്‍ കൃഷ്ണനെ കാട്ടു പന്നി ഇടിച്ച് തെറിപ്പിച്ചു. റോഡില്‍ തെറിച്ച് വീണ കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂലി പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും അനാഥമായി. 2020 ഫെബ്രുവരി 28ന് വെസ്റ്റ് എളേരി അട്ടക്കാട് കൂട്ടക്കളം കോളനിയിലെ താഴത്തു വീട്ടില്‍ വെള്ളന്‍ എന്ന വയോധികനെ സ്വന്തം പറമ്പില്‍ വെച്ച് കാട്ടു പന്നി അക്രമിച്ചു. ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ വെള്ളനും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് വെള്ളരിക്കുണ്ട് പാത്തിക്കരയില്‍ കെ.യു.ജോണിനെ കാട്ടു പന്നി കുത്തി പരിക്കേല്‍പിച്ചത്. അക്രമണകാരിയായ പന്നിയെ ലൈലന്‍സുള്ള തോക്ക് കൊണ്ട് വെടിവെച്ചപ്പോഴാണ് പന്നിയുടെ അക്രമണം നേരിടേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ് ജോണ്‍ മംഗ്ലൂരുവില്‍ ചികിത്സമയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ പോലും കാട്ടുപന്നി ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്.  

വെള്ളരിക്കുണ്ട് ടൗണില്‍ സമീപം മെക്കാഡം റോഡിലൂടെ പന്നികള്‍ കൂട്ടമായത്തിയത് കഴിഞ്ഞ വര്‍ഷമാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ മൂന്നിലാണ് കാട്ടു പന്നികള്‍. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍പ്പെടുത്തിയാലെ ഇല്ലായ്മ ചെയ്യാനാകൂ. കൃഷിയെ നശിപ്പിക്കുന്ന കാട്ടു പന്നിയെ കൊല്ലാന്‍ കഴിഞ്ഞ ജൂലൈ 23നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയെ സമീപിച്ച മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ ചില കര്‍ഷകര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. നിലവില്‍ വനം വകുപ്പിന് മാത്രമേ കൊല്ലാന്‍ അനുവാദമുള്ളു.  

കാട്ടു പന്നിയെ ക്ഷുദ്രജീവിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖാപിക്കാതെ തുടര്‍ നടപടിയെടക്കാന്‍ സാധിക്കില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts