Categories: ABVP

‘പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണം’; എബിവിപി പ്രതിനിധിസംഘം വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തി

Published by

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകളും, നിലവിലെ മറ്റ് വിദ്യാഭ്യാസ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതിയിലെത്തി എബിവിപി സംസ്ഥാന സെക്രട്ടറി  എം.എം.ഷാജി, ദേശീയ നിര്‍വാഹക സമിതിയംഗം ടി.വിഷ്ണു ഗോമുഖം, സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘം ചര്‍ച്ച നടത്തി.

പ്ലസ് വണ്‍ പഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ട വിഷയത്തിന് അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിച്ചു കൊണ്ട് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എബിവിപി ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ തുറക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍, യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ തയ്യാറാകണമെന്നും, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഗതാഗത സൗകര്യം ഉറപ്പു വരുത്തണമെന്നും, വിദ്യാര്‍ത്ഥികളുടെ അവകാശമായ കണ്‍സഷന്‍ സിസ്റ്റം പുന:സ്ഥാപിക്കണമെന്നും ചര്‍ച്ചയില്‍ എബിവിപി ആവശ്യപ്പെട്ടു.

പ്രസ്തുത വിഷയങ്ങളില്‍ അടിയന്തരമായി വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും, വിദ്യാര്‍ത്ഥികളുടെ കണ്‍സഷനുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന്തന്നെ ഗതാഗത മന്ത്രിയുമായും, പ്രൈവറ്റ് ബസ് ഉടമകളുടെ യൂണിയനുമായും ചര്‍ച്ച നടത്തി പരിഹാരം കാണാമെന്നും  വിദ്യാഭ്യാസമന്ത്രി ഉറപ്പ് നല്‍കിയെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts