ന്യൂദല്‍ഹി: മോദി വിരുദ്ധത മാത്രം കൈമുതലായുള്ള ദല്‍ഹിയിലെ മാധ്യമകേന്ദ്രങ്ങള്‍ ഇന്ത്യയുടെ വാക്സിനേഷന് പരാജയത്തിലേക്കെന്ന് പ്രവചിച്ച് തുടര്‍ച്ചയായ വാര്‍ത്തകള്‍ കൊണ്ടാടിയപ്പോള്‍ കേന്ദ്രസര്‍ക്കാരും ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരും നിശ്ശബ്ദം അവരുടെ ദൗത്യം നിര്‍വഹിക്കുകയായിരുന്നു. ഇന്നതിന് ഫലമുണ്ടായി. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വെറും ഒന്‍പത് മാസം കൊണ്ട് ഇന്ത്യ നൂറുകോടി വാക്സിനേഷന് പൂര്‍ത്തീകരിച്ചു. കൊവിഡ് മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ ലോക സമ്പദ്രംഗത്തിന് മുന്നില്‍ ഇന്ത്യന്‍ വികസനക്കുതിപ്പ് ആശ്ചര്യമാകുന്നതും വാക്സിനേഷന് വഴി ലഭിച്ച അതിജീവനത്തിന്റെ ശക്തിമൂലമാണ്.
മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് നല്കാന് ഇന്ത്യയ്ക്ക് പന്ത്രണ്ട് വര്‍ഷം വേണ്ടിവരുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നും നാലും പതിറ്റാണ്ടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ പോളിയോ വാക്സിനേഷന് പ്രക്രിയ ഉദാഹരിച്ചുകൊണ്ടായിരുന്നു ഇത്. ജനങ്ങളോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ജനകോടികള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസവുമാണ് വലിയ നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ചത്.
അവ്യക്തമായ കണക്കുകള്‍ മാത്രം ലോകത്തിന് നല്കുന്ന ചൈന മാത്രമാണ് 100 കോടി വാക്സിന് നേട്ടത്തില്‍ ഇന്ത്യയ്ക്കു മുന്നിലുള്ള ഏക രാജ്യം. ജനുവരി മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ചിട്ടയായ നടപടികളുടെ ഫലമാണ് ഡിസംബര്‍ അവസാനത്തേക്ക് ലക്ഷ്യമിട്ട 100 കോടി വാക്സിന് എന്ന ലക്ഷ്യം രണ്ടര മാസം മുമ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
130 കോടിയിലേറെ ജനസംഖ്യയല്ല, ഭൂമിശാസ്ത്രപരമായ പ്രതിസന്ധികളായിരുന്നു സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വെല്ലുവിളി. രണ്ടാംതരംഗം ആഞ്ഞടിച്ചപ്പോള്‍ അതിവേഗത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിലും ഇത് വിഷമതകള്‍ സൃഷ്ടിച്ചു. സാധാരണ രാജ്യത്തുല്‍പ്പാദിപ്പിക്കുന്ന പ്രതിദിന ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ 900 മെട്രിക് ടണ്‍ ആയിരുന്നെങ്കില്‍ അതിന്റെ പത്തിരട്ടി ഓക്സിജനാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഉല്പ്പാദിപ്പിക്കേണ്ടിവന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി വാക്സിനേഷന് പ്രക്രിയയില്‍ പങ്കാളിത്തം വേണമെന്ന ആവശ്യമുയര്‍ന്നപ്പോഴാണ് വാക്സിന് കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ കേന്ദ്ര സബ്സിഡി ഇല്ലാതെ വാക്സിന് വാങ്ങാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവാതെ വന്നതോടെ വാക്സിന്റെ സമ്പൂര്‍ണ്ണ സൗജന്യ വിതരണം കേന്ദ്രസര്‍ക്കാര്‍ തന്നെ വീണ്ടും ഏറ്റെടുത്തു. ഇതോടെ വാക്സിനേഷന്റെ പ്രതിദിന ശരാശരി 61 ലക്ഷമായി വര്‍ധിച്ചു. ഒന്‍പത് മാസത്തെ വാക്സിനേഷന് പ്രതിദിന ശരാശരി 35 ലക്ഷമാണ്. തദ്ദേശീയമായി ഉത്പാദിപ്പിച്ച കൊവിഷീല്‍ഡ്, കൊവാക്സിന് എന്നിവ എല്ലാ അര്‍ത്ഥത്തിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവന്‍രക്ഷാ മരുന്നായി മാറി. ഇന്ത്യയ്ക്ക് പുറമേ വാക്സിനെത്തിച്ചേരാത്ത നൂറോളം രാജ്യങ്ങള്‍ക്ക് സൗജന്യമായും ഇന്ത്യ വാക്സിനുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: