Categories: Kerala

പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ

മണികണ്ഠൻ കുറുപ്പത്ത്

Published by

 തൃശൂർ: സാധാരണക്കാർക്ക് പോലും അതികഠിനമായ കാർഗിൽ റൈഡും സോസ്സില്ല പാസുമൊക്കെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്തവർക്ക് പ്രാപ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഭിന്നശേഷിക്കാരനായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി സൂരജും (39), ഭാര്യ സൗമ്യയും (35). 

അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഭിന്നശേഷിക്കാരടങ്ങുന്ന “ഈഗിൽ സ്പെഷ്യലി ഏബിൾഡ് റൈഡേഴ്‌സ്” എന്ന സംഘടനയുടെ നേതൃത്വത്തിൽ ടീം ദൽഹി – ലഡാക്ക് കാർഗിൽ നടത്തിയ വനിതാ ശക്തീകരണത്തിന്റെ ഭാഗമായാണ് ഭിന്നശേഷി ആക്സസബിലിറ്റി ബോധവൽക്കരണ യാത്ര നടത്തിയത്. കേരള രജിസ്ട്രേഷൻ നമ്പറുള്ള സ്ക്കൂട്ടറുമായി സ്‌പൈനൽ ഇഞ്ചുറി സംഭവിച്ച് വീൽചെയറിലായ മലയാളി സൂരജും ഭാര്യ സൗമ്യയും ഇവരോടൊപ്പം ചേർന്നാണ് യാത്രകൾക്ക് പരിമതികൾ പ്രശ്നമല്ലെന്ന് തെളിയിക്കുന്നത്.

സൈഡ് വീലുകൾ ഘടിപ്പിച്ച 10 സ്കൂട്ടറുകളിൽ ദൽഹിയിൽ നിന്ന് കാർഗിലിലേക്ക് യാത്ര ചെയ്ത് വാർ മെമോറിയലിൽ ഇന്ത്യൻ പതാക വീശിയ 14അംഗ സംഘം ദൽഹിയിൽ തിരിച്ചെത്തുമ്പോൾ 12ദിവസം കൊണ്ട് താണ്ടിയ ദൂരം 2500കിലോമീറ്റർ ആണ്.  ഈ യാത്രയിൽ ഇവർക്ക് ലഭിച്ചത് ലോക റെക്കോർഡാണ്. വേൾഡ്സ് ഹൈയസ്റ്റ് അസെസ്സിബിൾ അവയർനസ് റൈഡ് നടത്തിയതിന് ജമ്മുവിൽ വച്ച് എഎച്ച്സിഎഫ് ഗ്ലോബൽ ബുക്ക് ഓഫ് റെക്കോഡും ഈ ദമ്പതികൾ കരസ്ഥമാക്കി.  

വാഹനം പണിമുടക്കിയെങ്കിലും പതറാതെ മുന്നോട്ട്

ഒക്ടോബർ 10 ന്  യാത്ര തിരിച്ച സംഘം ഒക്‌ടോബർ 21 നാണ് തിരികെയെത്തിയത്. സാഹസികമായ യാത്ര നടത്തി കാർഗിൽ യുദ്ധസ്മാരകത്തിലെത്തി ഇവർ ഇന്ത്യൻ പതാക വീശി. വീണ്ടും ദുഷ്കരമായ പാതയിലൂടെ സഞ്ചരിച്ച് പാക്കിസ്ഥാൻ ബോർഡർ കണ്ടാണ് മടങ്ങിയത്. പോകുന്ന വഴിക്കൊക്കെ സ്‌കൂട്ടർ പണി മുടക്കി എങ്കിലും ടീംലീഡർ അമീറും ഹേമന്തും അടക്കം ഉള്ളവർ നൽകിയ ആത്മവിശ്വാസത്തിൽ വീണ്ടും യാത്ര തുടർന്നു. ദീർഘദൂര യാത്രയിൽ വീൽചെയറിന്റെ ടയർ കത്തി ഉരുകിപോയതും ബ്രെക്ക് ഒടിഞ്ഞു പോയതും രണ്ട് തവണ സ്‌കൂട്ടർ ബെൽറ്റ്‌ പൊട്ടി വഴിയിൽ പെട്ടു വലിച്ചു കൊണ്ടുപോകേണ്ടി വന്ന സാഹചര്യത്തിൽ പോലും മനസ്സ് തളരാതെ യാത്രയെ വിജയത്തിൽ എത്തിച്ചത് ഭിന്നശേഷി സമൂഹത്തിന്റെ സമ്പൂർണ്ണ ആക്സസബിലിറ്റി എന്ന സ്വപ്നം സമൂഹം ഏറ്റെടുത്ത് യാഥാർഥ്യത്തിൽ എത്തിക്കാൻ വേണ്ടി തന്നെയാണ് എന്ന്  

കേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ വോയ്‌സ് ഓഫ് ഡിസേബിൾഡിന്റെ ജനറൽ സെക്രട്ടറി കൂടിയായ സൂരജ് ഓർമ്മപ്പെടുത്തുന്നു.

ആരോഗ്യരംഗത്തെ അത്ഭുതം

നട്ടെല്ലിന് പരിക്കേറ്റവർ തുടർച്ചയായി 25 കിലോമീറ്റർ പോലും മുചക്രവാഹനം ഓടിക്കൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതുമ്പോഴും ടീമിലെ ഏക സ്‌പൈനൽ ഇഞ്ചുറിക്കാരനായ സൂരജ് ഇത്രയും ദൂരം സ്കൂട്ടറിൽ ഭാര്യയുമൊത്ത് സഞ്ചരിച്ചത് അത്ഭുതകരമാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ സൂരജിന് 2012 ൽ കൊല്ലത്തു വച്ച് ഉണ്ടായ കാർ അപകടത്തിലാണ് സ്‌പൈനൽ കോഡ് വലിഞ്ഞതിനെ തുടർന്ന് അരക്ക് കീഴ്പ്പോട്ട് ചലന ശേഷി നഷ്ടപ്പെട്ടത്. സൗദിയിൽ ബിസിനസ് ചെയ്തിരുന്നത് ഇതോടെ നിർത്തി. 2013 ലാണ് കിഴക്കൻ ദൽഹിയിൽ സ്ഥിരതാമസക്കാരിയായ സൗമ്യയെ വിവാഹം കഴിക്കുന്നത്. 2017 മുതൽ പേപ്പർ പേനകൾ, ഫയലുകൾ, കലണ്ടർ തുടങ്ങിയ ഇക്കോ ഫ്രണ്ട്ലി ഹോം മെയ്ഡ് പ്രോഡക്റ്റുകളുടെ നിർമ്മാണം ആരംഭിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമായി 2500 ലധികം പേർക്ക് ട്രെയിനിങ്ങ് കൊടുക്കുന്നതും സൂരജാണ്.

ദൽഹി വരെ സ്കൂട്ടർ ട്രെയിനിലെത്തിച്ചു. ദൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സ്വദേശികളായിരുന്നു കാർഗിലിലേക്ക് സഹയാത്രികർ. പത്ത് പുരുഷന്മാരും നാല് സ്ത്രീകളും ആയിരുന്നു സംഘത്തിൽ. കൂട്ടത്തിൽ ശാരീരിക വിഷമതകൾ ഏറെയുള്ളത് സൂരജിനായിരുന്നു. വടികുത്തി നടക്കുന്നവർ തുടങ്ങി മുട്ടിലിഴയുന്നവർ വരെ തങ്ങളുടെ ഉരുക്ക് മനസിന്റെ ബലത്തിൽ എത്തിയവരാണ്.

ഉദാത്ത മാതൃക

6 വർഷം മുമ്പ് എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി നൽകിയ പ്രത്യേകം തയ്യാറാക്കിയ നാല് ചക്രമുള്ള മഹീന്ദ്ര ഡ്യൂറോ സ്കൂട്ടറിലാണ് സൂരജ് തന്റെ യാത്രാ മോഹം പൂവണിയിച്ചത്. കഴിഞ്ഞ വർഷം ദൽഹിയിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് 800 കി.മി. ദൂരം 5 ദിവസം കൊണ്ട് സൂരജ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നു. ഇപ്പോഴുള്ള വാഹനത്തിന്റെ കാര്യക്ഷമത കുറഞ്ഞതിനാൽ പുതിയൊരു വാഹനത്തിന് സ്പോൺസറെ തേടുകയാണ് സൂരജ്. അടുത്തു തന്നെ ഇന്ത്യ നേപ്പാൾ ഭൂട്ടാൻ ട്രിപ്പ് സ്കൂട്ടറിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി സൂരജും സൗമ്യയും പറഞ്ഞു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക